തിരുവനന്തപുരം: കേരളപ്പിറവിയോടു അനുബന്ധിച്ച് തിരുവനന്തപുരത്ത് നടന്ന് കേരളീയം ഉദ്ഘാടന ചടങ്ങില്‍ സ്ത്രീകളുടെ പ്രാതിനിധ്യം കുറഞ്ഞതിനെ നടിയും എഴുത്തുകാരിയുമായ ജോളി ചിറയത്ത് വിമര്‍ശിച്ചു.
ഉദ്ഘാടന ചടങ്ങില്‍ നിന്നുള്ള ചിത്രം പങ്കുവച്ചായിരുന്നു ജോളിയുടെ കുറിപ്പ്. ‘ഇത്രയധികം പുരുഷന്മാരെ പെറ്റിട്ട് ആണോ കേരളം പിറന്നത്’ എന്നാണ് ജോളി സമൂഹമാധ്യമത്തില്‍ കുറിച്ചത്.
വേദിയില്‍ മന്ത്രിമാരായ ആര്‍.ബിന്ദു, വീണാ ജോര്‍ജ് നടിയും നര്‍ത്തകിയുമായ ശോഭന എന്നിവര്‍ ഉണ്ടായിരുന്നുവെങ്കിലും ഇവര്‍ പിറകിലേക്ക് ഒതുക്കപ്പെട്ടത് സമൂഹമാധ്യമങ്ങളില്‍ ചര്‍ച്ചയാവുന്നതിനിടെയാണ് നടിയുടെ കുറിപ്പ്. കാലം ഇത്രയും പുരോഗമിച്ചിട്ടും സ്ത്രീകളുടെ സാന്നിധ്യം പുറകോട്ട് പോകുന്നതായാണ് തോന്നുന്നത്.
ഇത്തരം കാര്യങ്ങളില്‍ മുമ്ബ് മതസംഘനകളെയാണ് വിമര്‍ശിച്ചിരുന്നത് എന്നാല്‍ ഇപ്പോള്‍ നമ്മള്‍ ഇവിടെ എന്താണ് കണ്ടത്? എത്ര അശ്ലീലമാണ് ഈ ചിത്രങ്ങള്‍. സ്ത്രീ സാന്നിധ്യം ആ ചിത്രത്തില്‍ ഒരറ്റത്താണ്. ഇടതുപക്ഷ സര്‍ക്കാര്‍ നടത്തുന്ന പരിപാടിയില്‍ ഇങ്ങനെയാവുക എന്നു പറയുമ്ബോള്‍ നമുക്കിനി ആരെയാണ് വിമര്‍ശിക്കാൻ അധികാരമുള്ളത്?
സ്ത്രീകള്‍ക്ക് 33 ശതമാനം സംവരണം നല്‍കുന്നതിനെ കുറിച്ചുള്ള ചര്‍ച്ചക്കിടെ ഇത്തരം ചിത്രങ്ങള്‍ കാണുമ്ബോള്‍ നാണക്കേട് തോന്നുവെന്നും ജോളി ചിറയത്ത് മാധ്യമത്തിന് നല്‍കിയ പ്രതികരണത്തില്‍ വ്യക്തമാക്കി