Saturday, February 15, 2025
spot_imgspot_img
HomeNewsപൈശാചിക ആഘോഷങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കെ‌സി‌ബി‌സി ജാഗ്രത കമ്മീഷന്‍

പൈശാചിക ആഘോഷങ്ങള്‍ക്കെതിരെ മുന്നറിയിപ്പുമായി കെ‌സി‌ബി‌സി ജാഗ്രത കമ്മീഷന്‍

കൊച്ചി: സകല വിശുദ്ധരുടെയും തിരുന്നാൾ ദിനത്തോടനുബന്ധിച്ച് അതിന്റെ തലേദിവസം നടത്തുന്ന ആചരണത്തെ വിചിത്രവും പൈശാചികവുമായ ആഘോഷങ്ങളാക്കി മാറ്റുന്നതിനെതിരെ ജാഗ്രത വേണമെന്നു കെ‌സി‌ബി‌സി ജാഗ്രത കമ്മീഷന്‍.KCBC warns against satanic celebrations

നവംബർ ഒന്ന് – സകല വിശുദ്ധരുടെയും തിരുന്നാൾ ദിനത്തോടനുബന്ധിച്ച് അതിന്റെ തലേദിവസം നടത്തുന്ന ആചരണം (All Hallows Eve) ലക്ഷ്യമാക്കിയിരുന്നത് വിശുദ്ധരുടെ മാതൃകകളെക്കുറിച്ചും ജീവിതത്തെക്കുറിച്ചുമുള്ള വിചിന്തനവും ധ്യാനവുമായിരുന്നെങ്കിൽ, അത്തരമൊരു പവിത്രമായ ആചരണത്തിന്റെ കച്ചവടവൽക്കരണം വിചിത്രവും പൈശാചികവുമായ ആഘോഷങ്ങളായി മാറിക്കഴിഞ്ഞിട്ടുണ്ടെന്ന് ജാഗ്രത കമ്മീഷന്‍ ചൂണ്ടിക്കാട്ടി.

സാത്താനിക വേഷഭൂഷാദികളും മുഖമൂടികളും ചേഷ്ഠകളും അനുകരിച്ചുകൊണ്ടുള്ള ആഘോഷപരിപാടികളാണ് പലയിടങ്ങളിലും ഹാലോവീൻ ദിനത്തോടനുബന്ധിച്ച് കണ്ടുവരുന്നത്.

ആ മാതൃകയിൽ സമീപകാലത്താണ് കേരളത്തിലെ ചില വിദ്യാലയങ്ങളിൽ പ്രത്യേകിച്ച് കോളേജുകളിൽ ഹാലോവീൻ ദിനാഘോഷം കണ്ടുതുടങ്ങിയത്. അർത്ഥമറിയാതെ വിദ്യാർഥികൾ നടത്തുന്ന ആഘോഷങ്ങളിൽ അവഹേളനപരമായ രീതിയിൽ സമർപ്പിത വസ്ത്രങ്ങളും പൈശാചിക മുഖമൂടികളും മറ്റും ധരിച്ചുകൊണ്ടുള്ള പ്രകടനങ്ങൾ കാണാറുണ്ട്.

മുൻവർഷങ്ങളിൽ ഹാലോവീൻ ദിനമായ ഒക്ടോബർ 31 ന് കേരളത്തിലെ ചില കോളേജുകളിൽ അരങ്ങേറിയ ആഘോഷപരിപാടികൾ ക്രൈസ്തവ വിരുദ്ധതയുടെ അരങ്ങേറ്റമായി മാറുകയും വ്യാപകമായ വിമർശനങ്ങൾക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു. സന്യാസത്തെയും പൗരോഹിത്യത്തെയും അവഹേളിക്കുന്നതും പൈശാചികതയെ ദ്യോതിപ്പിക്കുന്നതുമായ വേഷവിധാനങ്ങളും നൃത്ത നൃത്യങ്ങളും ഹാലോവീൻ ആഘോഷങ്ങളുടെ മറവിൽ അരങ്ങേറുന്നത് പ്രോത്സാഹിപ്പിക്കാൻ കഴിയാത്തതാണ്.

പങ്കെടുക്കുന്നവരിലും കാഴ്ചക്കാരിലും തെറ്റായ അഭിമുഖ്യങ്ങൾ ജനിപ്പിക്കാനിടയുള്ള ഹാലോവീൻ ആഘോഷങ്ങളിൽനിന്ന് യുവജനങ്ങളും കുട്ടികളും അകന്നുനിൽക്കണമെന്ന മുന്നറിയിപ്പുകൾ പലപ്പോഴായി നൽകപ്പെട്ടിട്ടുണ്ടെങ്കിലും വീണ്ടും ആവർത്തിക്കപ്പെടുന്നതായി കാണാറുണ്ട്.

