തിരുവനന്തപുരം: സ്വപ്നങ്ങളും ജീവിതവും ഒഴുകിപ്പോയ വയനാടിനെ ചേര്‍ത്തുപിടിക്കുകയാണ് കേരളം. സ്വപ്നം പോലും കാണാന്‍ പറ്റാത്ത അത്ര സമാനതകളില്ലാത്ത മഹാദുരന്തം ഏറ്റുവാങ്ങിയ ജനതയ്കായി കേരളത്തില്‍ നിന്ന് മാത്രമല്ല അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരെ സഹായ പ്രവാഹമാണ്.
Kerala together for Wayanad
ചൂരല്‍മല- മുണ്ടക്കൈ മേഖലയുടെ പുനരധിവാസം അവരുടെ അതിജീവനം അതാണ് ഇപ്പോള്‍ നമ്മുടെ നാട് ഏറ്റെടുത്തിരിക്കുന്ന പ്രധാന വിഷയം. ജാതിമത വൈരുധ്യങ്ങള്‍ ഒന്നും ബാധിക്കാതെ എല്ലാവരും ഒറ്റക്കെട്ടാകുന്ന സ്നേഹക്കാഴ്ചയാണ് അഞ്ച് ദിവസമായി കേരളം കാണുന്നത്.
ദുരന്തമുണ്ടായി മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ രക്ഷപ്രവര്‍ത്തകര്‍ നാനാഭാഗത്തുനിന്നും ഓടിയെത്തി എന്നത് എടുത്തു പറയേണ്ട കാര്യം തന്നെയാണ്. അതിന് പുറമേ സഹായ പ്രഖ്യാപനങ്ങള്‍ കൂടി ആയതോടെ ഈ ദുരന്തവും അതിജീവിക്കാമെന്ന ആത്മവിശ്വാസവും നമുക്ക് കൈവന്നു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്കാണ് മിക്ക വ്യവസായ പ്രമുഖരും നടീനടന്‍മാരും സഹായധനം നൽകുന്നത്. ദുരന്തഭൂവിലേക്ക് നേരിട്ട് സഹായമെത്തിക്കുന്നവരുമുണ്ട്.
ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി 5 കോടിയും,പ്രമുഖ വ്യവസായി രവി പിള്ള, കല്ല്യാൺ ജൂവല്ലേഴ്സും കെ.എസ്.എഫ്.ഇയും 5 കോടി രൂപ വീതമാണ് പുനരധിവാസ പ്രവർത്തനങ്ങൾക്കായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകുന്നത്.വിഴിഞ്ഞം പോര്‍ട്ട് അദാനി ഗ്രൂപ്പും അഞ്ച് കോടി രൂപ സഹായ വാഗ്ദാനം നല്‍കിയിട്ടുണ്ട്.
വെള്ളാർമല സ്കൂളിൻ്റെ പുനരുദ്ധാരണം ഏറ്റെടുക്കുമെന്നും ദുരന്ത മേഖലയുടെ പുനരുദ്ധാരണത്തിനായി വിശ്വശാന്തി ഫൗണ്ടേഷൻ 3 കോടി നൽകുമെന്നും മോഹന്‍ലാല്‍ അറിയിച്ചിരുന്നു. മമ്മൂട്ടി ഉള്‍പ്പെടെ വിവിധ നടീനടന്മാര്‍ നല്ല തുക പ്രഖ്യാപിച്ചിട്ടുണ്ട്.
കല്ല്യാൺ സിൽക്സും ഹൈപ്പർ മാർക്കറ്റും 2 കോടി രൂപയുടെ സഹായമാണ് ലഭ്യമാക്കുന്നത്. കാനറാ ബാങ്ക് ഒരുകോടി രൂപയും കെ എം എം എല്‍ 50 ലക്ഷം രൂപയും വനിത വികസന കോര്‍പ്പറേഷന്‍ 30 ലക്ഷം രൂപയും പ്രഖ്യാപിച്ചിട്ടുണ്ട്. നൂറ് കുടുംബങ്ങള്‍ക്ക് വീടു വയ്ക്കാനാവശ്യമായ ഭൂമി നല്‍കുമെന്ന് ബോബി ചെമ്മണ്ണൂര്‍ അറിയിച്ചിരുന്നു.
