കൊച്ചി: റോബി വർഗീസ് രാജ് സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം ‘കണ്ണൂർ സ്ക്വാഡ്’ 100 കോടി ക്ലബ്ബിൽ ഇടം നേടി.മമ്മൂട്ടി കമ്പനിയാണ് ചിത്രം നിർമ്മിച്ചത്. ആഗോള ബിസിനസ്സിലൂടെയാണ് ചിത്രം 100 കോടിയിൽ ഇടംപിടിച്ചത് .
സെപ്റ്റംബർ 28നു തിയറ്ററിൽ എത്തിയ കണ്ണൂർ സ്ക്വാഡ് ഒൻപത് ദിവസം കൊണ്ടാണ് അൻപതു കോടി ക്ലബ്ബിൽ എത്തിയത്. മലയാളി പ്രേക്ഷകരുടെ അതിഗംഭീര അഭിപ്രായങ്ങൾ നേടി ചിത്രം ഇപ്പോഴും വിജയകരമായി തീയറ്ററുകളിൽ തുടരുന്നു.

കണ്ണൂർ സ്‌ക്വാഡ് കാണാൻ എസ്.പി. ശ്രീജിത്തിനൊപ്പം ഒറിജിനൽ സ്‌ക്വാഡ് അംഗങ്ങളും തിയേറ്ററിൽ എത്തിയിരുന്നു. സിനിമയെപ്പറ്റി അവര്ക്ക് ഗംഭീര അഭിപ്രായമാണ്.പോലീസുകാർക്ക് കൂടി അഭിമാനിക്കാവുന്ന ചിത്രമാണെന്നും എസ്. പി. ശ്രീജിത്ത് പറഞ്ഞു. മമ്മൂക്ക സിനിമയിൽ ചെയ്യുന്ന പോലെ ആക്ഷൻ ചെയ്യാൻ ആഗ്രഹമുള്ളവരാണ് ഞങ്ങളെന്നും അദ്ദേഹം പറഞ്ഞു. ഒറിജിനൽ സ്‌ക്വാഡിനൊപ്പം ചിത്രത്തിന്റെ ഡയറക്ടർ റോബി ഡേവിഡ് രാജ്, തിരക്കഥാകൃത്തുക്കളായ റോണി, ഷാഫി, സിനിമാട്ടോഗ്രാഫർ റാഹിൽ, നടന്മാരായ ശബരീഷ്,റോണി, ദീപക് പറമ്പൊൾ, ധ്രുവൻ, ഷെബിൻ തുടങ്ങിയവരും കണ്ണൂർ സ്‌ക്വാഡിലെ അംഗങ്ങൾക്കൊപ്പം തീയേറ്ററിലെത്തിയിരുന്നു .
കണ്ണൂർ സ്‌ക്വാഡിലെ ജീപ്പും തിയേറ്ററിൽ ഉണ്ടായിരുന്നു അത് പ്രേക്ഷകർക്ക് ഒരു സർപ്രൈസ് തന്നെയായിരുന്നു. ദുൽഖർ സൽമാന്റെ വേഫേറെർ ഫിലിംസാണ് മമ്മൂട്ടി കമ്പനി നിർമ്മിച്ച ചിത്രം കേരളത്തിലെ തിയേറ്ററുകളിലേക്കെത്തിക്കുന്നത്. ഭീഷ്മ പർവം, മധുരരാജ, മാമാങ്കം എന്നീ സിനിമകൾക്ക് പിന്നാലെ 100 കോടി ക്ലബ്ബിൽ ഇടം നേടിയ മമ്മൂട്ടി ചിത്രമാണ് കണ്ണൂർ സ്‌ക്വാഡ്.