തിരുവനന്തപുരം: കണ്ടല ബാങ്കിൽ ക്രമക്കേട് നടത്തിയ കേസിൽ ഇഡി കസ്റ്റഡിയിൽ എടുത്തിട്ടില്ലെന്നും പകരം ചോദ്യം ചെയ്യൽ മാത്രമാണ് നടന്നത് എന്നും ഭാസുരാംഗൻ. ചോദ്യം ചെയ്യലിന് ഇഡി ആവശ്യപ്പെട്ടാൽ ഇനിയും ഹാജരാകാൻ തയ്യാറാണെന്നും പറഞ്ഞു.
എൽഡിഎഫിലെ ഉന്നതനായ നേതാവാണ് എല്ലാ കുഴപ്പങ്ങളും ഉണ്ടാക്കിയത്. തിരുവനന്തപുരം കാട്ടാക്കട മണ്ഡലത്തിലെയാണ് നേതാവ്. 101 കോടി തട്ടിപ്പ് നടന്നെന്ന് വരുത്തിയത് ആ നേതാവാണ്. പ്രശ്നങ്ങൾ തീരാൻ കേരള ബാങ്ക് തടഞ്ഞുവെച്ച ഫണ്ട് കിട്ടിയാൽ മതി. തന്നെ വ്യക്തിപരമായി ഉപദ്രവിക്കാൻ സംഘം ശ്രമിച്ചു. അതിൽ എൽഡിഎഫുകാരും യുഡിഎഫുകാരും ബിജെപിക്കാരും ഉണ്ട്. വൈരാഗ്യത്തിന്റെ കാരണം എന്താണെന്ന് അറിയില്ലെന്നും ഭാസുരാംഗൻ പറഞ്ഞു.
താൻ മിൽമ അഡ്മിനിസ്ട്രേറ്റർ ആയതോടെയാണ് പ്രശ്നങ്ങൾക്ക് തുടക്കംക്കുറിക്കുന്നത്.ഇതിനെല്ലാം പിന്നിൽ വ്യക്തിവിരോധം, അസൂയ എന്നിവയാണ്. തന്നെ മാധ്യമങ്ങൾ കേട്ടില്ലെന്ന് ഭാസുരാംഗൻ പറഞ്ഞു. പാർട്ടിക്ക് താൻ വിശദീകരണം നൽകിയിട്ടുണ്ട്. പാർട്ടി കൈവിട്ടു എന്ന് തോന്നിയിട്ടില്ല കാരണം പാർട്ടി രണ്ടര വർഷം കൊണ്ട് ഈ പ്രശ്നം സഹിക്കുന്നു.പാർട്ടിയുടെ നിലപാട് താൻ അംഗീകരിക്കുന്നു എന്നും ഭാസുരാംഗൻ വ്യക്തമാക്കി. തനിക്കെതിരെ പ്രവർത്തിച്ച നേതാവിനെതിരെ പാർട്ടിയിൽ പരാതി നൽകിയതായും ഭാസുരാംഗൻ പറഞ്ഞു.