വയനാട് :4.34 കോടി രൂപയുടെ സ്വത്തുക്കള്‍ പുല്പള്ളി സര്‍വീസ് സഹകരണബാങ്ക് വായ്പത്തട്ടിപ്പ് കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടെടുത്തു. ബാങ്കിന്റെ മുന്‍ പ്രസിഡന്റും കെ.പി.സി.സി. മുന്‍ ജനറല്‍ സെക്രട്ടറിയുമായ കെ.കെ. അബ്രാഹാമിന്റെ സ്വത്തുക്കളാണ് ഇഡി കണ്ടെടുത്തത്.
അബ്രഹാമിനെ കൂടാതെ മറ്റ് ബോര്‍ഡ് അംഗങ്ങളുടേയും മുന്‍ സെക്രട്ടറിയുടേയും സ്വത്തുക്കളും,സജീവന്‍ കെ.ടി. എന്ന സ്വകാര്യ വ്യക്തിയുടെ സ്വത്തുക്കളും ഇതില്‍ ഉള്‍പ്പെടും. ഇ.ഡി നേരത്തെ തന്നെ കേസല്‍ ഒന്നാംപ്രതിയായ കെ.കെ. അബ്രഹാമിനെ അറസ്റ്റ് ചെയ്തിരുന്നു. ഇപ്പോള്‍ റിമാന്‍ഡിൽ തുടരുകയാണ് ഇദ്ദേഹം. കോടികളുടെ വായ്പത്തട്ടിപ്പ് പുല്പള്ളി സര്‍വീസ് സഹകരണബാങ്കിന്റെ മുന്‍ഭരണസമിതിയുടെ കാലത്ത് നടന്നിരുന്നു എന്ന പരാതിയെ തുടർന്നാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം തുടങ്ങിയത്. കഴിഞ്ഞ ഫെബ്രുവരിയിലാണ് എന്‍ഫോഴ്‌സ്മെന്റ് ഡയറക്ടറേറ്റ് അന്വേഷണം ആരംഭിച്ചത്. മുൻപ് ബാങ്കില്‍ എട്ടുകോടി രൂപയിലേറെ തട്ടിപ്പ് നടന്നതായി സഹകരണവകുപ്പും വിജിലന്‍സും നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ലോക്കല്‍ പോലീസും വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ചെയ്തിട്ടുണ്ട്. ഇ ഡി ഉദ്യോഗസ്ഥര്‍ ജൂണ്‍ ആദ്യവാരം വായ്പത്തട്ടിപ്പുമായി ബന്ധപ്പെട്ട് പുല്പള്ളി സഹകരണബാങ്കിലും പ്രതികളുടെ വീടുകളിലും പരിശോധന നടത്തിയിരുന്നു.
വായ്പത്തട്ടിപ്പിനിരയായ കര്‍ഷകന്‍ കേളക്കവല കിഴക്കെ ഇടയിലാത്ത് രാജേന്ദ്രന്‍ നായര്‍ ആത്മഹത്യ ചെയ്തതോടെയാണ് ഇ.ഡി. അന്വേഷണം ഊര്‍ജിതമാക്കിയത്. കെ.കെ. അബ്രഹാം കെ.പി.സി.സി. ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചത് വായ്പത്തട്ടിപ്പ് കേസില്‍ റിമാന്‍ഡിലായതിനെത്തുടര്‍ന്നാണ് . കെ.കെ. അബ്രഹാം ഉള്‍പ്പെടെയുള്ള ഭരണസമിതിയംഗങ്ങളും ജീവനക്കാരുമടക്കം പത്തു പ്രതികളാണുള്ളത് വിജിലന്‍സ് രജിസ്റ്റര്‍ചെയ്ത കേസില്‍.