തമിഴ്നാട് മുഖ്യമന്ത്രി പ്രഖ്യാപിച്ച 5 കോടി രൂപ തമിഴ്നാട് പൊതുമരാമത്ത് മന്ത്രി ഇ.വി വേലു ഓഫീസില്‍ എത്തി കൈമാറിയിരുന്നു. തമിഴ് ചലച്ചിത്ര നടന്‍ വിക്രം 20 ലക്ഷം രൂപ കൈമാറിയിട്ടുണ്ട്. ടിബറ്റന്‍ ആത്മീയ നേതാവ് ദലൈലാമ ട്രസ്റ്റ് 11 ലക്ഷം രൂപ സംഭാവനയായി പ്രഖ്യാപിച്ചിട്ടുണ്ട്. ഭീമാ ജ്വല്ലറി ചെയർമാൻ ഡോ. ബി. ഗോവിന്ദൻ 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി 100 വീടുകള്‍ നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനംചെയ്തതായി സംസ്ഥാന പ്രതിപക്ഷനേതാവ് വി.ഡി. സതീശന്‍ അറിയിച്ചിരുന്നു. ഇതില്‍ സതീശന്‍ നേരിട്ട് ചുമതല വഹിക്കുന്ന 25 വീടുകളും ഉള്‍പ്പെടും. ഇതിന് പിന്നാലെ കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ 100 വീടുകള്‍ വാഗ്ദാനംചെയ്തു.
നാഷണല്‍ സര്‍വീസ് സ്‌കീം 150 ഭവനങ്ങള്‍ അല്ലെങ്കില്‍ അത് തുല്യമായ തുക നല്‍കും. വേള്‍ഡ് മലയാളി കൗണ്‍സില്‍ 14 വീടുകള്‍ നിര്‍മിക്കും. ഫ്രൂട്സ് വാലി ഫാര്‍വേഴ്സ് പ്രൊഡ്യൂസര്‍ കമ്ബനി 10 ഏക്കര്‍ ഭൂമി ഏറ്റെടുത്ത് കൃഷിയോഗ്യമാക്കി 10 മുതല്‍ 15 വരെ കുടുംബങ്ങള്‍ക്ക് നല്‍കും.
കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാര്‍ വീടു നിര്‍മിച്ചു നല്‍കാമെന്ന് വാഗ്ദാനംചെയ്തു. കോട്ടക്കല്‍ ആര്യവൈദ്യശാല 10 വീടുകളും കോഴിക്കോട് കാപ്പാട് സ്വദേശി യൂസുഫ് പുരയില്‍ അഞ്ച് സെന്റ് സ്ഥലവും വാഗ്ദാനം ചെയ്തു.
ശോഭ റിയാലിറ്റി ഗ്രൂപ്പ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കും. കോഴിക്കോട് കേന്ദ്രീകരിച്ചുള്ള വ്യവസായികളുടെ കൂട്ടായ്മയായ ബിസിനസ് ക്ലബ്ബ് 50 വീടുകള്‍ നിര്‍മിച്ചു നല്‍കും. ലക്ഷങ്ങളും കോടികളും വാഗാദാങ്ങള്‍ വേറെയും ഒട്ടേറെ.
ഇതിനെല്ലാം പുറമേ ഭക്ഷ്യ വസ്തുക്കൾ, കുടിവെള്ളം, പുതിയ വസ്ത്രങ്ങൾ, സാനിറ്ററി നാപ്കിനുകൾ, ശുചീകരണ സാമഗ്രികൾ തുടങ്ങി അവശ്യ വസ്തുക്കളുടെ വിതരണവും വിവിധ ഗ്രൂപ്പുകളും സന്നദ്ധ സംഘടനകളും നടത്തുന്നുണ്ട്.
പുനരധിവാസം അതിവേഗം പൂര്‍ത്തിയാക്കുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞിരിക്കുന്നത്. കൂടുതല്‍ സുരക്ഷിതമായ പ്രദേശം കണ്ടെത്തി ടൗണ്‍ഷിപ്പ് നിര്‍മിക്കും. അതിനുവേണ്ടി ചര്‍ച്ചകള്‍ ആരംഭിച്ചുവെന്നും അദ്ദേഹം അറിയിച്ചു.
ഇപ്പോള്‍ത്തന്നെ കിട്ടിയിരിക്കുന്നത് വളരെ വലിയ വാഗ്ദാനങ്ങളാണ്. ഇനിയും ഇവരെ പണിതുയര്‍ത്തി ജീവിതത്തിലേക്ക് തിരികെ എത്തിക്കാന്‍ ഒരുപാട് ദൂരം സഞ്ചരിക്കേണ്ടതുണ്ട്. കേരള മക്കള്‍ കൈകോര്‍ത്ത് ആ കടമ്പയും കടക്കുമെന്നത് തീര്‍ച്ച. മക്കളെ നഷ്ടപ്പെട്ട അച്ഛനമ്മമാര്‍, അച്ഛനമ്മമാര്‍ നഷ്ടപ്പെട്ട കുഞ്ഞുങ്ങള്‍ അങ്ങനെ ആരോരും ഇല്ലാതായി ഒരു രാത്രി കൊണ്ട് ഒറ്റപ്പെട്ടു പോയ മനുഷ്യരെ നാം ചേര്‍ത്തു പിടിക്കുകയാണ്.