ന്യൂഡല്‍ഹി:പശ്ചിമ ബംഗാളില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിന് പിന്നാലെ രാജ്യത്തെ മെഡിക്കല്‍ കോളജുകളില്‍ സുരക്ഷ ഉറപ്പാക്കാന്‍ മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി കേന്ദ്രം.Kolkata doctor rape murder Family narrates August 9 gut wrenching details
അതേസമയം സംഭവത്തില്‍ അന്വേഷണത്തിനായി സിബിഐ സംഘം എത്തി.
ഡല്‍ഹിയില്‍ നിന്നുള്ള സംഘമാണ് കൊല്‍ക്കത്തിയിലെത്തിയത്. ഇവർക്കൊപ്പം ഫോറൻസിക് , മെഡിക്കല്‍ വിദഗ്‌ധരുമുണ്ട്. സംഭവസ്ഥലം സന്ദർശിച്ചശേഷം ഇവർ കൊല്‍ക്കത്ത പൊലീസുമായി വിശദമായ കൂടിക്കാഴ്ച നടത്തിയേക്കും എന്നും റിപ്പോർട്ടുണ്ട്. സംഭവത്തിന്റെയും ഇതുവരെയുള്ള അന്വേഷണത്തിന്റെയും പുരോഗതി വിലയിരുന്നതിനാണിത്.
ഇന്നലെ കേസ് സിബിഐയ്ക്ക് വിടാൻ കല്‍ക്കട്ട ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ഹൈക്കോടതിയുടെ ഉത്തരവ് വന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ സിബിഐ അന്വേഷണം ഏറ്റെടുക്കുകയായിരുന്നു.
അതിനിടെ പ്രതി സഞ്ജയ് റോയ് ബോക്‌സാറാണെന്ന വിവരം പുറത്തുവന്നു. നാലുവിവാഹം കഴിച്ചെങ്കിലും കൊടിയ പീഡനം സഹിക്കാൻ കഴിയാതെ ഭാര്യമാർ ഇയാളെ ഉപേക്ഷിക്കുകയായിരുന്നു എന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
അതേസമയം കൊല്ലപ്പെട്ട വനിതാ ഡോക്ടറുടെ കുടുംബത്തോട് ആദ്യഘട്ടത്തിൽ പോലീസ് അറിയിച്ചത് മകൾ ആത്മഹത്യ ചെയ്തു എന്നായിരുന്നുവെന്ന് കുടുംബം പറയുന്നു. . എന്നാൽ മൂന്ന് മണിക്കൂറോളം ആരേയും അകത്ത് കടത്താതെ പുറത്ത് കാത്ത് നിർത്തിയെന്നും കുടുംബം ആരോപിച്ചു.
തുടർന്നു മൂന്ന് മണിക്കൂറിന് ശേഷം അകത്തോട്ട് പോകാൻ പിതാവിന് അവർ അനുമതി നൽകി. അകത്തേക്ക് പോയി തിരിച്ചെത്തിയ പിതാവിന്റെ ഫോണിൽ മകളുടെ ഫോട്ടോ എടുക്കാൻ അനുവദിച്ചിരുന്നു. അവളുടെ ശരീരത്തിൽ വസ്ത്രങ്ങളുണ്ടായിരുന്നില്ല. അവളുടെ കാലുകൾ 90 ഡിഗ്രിയിൽ വളഞ്ഞിട്ടായിരുന്നു ഉണ്ടായിരുന്നത്. ഇടുപ്പെല്ല് പൊട്ടാതെ ഇത്തരത്തിൽ സംഭവിക്കില്ല- ഡോക്ടറുടെ ബന്ധു ഇന്ത്യ ടുഡേയോട് പറഞ്ഞു.