Thursday, November 14, 2024
spot_imgspot_img
HomeNewsIndiaഹരിയാനയിൽ ബിജെപിക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റ് നിലയില്‍ ഹാട്രിക് വിജയം;ഇവിഎമ്മില്‍ തിരിമറിയെന്നും ഫലം...

ഹരിയാനയിൽ ബിജെപിക്ക് ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റ് നിലയില്‍ ഹാട്രിക് വിജയം;ഇവിഎമ്മില്‍ തിരിമറിയെന്നും ഫലം അംഗീകരിക്കില്ലെന്നും കോണ്‍ഗ്രസ്, കാശ്മീരിൽ വിജയക്കൊടി പാറിച്ച് നാഷനൽ കോൺഫറൻസ് – കോൺഗ്രസ് സഖ്യം

ന്യൂഡല്‍ഹി: പതിറ്റാണ്ടിനുശേഷം നടന്ന തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിൽ കോൺഗ്രസ്-നാഷണൽ കോൺഫറൻസ് സഖ്യം അധികാരത്തിലേറുമ്പോള്‍ ഹരിയാനയില്‍ ബിജെപിക്ക് ഹാട്രിക് വിജയം. ഹരിയാനയില്‍ മൂന്നാമതും സർക്കാരുണ്ടാക്കാൻ ഒരുങ്ങുകയാണ് ബിജെപി.Jammu and Kashmir, Haryana election result

 ജാട്ട് സമുദായത്തിന് മുൻതൂക്കമുള്ള മേഖലകളിലടക്കം അട്ടിമറി മുന്നേറ്റം നടത്തിയ ബിജെപി 49 സീറ്റുകളുമായി ചരിത്രത്തിലെ ഏറ്റവും ഉയർന്ന സീറ്റ് നിലയിലെത്തി.

 എക്‌സിറ്റ് പോള്‍ ഫലങ്ങളും വോട്ടെണ്ണലിന്റെ ആദ്യ മണിക്കൂറുകളിലെ ട്രെന്‍ഡും നിഷ്പ്രഭമാക്കി ഹരിയാനയില്‍ ബിജെപി ഭരണം ഉറപ്പിച്ചു. ആം ആദ്മി ചലനം ഉണ്ടാക്കിയില്ല. നയാബ്‌ സിംഗ് സെയ്‌നി തന്നെ വീണ്ടും മുഖ്യമന്ത്രി ആയേക്കും. കർഷകർ ബിജെപിക്ക് വോട്ട് ചെയ്‌തെന്ന് നേതൃത്വം. തുടക്കത്തിൽ ലീഡ് നിലയിൽ പാര്‍ട്ടിക്ക് മുന്നേറ്റമെന്ന ഫല സൂചന വന്നതോടെ ആഘോഷം തുടങ്ങിയ കോണ്‍ഗ്രസ് ലീഡിൽ വമ്പൻ ട്വിസ്റ്റ് വന്നതോടെ നിശബ്ദമായി.

തെക്കൻ ഹരിയാനയും രാജസ്ഥാനുമായി ചേർന്നു കിടക്കുന്ന ആഹിർവാൾ മേഖലയും ബിജെപി തൂത്തു വാരി. ദില്ലിക്കു ചുറ്റും കിടക്കുന്ന പത്തിൽ എട്ടു സീറ്റിലും ബിജെപിയാണ് ജയിച്ചത്. യുപിയുമായി ചേർന്നു കിടക്കുന്നു ജാട്ട് സ്വാധീന മേഖലകളിൽ പകുതി സീറ്റുകളിൽ കോൺഗ്രസിനെ തോൽപിക്കാൻ ബിജെപിക്ക് സാധിച്ചത് അവരെ വൻ വിജയത്തിലേക്ക് നയിച്ചു.

പഞ്ചാബുമായി ചേർന്നു കിടക്കുന്ന ജാട്ട്-സിഖ് മേഖലകളിലും മധ്യ ഹരിയാനയിലുമാണ് കോൺഗ്രസിന് കൂടുതൽ സീറ്റുകൾ വിജയിക്കാനായത്. 

ഹരിയാനയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു പാർട്ടി മൂന്ന് തവണ തുടർച്ചയായി അധികാരത്തില്‍ എത്തുന്നത്. 2024ലെ ലോക്സഭ തിരഞ്ഞെടുപ്പില്‍ പിറകോട്ടുപോയ ബിജെപിക്ക് മുന്നേറാനുള്ള അവസരമാണ് ഹരിയാന ഫലമെന്ന് രാഷ്ട്രീയ നിരീക്ഷകർ ഇതിനോടകം വിലയിരുത്തിയിരുന്നു.

