കൊല്ലം: സ്ത്രീധനത്തിന്‍റെ പേരിൽ നവവധുവിനെ ഭർത്താവ് ക്രൂരമർദ്ദനത്തിന് ഇരയാക്കി എന്ന് പരാതി. കൊല്ലം കുണ്ടറ സ്വദേശിയായ യുവതിയാണ് ഭർത്താവ് തന്നെ ക്രൂരമായി മർദ്ദിച്ചെന്ന പരാതിയുമായി എത്തിയത്.kollam kundara case for dowry
സ്ത്രീധനത്തിന്‍റെ പേരിൽ തന്നെ വിവാഹം കഴിഞ്ഞ് അഞ്ചാംനാൾ മുതൽ മർദ്ദിച്ചെന്നാണ് യുവതിയുടെ ആരോപണം. ഭർത്താവ് നിതിനെതിരെ കുണ്ടറ പൊലീസ് കേസെടുത്തു. എന്നാൽ, ആരോപണങ്ങൾ നിതിന്‍റെ കുടുംബം നിഷേധിച്ചു.
നവംബർ 25 നാണ് 10 വർഷത്തെ പ്രണയത്തിന് ഒടുവിൽ കുണ്ടറ സ്വദേശികളായ യുവതിയുടെയും നിതിന്‍റെയും വിവാഹം നടന്നത്.
തന്നെ ശരീരമാസകലം അടിക്കുകയും കഴുത്ത് ഞെരിക്കുകയും ചെയ്തെന്ന് യുവതി പറയുന്നു. സ്വര്‍ണം കൊണ്ടുവരാൻ പറഞ്ഞ് തന്നെ അടിച്ചിരുന്നുവെന്നും കഴുത്തിന് കുത്തിപ്പിടിച്ച് ശ്വാസമുട്ടിച്ചുവെന്നും യുവതി പറഞ്ഞു. 29ാം തീയതി പരിക്കുകളോടെ ആശുപത്രിയിൽ ചികിത്സ തേടി. ആശുപത്രിയിൽ വെച്ച് സഹോദരനെ ഭർത്താവ് ആക്രമിച്ചെന്നും യുവതി പറയുന്നു. യുവതി നൽകിയ പരാതിയിൽ കുണ്ടറ പൊലീസ് നിതിനെതിരെ കേസെടുത്തു.