തൃശൂര്‍: തൃശ്ശൂര്‍ ശ്രീ കേരളവര്‍മ്മ കോളേജില്‍ ചെയര്‍മാൻ തെരഞ്ഞെടുപ്പില്‍ റീകൗണ്ടിങ്ങിലൂടെ എസ്‌എഫ്‌ഐ വിജയിച്ചത് വലിയ വിവാദത്തിന് വഴിവച്ചിരിക്കുകയാണ്. റീകൗണ്ടിങ്ങിലാണ് 11 വോട്ട് ഭൂരിപക്ഷത്തിൽ എസ്എഫ്ഐ സ്ഥാനാര്‍ഥി അനിരുദ്ധന്‍ ജയിച്ചത്. ആദ്യം വോട്ടെണ്ണിയപ്പോള്‍ കെഎസ്‌യു സ്ഥാനാര്‍ഥി ശ്രീക്കുട്ടന്‍ ഒരു വോട്ടിന് വിജയിച്ചിരുന്നു. കേരള വര്‍മ്മ കോളേജിന്‍റെ 41 വര്‍ഷത്തെ ചരിത്രത്തിൽ ആദ്യമായാണ് കെഎസ്‌യു സ്ഥാനാര്‍ഥി ജയിച്ചെന്ന വാർത്തയെത്തിയത്. ഇതോടെ ആവേശഭരിതരായ കെഎസ്‌യു പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങിയിരുന്നു.
പിന്നാലെ എസ്എഫ്ഐ റീ കൗണ്ടിണ്ട് ആവശ്യപ്പെട്ടു. റീകൗണ്ടിങ്ങിൽ എസ്എഫ്ഐ സ്ഥാനാർത്ഥിയായ അനിരുദ്ധൻ 11 വോട്ട് ഭൂരിപക്ഷത്തിൽ ചെയർമാനായി ജയിക്കുകയായിരുന്നു. പൊളിറ്റിക്കല്‍ സയന്‍സില്‍ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥിയായ ശ്രീക്കുട്ടൻ കാഴ്ച പരിമിതിയുള്ള വിദ്യാര്‍ഥിയാണ്.
കേരളവർമ കോളജിലെ യൂണിയൻ തിരഞ്ഞെടുപ്പ് എസ്എഫ്ഐ അട്ടിമറിച്ചെന്നാരോപിച്ച് നിയമനടപടിക്കൊരുങ്ങുകയാണ് കെഎസ് യു. തുല്യ വോട്ടുകൾ വന്നപ്പോൾ റീ കൗണ്ടിങ് നടത്തിയെന്നും 11 വോട്ടിന് ജയിച്ചെന്നുമാണ് എസ്എഫ്ഐ വാദം. എസ്എഫ്ഐ തിരഞ്ഞെടുപ്പ് അട്ടിമറിച്ചെന്ന് ആരോപിച്ച് കെഎസ്‌യു തിരഞ്ഞെടുപ്പ് ബഹിഷ്കരിച്ച് ക്യാമ്പസിൽ നിന്നും ഇറങ്ങിപ്പോയിരുന്നു.
രാത്രി ഏറെ വൈകിയാണ് കൗണ്ടിങ് അവസാനിച്ചത്. തിരഞ്ഞെടുപ്പ് നിർത്തിവയ്ക്കാൻ പ്രിൻസിപ്പൽ ആവശ്യപ്പെട്ടെങ്കിലും റിട്ടേണിംഗ് ഓഫീസർ അതിന് തയ്യാറായിരുന്നില്ല. കൗണ്ടിങ് ടേബിളിലെ അധ്യാപകരെ എസ്എഫ്ഐ ഭീഷണിപ്പെടുത്തിയതായും കെഎസ്‌യു ആരോപിച്ചു.
തിരഞ്ഞെടുപ്പ് അട്ടിമറിയിൽ പ്രതിഷേധം ശക്തമാക്കാൻ കെ എസ് യു സംസ്ഥാന കമ്മിറ്റി. പ്രതിഷേധ സമരത്തിൻ്റെ ഭാഗമായി കെ എസ് യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ഇന്ന് വൈകിട്ട് 7മണി മുതൽ തൃശൂർ കോർപ്പറേഷന് ഓഫീസിന് സമീപം അനിശ്ചിതകാല നിരാഹാര സമരം നടത്തും.
അതേസമയം, കേരളവർമ്മ കോളേജിലെ എസ്എഫ്ഐ വിജയം അട്ടിമറിയെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ ആരോപിച്ചു. വിജയം അംഗീകരിക്കാതെ എസ്എഫ്ഐ പാതിരാത്രിയിലും റീകൗണ്ടിംഗ് നടത്തി ജനാധിപത്യത്തെ അട്ടിമറിക്കുകയായിരുന്നുവെന്ന് വിഡി സതീശൻ പറഞ്ഞു. അതിന് രാഷ്ട്രീയ തിമിരം ബാധിച്ച ചില അധ്യാപകർ കൂട്ടുനിന്നെന്നും അദ്ദേഹം വിമർശിച്ചു. റീ കൗണ്ടിംഗ് സമയത്ത് രണ്ട് തവണ വൈദ്യുതി നിലച്ചു. ആ സമയത്ത് ഇരച്ചുകയറിയ എസ്എഫ്ഐ ക്രിമിനലുകൾ അവിടെ ജനാധിപത്യത്തെ കശാപ്പ് ചെയ്തു.
തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത് മുതൽ കെഎസ്‌യുന് തടയിടാൻ ശ്രമിച്ചവരാണ് കേരള വർമ്മയിലെ റിട്ടേണിംഗ് ഓഫീസറും അദ്ദേഹത്തെ നിയന്ത്രിക്കുന്ന ഡിവൈഎഫ്ഐ നിലവാരമുള്ള മറ്റൊരു അധ്യാപകനും. അധ്യാപകൻ എന്നത് മഹനീയമായ പദവിയാണ്. അത് സി.പി.എമ്മിന് വിടുപണി ചെയ്യാനുള്ളതല്ലെന്നും സതീശൻ പറഞ്ഞു.
എസ്എഫ്‌ഐ പ്രവർത്തകർ കോളേജുകളിലും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നടത്തുന്ന ഗുണ്ടായിസം കേരളത്തിൽ അങ്ങാടിപ്പാട്ടല്ലേയെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ പ്രതികരിച്ചു. എസ്എഫ്ഐയുടെ ഗുണ്ടായിസം കൊണ്ട് പ്രശ്നങ്ങളുണ്ടായത് നിരവധിയിടങ്ങളിലാണെന്നും അവർ എന്തു ചെയ്യാനും മനസ് കാണിക്കുന്നവരാണെന്നും കെ സുധാകരൻ മാധ്യമങ്ങളോട് പറഞ്ഞു. എസ്എഫ്ഐക്കാരുടെ അക്രമസ്വഭാവത്തെ പിന്തുണയ്ക്കുന്ന അധ്യാപകരുടെ രാഷ്ട്രീയം ഏറ്റവും അപകടകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിജയം അംഗീകരിക്കാത്തവര്‍ തിരഞ്ഞെടുപ്പില്‍ റീ കൗണ്ടിങ് ആവശ്യപ്പെടുന്നത് സാധാരണ കാഴ്ചയാണെങ്കിലും കേരളവര്‍മ്മയില്‍ സംഭവിച്ചത് ജനാധിപത്യ അട്ടിമറിക്കുന്ന നടപടിയാണന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി.വേണുഗോപാല്‍ എംപി പറഞ്ഞു .ഉന്നതരുടെ ഒത്താശയോടെ എസ്.എഫ്.ഐ നടത്തിയ ഫാസിസ്റ്റ് പ്രവര്‍ത്തനത്തിന് കോളേജില്‍ നിന്നും ഔദ്യോഗികമായ പിന്തുണ ലഭിച്ചു എന്ന ആരോപണം വളരെ ഗൗരവതരമാണെന്നും വേണുഗോപാല്‍ ചൂണ്ടിക്കാട്ടി.
അതേസമയം കുട്ടികൾ പരാതി തന്നാൽ റീ ഇലക്ഷന് സാധ്യതയുണ്ടെന്ന് കേരളവർമ്മ പ്രിൻസിപ്പൽ ഡോ. ശോഭ ടി ഡി. റീപോളിംഗ് സംബന്ധിച്ച് കുട്ടികൾ പരാതി തന്നാൽ അധ്യാപകരുമായി കൂടിയാലോചിച്ച തീരുമാനിക്കും. ഔദ്യോഗികമായി സത്യപ്രതിജ്ഞ നടന്നിട്ടില്ല. റിട്ടേണിങ് ഓഫീസറുടെ നേതൃത്വത്തിലായിരുന്നു സത്യപ്രതിജ്ഞ. അത് ഔദ്യോഗികമായ സത്യപ്രതിജ്ഞയായി കണക്കാക്കുന്നില്ല. സത്യപ്രതിജ്ഞക്ക് തനിക്ക് ക്ഷണം ഉണ്ടായിരുന്നില്ലെന്നും പ്രിൻസിപ്പൽ പറഞ്ഞു. റിട്ടേണിങ് ഓഫീസർക്കാണ് റികൗണ്ടിങ് ചാർജ്. റികൗണ്ടിങ് നിർത്തിവെക്കാൻ താൻ ആവശ്യപ്പെട്ടു. എന്നാൽ കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് റികൗണ്ടിങ് നടത്താൻ വിളിച്ചു പറഞ്ഞു. കൊച്ചിൻ ദേവസ്വം ബോർഡ് പ്രസിഡന്റ് ഇടപെട്ടതുകൊണ്ട് മാത്രമാണ് റികൗണ്ടിങ് നടത്തിയതെന്നും ഡോ. ശോഭ ടി ഡി പറഞ്ഞു.