അതേസമയം ഹരിയാനയില്‍ ബിജെപി ഉജ്ജ്വല വിജയം നേടിയതിന് പിന്നാലെ തിരഞ്ഞെടുപ്പ് ഫലം അംഗീകരിക്കില്ലെന്ന് കോണ്‍ഗ്രസ്.

ഇവിഎമ്മില്‍ തിരിമറി നടന്നിട്ടുണ്ടെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. തിരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ മുതിർന്ന കോണ്‍ഗ്രസ് നേതാവ് ജയറാം രമേശാണ് വാർത്താ സമ്മേളനത്തില്‍ ആരോപണം ഉന്നയിച്ചത്.

ഹരിയാനയിലെ തിരഞ്ഞെടുപ്പ് ഫലം ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. ഇവിഎമ്മില്‍ തിരിമറി നടന്നിട്ടുണ്ട്. ബിജെപി തിരഞ്ഞെടുപ്പ് അട്ടിമറിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷനുമായി ഇക്കാര്യത്തില്‍ സംസാരിച്ചുകൊണ്ടിരിക്കുകയാണ്. താൻ നേരത്തെ നല്‍കിയ പരാതിയില്‍ കമ്മീഷൻ മറുപടി നല്‍കി.

ആ മറുപടിയ്ക്ക് വീണ്ടും താൻ മറുപടി അയച്ചിട്ടുണ്ട്. മൂന്ന് ജില്ലകളിലെ ഇവിഎമ്മുകളിലെങ്കിലും ഇവിഎമ്മില്‍ അട്ടിമറി നടന്നിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ തങ്ങളുടെ നേതാക്കള്‍ ശേഖരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.

ഹരിയാനയിലെ തിരഞ്ഞെടുപ്പ് വിജയം തീർത്തും അപ്രതീക്ഷിതം ആയിരുന്നു. ഫലം വന്നപ്പോള്‍ വളരെ അത്ഭുതപ്പെട്ടുപോയി. ഇത് ജനങ്ങളെയും ജനാധിപത്യ വ്യവസ്ഥയെയും അട്ടിമറിച്ചുകൊണ്ട് നടിയ വിജയം ആണെന്നും ജയറാം രമേശ് വ്യക്തമാക്കി.

ഹരിയാന നിയമസഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിനേറ്റ കനത്ത പരാജയത്തിനു പിന്നാലെ ആം ആദ്മി പാര്‍ട്ടിക്കെതിരെ രൂക്ഷവിമര്‍ശനവുമായി ആം ആദ്മി പാര്‍ട്ടി വിമത നേതാവ് സ്വാതി മലിവാള്‍ രംഗത്തെത്തി.

ആം ആദ്മി പാര്‍ട്ടി ഇന്ത്യാ സഖ്യത്തെ വഞ്ചിച്ചു എന്ന ആരോപണവുമായാണ് സ്വാതി രംഗത്തുവന്നത്. ആപ്പ് വഞ്ചിക്കുകയും ഹരിയാനയില്‍ വോട്ടുകള്‍ ഭിന്നിപ്പിച്ച്‌ കോണ്‍ഗ്രസിന്റെ വിജയത്തിന് തുരങ്കം വെച്ചെന്നും സ്വാതി മലിവാള്‍ കുറ്റപ്പെടുത്തി.

പ്രതിപക്ഷ സഖ്യത്തിന്റെ ഐക്യത്തെയാണ് ആം ആദ്മി പാര്‍ട്ടി വഞ്ചിച്ചത്. കോണ്‍ഗ്രസിനെ ദുര്‍ബലപ്പെടുത്താന്‍ മാത്രമാണ് ആം ആദ്മി പാര്‍ട്ടി ഹരിയാനയില്‍ മത്സരിച്ചത്. ഞാന്‍ ബി.ജെ.പി ഏജന്റ് ആണെന്നാണ് അവര്‍ കുറ്റപ്പെടുത്തിയത്. ഇന്ന് അവര്‍ തന്നെ ഇന്‍ഡ്യ സഖ്യത്തെ ഒറ്റിക്കൊടുക്കുകയും കോണ്‍ഗ്രസിന്റെ വോട്ടുകള്‍ ഭിന്നിപ്പിക്കുകയും ചെയ്യുന്നുവെന്നും അവര്‍ പറഞ്ഞു.

അതേസമയം ഹരിയാനയില്‍ ജുലാന മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി വിനേഷ് ഫോഗട്ട് ജയിച്ചു. 6015 വോട്ടുകള്‍ക്കാണ് ജയം. തുടക്കത്തില്‍ മുന്നേറിയ വിനേഷ് പിന്നീട് ബിജെപിയുടെ യോഗേഷ് കുമാറിന് പിന്നിലായി.

എന്നാല്‍, അവസാന റൗണ്ടുകളില്‍ ലീഡ് നേടിയ വിനേഷ് ഒടുവില്‍ വിജയം കൈവരിക്കുകയായിരുന്നു. ബിജെപി സ്ഥാനാർത്ഥിയായ യോഗേഷ് കുമാറാണ് രണ്ടാം സ്ഥാനത്ത്. ആം ആദ്‌മിയുടെ കവിത റാണി അഞ്ചാം സ്ഥാനത്താണ്.

2004ന് ശേഷം മണ്ഡലത്തില്‍ കോണ്‍ഗ്രസിന് ജയിക്കാൻ കഴിഞ്ഞിട്ടില്ലെന്നതായിരുന്നു ജുലാനയില്‍ സ്ഥാനാർത്ഥിയായി എത്തുമ്ബോള്‍ വിനേഷ് നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാർത്ഥി വെറും 9.84% വോട്ടു മാത്രം നേടിയ സ്ഥാനത്താണ് ഇത്തവണ വിനേഷിലൂടെ പാർട്ടിക്ക് വൻ മുന്നേറ്റം നടത്താനായത്.കർഷക രോഷവും ഗുസ്‌തിയിലെ സംഭവവുമാണ് മണ്ഡലത്തില്‍ ബിജെപിക്ക് തിരിച്ചടിയായത്.

ഇന്ന് നേരത്തെ തന്നെ ആഘോഷം ആരംഭിച്ച കോണ്‍ഗ്രസിന് നിരാശയാണ് ഹരിയാന നല്‍കുന്നതെങ്കില്‍ ആശ്വാസമാകുന്നതാണ് ജമ്മു കശ്മീര്‍ ജനവിധി. ഉമർ അബ്ദുല്ല തന്നെ മുഖ്യമന്ത്രി ആയേക്കും. ബിജെപിയുടെ ലീഡ് ജമ്മു മേഖലയിൽ മാത്രം ഒതുങ്ങി.

പ്രത്യേക പദവി എടുത്തുകളഞ്ഞതിലൂടെ ജമ്മുകശ്മീരില്‍ വലിയ നേട്ടമുണ്ടാക്കിയെന്ന ബിജെപിയുടെ വാദമാണ് ജനവിധിയിലൂടെ പൊളിയുന്നത്.

തുടക്കം മുതൽ തന്നെ കോൺഗ്രസ് – നാഷനൽ കോൺഫറൻസ് സഖ്യം വ്യക്തമായ മുൻതൂക്കത്തോടെയാണ് വിജയത്തിലേക്കു നടന്നടുത്തത്. രാവിലെ പത്തരയോടെത്തന്നെ ചിത്രം വ്യക്തമായിരുന്നു കോൺഗ്രസ്-എൻസി സഖ്യം കേവല ഭൂരിപക്ഷത്തിനു വേണ്ട 46 സീറ്റ് മറികടന്നു കുതിപ്പ് തുടർന്നു. 48 സീറ്റുകളിൽ സഖ്യം വിജയക്കൊടി പാറിച്ചു. 29 സീറ്റുകളാണ് ബിജെപിക്ക് നേടാനായത്. നാഷനൽ കോൺഫറൻസിന്റേതിനു സമാനമായി ജമ്മു കശ്മീരിൽ ആഴത്തിൽ വേരുകളുള്ള പിഡിപിക്ക് നേടാനായത് വെറും 3 സീറ്റുകൾ മാത്രം. 7 സീറ്റുകളിൽ സ്വതന്ത്രരും വിജയിച്ചു.

കശ്മീർ താഴ്‌വരയിൽ പ്രബലർ മെഹബൂബ മുഫ്തിയുടെ നേതൃത്വത്തിലുള്ള പിഡിപിയും ഫാറൂഖ് അബ്ദുല്ലയുടെ നേതൃത്വത്തിലുള്ള നാഷനൽ കോൺഫറൻസും തന്നെയായിരുന്നു. നാഷനൽ കോൺഫറൻസിന്റെ ശക്തമായ തിരിച്ചുവരവിന് തിരഞ്ഞെടുപ്പ് സാക്ഷ്യം വഹിച്ചപ്പോൾ പിഡിപി തകർന്നടിയുന്നതാണ് കണ്ടത്. മത്സരിച്ച 56 സീറ്റുകളിൽ 43 സീറ്റുകളും നാഷനൽ കോൺഫറൻസ് നേടി. കഴിഞ്ഞ അസംബ്ലി തിരഞ്ഞെടുപ്പിൽ വെറും 15 സീറ്റുകൾ മാത്രം നേടിയ സംസ്ഥാന പാർട്ടിയെ സംബന്ധിച്ചിടത്തോളം ഇതൊരു വലിയ മുന്നേറ്റമാണ്.

ജനം തങ്ങൾക്കൊപ്പമാണെന്നത് അവർക്കു നൽകുന്ന ആത്മവിശ്വാസവും ചെറുതല്ല. മത്സരിച്ച ഗാന്ദർബൽ, ബഡ്ഗാം മണ്ഡലങ്ങളിൽ ഒമർ അബ്ദുല്ല വിജയിച്ചു. ഗാന്ദർബൽ നാഷനൽ കോൺഫറൻസിന്റെ ശക്തികേന്ദ്രമാണ്. അബ്ദുല്ല കുടുംബത്തിലെ വിവിധ തലമുറകൾക്കൊപ്പം നിന്നിട്ടുളള മണ്ഡലം. 1977ൽ ഷെയ്ഖ് മുഹമ്മദ് അബ്ദുല്ല വിജയിച്ച മണ്ഡലത്തിൽ പിന്നീട് അദ്ദേഹത്തിന്റെ മകൻ ഫാറൂഖ് അബ്ദുല്ല 1983 ലും 87 ലും 96 ലും വിജയിച്ചു. 2008 ലാണ് ഇവിടെനിന്ന് ഒമർ അബ്ദുല്ല വിജയിക്കുന്നത്.

കുൽഗാമിൽനിന്നു മത്സരിക്കുന്ന, ജമ്മു കശ്മീരിലെ സിപിഎമ്മിന്റെ ഏകസാന്നിധ്യം യൂസഫ് തരിഗാമിയും ഇത്തവണ ജയിച്ചു. കുൽഗാം പിഡിപിയുടെയും ശക്തികേന്ദ്രമായിരുന്നു. ജമാഅത്തെ ഇസ്‌ലാമി സ്ഥാനാർഥിയുടെ സാന്നിധ്യവും തരിഗാമിക്ക് തിരിച്ചടിയാകുമെന്ന് കരുതിയെങ്കിലും ജമാഇത്തെ ഇസ്‌ലാമി സ്ഥാനാർഥി പിഡിപി വോട്ടുകൾ ഭിന്നിപ്പിച്ചു. ഇത് തരിഗാമിക്ക് ഗുണം ചെയ്തുവെന്നാണ് മനസ്സിലാക്കാനാകുന്നത്.

44 മുതല്‍ 54 വരെ സീറ്റ് നേടി ഹരിയാനയില്‍ കോണ്‍ഗ്രസ് മുന്നേറ്റമുണ്ടാകുമെന്നാണ് മിക്ക സർവ്വെയും പ്രവചിച്ചത്. ബിജെപി 15 മുതല്‍ 29 വരെയും ജെജെപി പൂജ്യം മുതല്‍ ഒരു സീറ്റ് വരെ സ്വന്തമാക്കുമെന്നായിരുന്നു മറ്റു പ്രവചനങ്ങള്‍.

എന്നാല്‍ വോട്ടെണ്ണല്‍ ആരംഭിച്ച്‌ മണിക്കൂറുകള്‍ പിന്നിട്ടപ്പോള്‍ കാര്യങ്ങള്‍ എല്ലാം തകിടം മറിയുന്ന അവസ്ഥയിലേക്ക് പോകുകയായിരുന്നു. ഹരിയാനയിലെ ആദ്യ ഫല സൂചനകള്‍ കോണ്‍ഗ്രസിനൊപ്പമായിരുന്നെങ്കിലും പിന്നീട് പന്ത് ബിജെപിയുടെ കോർട്ടിലേക്ക് എത്തുകയായിരുന്നു

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments