മലപ്പുറം: കാളികാവിൽ നിന്ന് കാണാതായ ഇതര സംസ്ഥാനക്കാരിയായ 14കാരി വിവാഹിതയെന്ന് പൊലീസ് കണ്ടെത്തി. കഴിഞ്ഞ ദിവസം കാളികാവ് പൊലീസ് ഹൈദരാബാദിൽനിന്ന് കുട്ടിയെ കണ്ടെത്തിയിരുന്നു.
അതിനിടെ പതിനാലുകാരി പെൺകുട്ടി വീടുവിട്ട് ഓടിപ്പോയത് ഭർത്താവെന്ന് പറയുന്ന മനുഷ്യന്റെ പീഡനം സഹിക്കാനാകാതെ. സ്വന്തം പിതാവ് തന്നെയാണ് വാടക ക്വാർട്ടേഴ്‌സിൽവെച്ച് പെൺകുട്ടിയെ വിവാഹമെന്ന പേരിൽ മറ്റൊരു പുരുഷന് ഏൽപ്പിച്ചു കൊടുത്തത്. പിന്നീട് പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയാകുകയായിരുന്നു. ഇതിനിടെ ഗർഭിണിയായ പെൺകുട്ടിയെ ഗർഭഛിദ്രത്തിന് വിധേയമാക്കിയെന്നും കണ്ടെത്തിയിട്ടുണ്ട്.
സംഭവത്തിൽ പെൺകുട്ടിയുടെ പിതാവിനെയും ഭർത്താവിനെയും കാളികാവ് പോലീസ് അറസ്റ്റ് ചെയ്തു. ഇവർ അസം സ്വദേശികളാണ്. ശൈശവ വിവാഹ നിരോധന നിയമപ്രകാരമാണ് പിതാവിനെതിരേ കേസ് ചുമത്തിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു എന്ന പരാതിയിൽ ഭർത്താവിനെതിരേ പോക്‌സോ കേസ് ചുമത്തി. എന്നാൽ പെൺകുട്ടിയെ ഇതുവരെ വൈദ്യപരിശോധന നടത്താനായിട്ടില്ല. ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടി പരിശോധനയ്ക്ക് വിസമ്മതിക്കുകയായിരുന്നു.