ബെംഗളൂരു ∙ കർണാടക മുൻ മുഖ്യമന്ത്രിയും മുൻ വിദേശകാര്യമന്ത്രിയും ആയിരുന്ന എസ്.എം.കൃഷ്ണ (92) അന്തരിച്ചു. പുലർച്ചെ 2.45ന് ബെംഗളൂരുവിലെ വീട്ടിലായിരുന്നു അന്ത്യം.
വാർധക്യസഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമ ജീവിതത്തിലായിരുന്നു. 2009 മുതൽ 2012 വരെയാണു യുപിഎ സർക്കാരിൽ വിദേശകാര്യമന്ത്രിയായി സേവനമനുഷ്ഠിച്ചത്.
1999 മുതൽ 2004 വരെ കർണാടകയുടെ പത്താമത്തെ മുഖ്യമന്ത്രിയും 2004 മുതൽ 2008 വരെ മഹാരാഷ്ട്രയുടെ 19-ാം ഗവർണറുമായിരുന്നു.
1989 ഡിസംബർ മുതൽ 1993 ജനുവരി വരെ കർണാടക വിധാൻ സഭയുടെ സ്പീക്കറായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.
2023ൽ കൃഷ്ണയെ പത്മ പുരസ്‌കാരം നൽകി രാജ്യം ആദരിച്ചു. ബെംഗളൂരു നഗരത്തിനെ മഹാനഗരമാക്കി വളർത്തുന്നതിൽ എസ് എം കൃഷ്ണയുടെ പങ്ക് വലുതായിരുന്നു.