പ്രിന്‍സിപ്പലിനെ താന്‍ വിളിച്ചിട്ടുണ്ടെന്നും കുട്ടികള്‍ വിളിച്ച് പരാതി പറഞ്ഞപ്പോഴാണ് പ്രിന്‍പ്പലിനെ വിളിച്ചതെന്നും കൊച്ചിന്‍ ദേവസ്വം പ്രസിഡന്റ് പറഞ്ഞു. “എന്താണ് വിഷയം എന്നന്വേഷിക്കുകയാണ് ചെയ്തത്. ദേവസ്വം ബോര്‍ഡിന് കീഴിലാണ് കോളേജ് എന്നതുകൊണ്ടാണ് വിളിച്ച് അന്വേഷിച്ചത്. സര്‍വകലാശാല ചട്ടങ്ങള്‍ പാലിക്കണമെന്ന് ആവശ്യപ്പെട്ടു. നിയമപരമായി വോട്ടെണ്ണല്‍ നടത്താനും നിര്‍ദേശിച്ചു”, എം കെ സുദര്‍ശന്‍ പറഞ്ഞു.
കാലിക്കറ്റ് സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ കാലങ്ങളായി ജയിച്ചിരുന്ന പല കോളേജുകളും കെഎസ്‌യു പിടിച്ചെടുത്തു. എന്നാൽ കൂടുതൽ കോളജുകളിൽ ഭരണം നേടിയെന്ന് എസ്എഫ്ഐ അവകാശപ്പെടുന്നു. പാലക്കാട് വിക്ടോറിയ കോളേജിൽ 23 വർഷത്തിനു ശേഷവും പട്ടാമ്പി ഗവൺമെന്റ് കോളേജിൽ 42 വർഷത്തിനു ശേഷവും കോഴിക്കോട് ഗൂരുവായൂരപ്പൻ കോളജിൽ 28 വര്‍ഷത്തിന് ശേഷവും കെഎസ് യു ജയിച്ചു.
മഞ്ചേരി എൻഎസ്എസ് കോളജും നീണ്ട കാലയളവിന് ശേഷം കെഎസ്‌യുവിന് കിട്ടി. പാലക്കാട്ട് കോളേജുകളിൽ കെഎസ്‌യു മുന്നേറ്റം അവകാശപ്പെട്ടു. മലപ്പുറത്ത് എംഎസ്എഫ് മുന്നേറ്റം അവകാശപ്പെട്ടപ്പോള്‍ കോഴിക്കോട്ട് 42 കോളജുകളിലും തൃശ്ശൂരിൽ 14 കോളജുകളിലും വിജയിച്ചതായി എസ്എഫ്ഐ അറിയിച്ചു.
അതേസമയം കോഴിക്കോട് കുന്ദമംഗലം ഗവണ്മെന്‍റ് കോളേജിൽ വോട്ടെണ്ണലിനിടെ ഉണ്ടായ സംഘർഷത്തെതുടര്‍ന്ന് വീണ്ടും തെരഞ്ഞെടുപ്പ് നടത്തും. സംഘര്‍ഷത്തില്‍ എസ്എഫ്ഐ-കെഎസ് യു പ്രവര്‍ത്തക്കെതിരെയും കോളജ് അധികൃതര്‍ നടപടിയെടുത്തു. സംഭവത്തില്‍ എസ് എഫ് ഐ, കെ എസ് യു സംഘടനകളില്‍ ഉള്‍പ്പെട്ട പത്തു വിദ്യാര്‍ത്ഥികളെ സസ്‌പെൻഡ് ചെയ്തു. സംഘര്‍ഷവുമായി ബന്ധപ്പെട്ട് കുന്ദമംഗലം പൊലീസ് കേസെടുത്തിട്ടുണ്ട്.
കുന്നമംഗലം ഗവൺമെന്‍റ് കോളേജ് തെരഞ്ഞെടുപ്പ് വീണ്ടും നടത്തണം എന്നാവശ്യപ്പെട്ട് കാലിക്കറ്റ് സർവകലാശാലയെ സമീപിച്ചെന്ന് പ്രിൻസിപ്പൽ ജിസ ജോസ് പറഞ്ഞു. എസ്എഫ്ഐ പ്രവര്‍ത്തകര്‍ ബാലറ്റ് പേപ്പര്‍ കീറിയെറിഞ്ഞുവെന്നായിരുന്നു കെഎസ്യുവിന്‍റെ ആരോപണം. സംഘര്‍ഷത്തില്‍ ആറുപേര്‍ക്ക് പരിക്കേറ്റിരുന്നു. ഇവര്‍ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് രണ്ടുപേരെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സംഘര്‍ഷത്തെതുടര്‍ന്ന് ഫലപ്രഖ്യാപനം നിര്‍ത്തിവെക്കുകയായിരുന്നു.