തിരുവനന്തപുരം: സംസ്ഥാനത്തെ ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന് അറിയാം. പാലക്കാട്, ചേലക്കര നിയമസഭാ മണ്ഡലങ്ങളിലെയും വയനാട് ലോക്സഭാ മണ്ഡസത്തിലെയും വോട്ടെണ്ണൽ രാവിലെ എട്ടുമണി മുതൽ തുടങ്ങും. ആദ്യ ഫല സൂചന അര മണിക്കൂറിൽ പുറത്തെത്തും. വോട്ടെണ്ണലിന് എല്ലാ ഒരുക്കവും പൂർത്തിയായി. മൂന്നു മുന്നണികളും ആത്മ വിശ്വാസത്തിലാണ്.
ഭരണവിരുദ്ധ വികാരങ്ങളും രാഷ്ട്രീയ വിവാദങ്ങളും തുണയാകുമെന്ന വിലയിരുത്തലിലാണ് യുഡിഎഫ്. പാലക്കാട് നിലനിര്‍ത്താനാകുമെന്നും ചേലക്കര പിടിച്ചെടുക്കാനാകുമെന്നും കണക്കുകൂട്ടുന്ന യുഡിഎഫ് വയനാട്ടില്‍ രാഹുലിന്റെ ഭൂരിപക്ഷം പ്രിയങ്ക മറികടക്കുമെന്ന പ്രതീക്ഷയിലാണ്. ചേലക്കര നിലനിര്‍ത്തുന്നതിനൊപ്പം പാലക്കാട് മുന്നേറ്റമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഇടതുമുന്നണി. വയനാട്ടില്‍ നില മെച്ചപ്പെടുത്തുമെന്നും ഇടതുമുന്നണി പ്രതീക്ഷിക്കുന്നു.
അതേസമയം പാലക്കാട് ഉറച്ച ജയപ്രതീക്ഷ വയ്ക്കുന്ന ബിജെപി ചേലക്കരയിലും വയനാട്ടിലും മികച്ച പ്രകടനം പുറത്തെടുക്കാനാകുമെന്ന കണക്കുകൂട്ടലിലാണ്.