കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ കണ്ണൂർ ജില്ലാ കളക്ടർ അരുൺ കെ വിജയൻ്റെ സാക്ഷി മൊഴി രേഖപ്പെടുത്തി. സത്യം സത്യമായി പറഞ്ഞിട്ടുണ്ടെന്നും സത്യം പുറത്തുവരുമെന്നും അരുൺ കെ വിജയന്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.Kannur District Collector Arun K Vijayan’s witness statement was recorded in Naveen Babu’s death
‘എല്ലാ കാര്യങ്ങളും പറഞ്ഞിട്ടുണ്ട്. സത്യം സത്യമായി പറഞ്ഞിട്ടുണ്ട്. എന്റെ ഭാഗം ഞാൻ വ്യക്തമാക്കിയിട്ടുണ്ട്. നടപടി ക്രമങ്ങൾക്ക് ശേഷം സർക്കാർ വെളിപ്പെടുത്തും. സത്യം പുറത്തുവരും’, കളക്ടർ പറഞ്ഞു. നവീൻ ബാബുവിനെതിരെ നേരത്തെ പരാതി ലഭിച്ചിരുന്നോ എന്നത് സംബന്ധിച്ച ചോദ്യത്തോട് കളക്ടർ പ്രതികരിച്ചില്ല.
നേരത്ത ചടങ്ങിലെത്തിയത് ക്ഷണം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണെന്ന പി പി ദിവ്യയുടെ വാദത്തെ കളക്ടർ തള്ളിയിരുന്നു. എഡിഎമ്മിൻ്റെ യാത്രയയപ്പ് സമയം മാറ്റിയിട്ടില്ലെന്നും കളക്ടർ സംഭവത്തിൽ വകുപ്പ് തലത്തിൽ വിശദമായ അന്വേഷണം നടത്തുന്ന ലാൻഡ് റവന്യു വിഭാഗം ജോയിൻ്റ് കമ്മീഷണർക്ക് നൽകിയ മൊഴിയിൽ പറഞ്ഞു.
വകുപ്പ് തല അന്വേഷണ റിപ്പോർട്ട് രണ്ടു ദിവസത്തിനകം സർക്കാരിന് സമർപ്പിക്കുമെന്നാണ് വിവരം. യാത്രയയപ്പ് യോഗത്തിലും അതിനു ശേഷവും നടന്ന കാര്യങ്ങൾ, പെട്രോൾ പമ്പിന് അനുമതി നൽകിയതിൽ ഫയൽ നീക്കം വൈകിയോ, കൈക്കൂലി ആരോപണത്തിന്റെ നിജസ്ഥിതി എന്നിവ സംബന്ധിച്ച വിവരങ്ങളാണ് ശേഖരിച്ചത്.
അതേസമയം നവീൻ ബാബുവിനെതിരെ നൽകിയ പരാതി മരണശേഷം ധൃതിയിൽ തയ്യാറാക്കിയതാണെന്ന വാദവും ശക്തമായി തുടരുകയാണ്. പരാതി തയ്യാറാക്കിയത് മരണ ശേഷമാണോ എന്ന സംശയവുമുണ്ട്. പരാതിക്ക് പിന്നിൽ പരാതിക്കാരനായ പ്രശാന്തിന്റെ ബന്ധുവാണോ എന്നതുൾപ്പെടെയുള്ള സംശയങ്ങളാണ് ഉയരുന്നത്.
പോസ്റ്റൽ വഴി ലഭിക്കുന്ന പരാതിയാണെങ്കിൽ അത് ഇ-ഫയലിന്റെ ഭാഗമായി മാറുകയും ടോക്കൺ ഉൾപ്പെടെ പരാതിക്കാരന് ലഭിക്കും. 10/10ന് കൊടുത്ത പരാതി നവീൻ ബാബുവിന്റെ മരണത്തിന് മുമ്പ് വരെ ഇത്തരം സംവിധാനത്തിലേക്ക് എത്തിയിട്ടില്ല. കളക്ടർ സമർപ്പിച്ച റിപ്പോർട്ടിലും ഇതേ കാര്യം ആവർത്തിച്ചിരുന്നു.