കോട്ടയം: ഇന്ത്യൻ കോമിക്സിൽ ശ്രദ്ധേയമായ മാറ്റങ്ങൾ അവതരിപ്പിക്കുന്നതിനായി ബാംഗ്ലൂർ കേന്ദ്രമായി പ്രവർത്തിക്കുന്ന ബോർഡ് സ്റ്റോറിയുടെ ‘മൈഥിയെന്ന പുതിയ സംരംഭത്തിന് ഡിസംബർ 11ന് കോട്ടയത്ത് തുടക്കമാവും.
പുരാണങ്ങൾ, ഇതിഹാസങ്ങൾ, നാടോടി കഥകൾ, തില്ലർ, ഫാൻ്റസി തുടങ്ങി വിവിധ വിഭാഗങ്ങളിൽ ചിത്രകഥകൾ ഒരുക്കും. ആദ്യം മലയാളത്തിലും പിന്നീട് ഇംഗ്ലീഷിലും മറ്റ് ഇന്ത്യൻ പ്രാദേശിക ഭാഷകളിലും പുസ്തകങ്ങൾ പ്രസിദ്ധീകരിക്കും.
എല്ലാ പ്രായത്തിലുള്ള വായനക്കാരേയും ആകർഷിക്കത്തക്ക കഥകളാണ് മൈഥി ഒരുക്കുന്നതെന്ന് ബോർഡ് സ്റ്റോറി സിഇഒ സാബു സരൻ, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ തോമസ് മാതൃ എന്നിവർ അറിയിച്ചു.
ബാംഗ്ലൂർ ആസ്ഥാനമായാണ് പ്രവർത്തിക്കുന്നതെങ്കിലും കേരളീയ പൈതൃകത്തിൽ വേരുന്നിയവരാണ് മൈഥിയുടെ പിന്നണി പ്രവർത്തകർ. ഭാഷാ സാഹിത്യത്തിൻ്റേയും കഥപറച്ചിലിലൂടെയും വായനയുടെ പ്രാധാന്യം പുനർജീവിപ്പിക്കുക, അതിനായി കുട്ടികൾക്കും മുതിർന്നവർക്കും ഒരുപേലെ ആകർഷകങ്ങളായ കഥകൾ പുസ്തക രൂപത്തിലും, ഭാവിയിൽ നവസാങ്കേതികവിദ്യയായ വെബൺസ്, ഗ്രാഫിക് നോവൽ തുടങ്ങിയവയിലും അവതരിപ്പിക്കുകയാണ് ലക്ഷ്യം
‘മൈഥി’ എന്ന ആശയം സുദീർഘമായ ആലോചനകൾക്കും ചർച്ചകൾക്കും ശേഷം ഉരുത്തിരിഞ്ഞതാണ്. മികവുറ്റ വായനാനുഭവം പ്രദാനം ചെയ്യുന്നതിനുമായി പഴയ നല്ല കോമിക് പുസ്തകങ്ങൾ കണ്ടെത്തി അവയെ നവീകരിക്കുകയും പുനർനിർമ്മിക്കുകയും ചെയ്യുക ഏറെ ശ്രമകരമായിരുന്നു. അങ്ങനെ പുതുക്കിയതുൾപ്പടെയുള്ള ആദ്യത്തെ പത്തു പുസ്തകങ്ങൾ 2025 ജനുവരി 18 നു തുടങ്ങുന്ന ബാംഗ്ലൂർ കോമിക് കോണിൽ പ്രകാശിപ്പിക്കുന്നതാണ്.
ഫെബ്രുവരി ആദ്യവാരം കൊച്ചിയിൽ നടക്കുന്ന 13 ലിറ്റിൽ ബിഗ് ഫെസ്റ്റിവലിൽലും, ഫെബ്രുവരി രണ്ടാം വാരം നടക്കുന്ന ചെന്നൈ കോമിക് കോണിലും വച്ച് തുടർന്നുള്ള പുസ്തക പ്രകാശനങ്ങളും നടക്കും. മൈഥി കേവലം കോമിക്സുകളുടെ പ്രസിദ്ധീകരണത്തിനായി മാത്രമല്ല – കഥ പറച്ചിലിൻ്റേയും സംസ്കാരത്തിൻ്റെയും സർഗ്ഗാത്മകതയുടെയും ആഘോഷവും കൂടിയാണ്. കഥകളിഷ്ടപ്പെടുന്നവർക്ക് അവിസ്മരണീയമായ അനുഭവങ്ങൾ ഞങ്ങൾ ഉറപ്പുനല്കുന്നു.
“ഒരു വർഷം അമ്പതോളം മികച്ച പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുക, വെബൂൺസ്, ഗ്രാഫിക് നോവൽ, തുടങ്ങി നവ മാധ്യമ സാധ്യതകളെ ഉപയോഗപ്പെടുത്തി ഉയർന്ന നിലവാരം പുലർത്തുന്ന ഇന്ത്യയിലെ ഏറ്റവും പ്രിയപ്പെട്ട (ക്രിയേറ്റീവ് സ്റ്റുഡിയോ ആയി മാറുക എന്നതും. കൂടാതെ കോമിക് പുസ്തകങ്ങൾ, ഓഡിയോബുക്കുകൾ, വെബ്‌ടൂണുകൾ എന്നിവയ്ക്കായുള്ള ഒരു മൊബൈൽ ആപ്ലിക്കേഷൻ വികസിപ്പിക്കുക എന്നതെല്ലാമാണ് ഞങ്ങൾ ഭാവിയിൽ വിഭാവനം ചെയ്യുന്നത്” അവർ വൃക്തമാക്കി.