ക്രൈസ്തവ സമൂഹവും ക്രൈസ്തവ വിദ്യാഭ്യാസ സ്ഥാപനങ്ങളും ഇക്കാര്യം പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്. കത്തോലിക്കാ വിശ്വാസത്തെയും, ക്രൈസ്തവ മൂല്യങ്ങളെയും കളങ്കപ്പെടുത്തുന്നതൊന്നും നമ്മുടെ വിദ്യാലയങ്ങളിൽ സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കണമെന്ന് കെസിബിസി ജാഗ്രത കമ്മീഷൻ സെക്രട്ടറി ഫാ. ഡോ. മൈക്കിൾ പുളിക്കൽ ആഹ്വാനം ചെയ്തു.

ഹാലോവീൻ ദിനത്തെ തുടർന്നുണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ കെസിബിസി ജാഗ്രത കമ്മീഷൻ 2022 ൽ പ്രസിദ്ധീകരിച്ച പ്രസ്താവനയും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.

ലോകത്തിന് ഉപ്പും ഭൂമിക്ക് പ്രകാശവുമാകാനുള്ള ക്രൈസ്തവന്റെ വിളിയുടെ തുടർച്ചയാണ് സഭയുടെ സാമൂഹിക പ്രവർത്തനങ്ങളും ഇടപെടലുകളും. സ്നേഹത്തിലും നന്മയിലും സത്യത്തിലും അടിയുറച്ച് സുവിശേഷം പകർന്നു കൊടുക്കുകയാണ് ക്രൈസ്തവ സ്ഥാപനങ്ങളുടെ അടിസ്ഥാന ലക്ഷ്യം.

ധാർമ്മിക നിലപാടുകളിലും മൂല്യങ്ങളിലും അടിയുറച്ചതും, പരസ്പരാദരവോടും സാഹോദര്യത്തോടും വ്യാപരിക്കുന്നതുമായ തലമുറകളെ വാർത്തെടുക്കാൻ സഭയുടെ വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൂടുതൽ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.

അതുപോലെതന്നെ, വിശ്വാസജീവിതത്തിന്റെ ഭാഗമായ ആരാധനക്രമം, പൗരോഹിത്യം, സന്യാസം, കൂദാശകൾ, സഭയുടെ പ്രബോധനങ്ങൾ തുടങ്ങിയവ അവഹേളിക്കപ്പെടുകയും അവമതിക്കപ്പെടുകയും ചെയ്യപ്പെടുന്ന സാഹചര്യങ്ങൾ സഭാ സ്ഥാപനങ്ങളിൽ പൂർണ്ണമായി ഒഴിവാക്കപ്പെടേണ്ടതാണ്.

ക്രിസ്തീയ വിശ്വാസജീവിതത്തിനും ധാർമ്മിക കാഴ്ചപ്പാടുകൾക്കും വിരുദ്ധമായ ആഘോഷങ്ങളും ആശയങ്ങളും പ്രോത്സാഹിപ്പിക്കപ്പെടാൻ പാടില്ലാത്തതാണ്. സ്‌കൂൾ, കോളേജ് മാനേജ്‌മെന്റുകൾ ഇത്തരം കാര്യങ്ങൾ ഗൗരവമായി പരിഗണിക്കുകയും ജാഗ്രത പുലർത്തുകയും ചെയ്യേണ്ടതുണ്ട്.

ഞായറാഴ്ച ആചരണം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, മതബോധനം തുടങ്ങിയ വിഷയങ്ങളിലെ സഭയുടെ നിലപാടുകൾ കാത്തുസൂക്ഷിക്കുകയും, അതുവഴി ഈ കാലഘട്ടത്തിലെ മൂല്യച്യുതികൾക്കും ധാർമ്മിക അപചയത്തിനുമെതിരായി പ്രതിരോധ വലയം തീർക്കുകയും ചെയ്യാൻ സഭാസ്ഥാപനങ്ങൾ സവിശേഷ ഉത്തരവാദിത്വം പുലർത്തേണ്ടതാണ്.

സുവിശേഷ മൂല്യങ്ങളുടെ പ്രഘോഷണത്തിലും ഉപവിയിൽ അധിഷ്ഠിതമായ പ്രവർത്തന ശൈലിയിലും കത്തോലിക്കാ സ്ഥാപനങ്ങളുടെ അനന്യത കാത്തുസൂക്ഷിക്കാൻ ബന്ധപ്പെട്ടവർ വിട്ടുവീഴ്ച കൂടാതെ പ്രതിജ്ഞാബദ്ധരാകണം.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments