ടെഹ്റാൻ: മുസ്ലീങ്ങള്‍ക്ക് പൊതുശത്രു ഉണ്ടെന്നും എല്ലാവരും ഒത്തുചേർന്ന് ആ ശത്രുവിനെ നശിപ്പിക്കണമെന്നും ആഹ്വാനം ചെയ്ത് ഇറാന്റെ സുപ്രീംലീഡർ.
Khamenei said that Muslims should unite and defeat the common enemy
ഇസ്രായേല്‍ വധിച്ച ഹിസ്ബുള്ള തലവൻ ഹസ്സൻ നസറുള്ളയെ അനുസ്മരിച്ച് പ്രഭാഷണം നടത്തുന്നതിനിടെയായിരുന്നു ഇറാന്റെ പരമോന്നത നേതാവായ ആയത്തുള്ള അലി ഖമേനിയുടെ പരാമർശം. ടെഹ്‌റാനില്‍ വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്കായി ഒത്തുകൂടിയതിന് പിന്നാലെയായിരുന്നു സുപ്രീംലീഡറുടെ വാക്കുകള്‍.
ഇസ്ലാമിക ഭരണകൂടങ്ങള്‍ പരസ്പരം ഐക്യദാർഢ്യം പുലർത്തണമെന്നതാണ് ഖുറാന്റെ നയമെന്ന് ഖമേനി ഓർമിപ്പിച്ചു. നിങ്ങള്‍ ഐക്യദാർഢ്യപ്പെടാൻ തയ്യാറെങ്കില്‍, ദൈവത്തിന്റെ അംഗീകാരം നിങ്ങള്‍ക്കുള്ളതാണ്, ശത്രുക്കളുടെ മേല്‍ നിങ്ങള്‍ക്ക് വിജയം കൈവരിക്കാൻ കഴിയുമെന്നും ഇറാന്റെ പരമോന്നത നേതാവ് പറഞ്ഞു.
ഒക്ടോബർ ഏഴിന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണം നീതിപൂർവമായിരുന്നുവെന്ന വിചിത്രവാദവും ഖമേനി ഉയർത്തി. സമാനരീതിയില്‍, നിയമാനുസൃതമായ ആക്രമണമാണ് ഇസ്രായേലിനെതിരെ ഇറാൻ നടത്തിയതെന്നും ഖമേനി വാദിച്ചു.
അഞ്ച് വർഷത്തിന് ശേഷമാണ് ഇറാന്റെ പരമോന്നത നേതാവ് വെള്ളിയാഴ്ച പ്രാർത്ഥനയ്‌ക്ക് നേതൃത്വം നല്‍കിയത്. ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിന്റെ കമാൻഡറായിരുന്ന ഖാസിം സുലൈമാനിയുടെ വധത്തെതുടർന്നായിരുന്നു ഒടുവില്‍ ഇത്തരമൊരു വെള്ളിയാഴ്ച പ്രാർത്ഥന ഖമേനി നടത്തിയത്.
നിലവില്‍ ഹിസ്ബുള്ള തലവന്റെ വധം സ്ഥിരീകരിച്ച സാഹചര്യത്തിലാണ് വീണ്ടുമൊരു വെള്ളിയാഴ്ച നമസ്കാരത്തിന് 5 വർഷത്തിന് ശേഷം ഖമേനി നേതൃത്വം നല്‍കിയത്. പ്രഭാഷണം കേള്‍ക്കാൻ ടെഹ്‌റാനിലെ ഗ്രാൻഡ് മോസ്‌ക്കില്‍ നിരവധി ഇസ്ലാം മതവിശ്വാസികള്‍ ഒത്തുകൂടിയിരുന്നു.