Saturday, May 17, 2025
spot_imgspot_img
HomeNewsഇസ്രായേൽ - പാലസ്തീൻ യുദ്ധത്തിനെതിരെ ഡെൽഹിയിൽ നിരാഹാര സത്യാഗ്രഹം നടത്തി

ഇസ്രായേൽ – പാലസ്തീൻ യുദ്ധത്തിനെതിരെ ഡെൽഹിയിൽ നിരാഹാര സത്യാഗ്രഹം നടത്തി

ന്യൂഡൽഹിഃ പാലസ്തീനിലും ഇസ്രയേലിലും സമാധാനം പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഡെൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ ഫോർ ഡെമോക്രാറ്റിക് വേൾഡ് ഗവണ്മെന്റ്’ എന്ന സംഘടനയുടെ നേതൃത്വത്തിൽ ഡെൽഹി – ശ്രീനിവാസ്പുരിയിൽ ഇന്ന് നിരാഹാര സത്യാഗ്രഹം നടത്തി.

ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫിന്റെ നേതൃത്വത്തിൽ നടന്ന സത്യാഗ്രഹത്തിൽ നൂറോളം മനുഷ്യാവകാശ പ്രവർത്തകരും വിവിധ സാമൂഹ്യ – സാംസ്കാരിക – രാഷ്ട്രീയ പ്രവർത്തകരും പങ്കെടുത്തു. ഒക്ടോബർ 28 ന് ജന്തർ മന്ദറിൽ “കാൻഡിൽ മാർച്ച്” നടത്തുവാനുള്ള അനുമതിക്കുവേണ്ടി ഡെൽഹി പൊലീസിന് അപേക്ഷ നൽകിയിരുന്നു. എന്നാൽ ജന്തർ മന്ദറിൽ “കാൻഡിൽ മാർച്ച്”നടത്തുവാൻ പോലീസ് അനുവദിക്കാതിരുന്നതിനെത്തുടർന്നാണ്, പോലീസിന്റെ അനുമതിയില്ലാതെതന്നെ ശ്രീനിവാസ്പുരിയിൽ നിരാഹാര സത്യാഗ്രഹം സംഘടിപ്പിക്കുവാൻ ആക്ഷൻ കൗൺസിൽ തീരുമാനിച്ചത്.

നിരപരാധികളായ ആയിരക്കണക്കിന് മനുഷ്യർ മരിച്ചുവീഴുന്ന ഇസ്രായേൽ – പാലസ്തീൻ യുദ്ധം എത്രയും പെട്ടെന്ന് അവസാനിപ്പിക്കുവാൻ ഇന്ത്യാ സർക്കാർ അടിയന്തിര ഇടപെടലുകൾ നടത്തണമെന്ന് ആവശ്യപ്പെട്ടുകൊണ്ടും, ഇസ്രായേലിനേയും പാലസ്തീനെയും രണ്ട് സ്വതന്ത്ര രാഷ്ട്രങ്ങളായി പ്രഖ്യാപിച്ചുകൊണ്ട് പശ്ചിമേഷ്യയിൽ സമാധാനം പുനഃസ്ഥാപിക്കുവാൻ ഐക്യരാഷ്ട്ര സംഘടനയും മുഴുവൻ ലോകനേതാക്കളും മുൻകൈ എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുമാണ് നിരാഹാര സത്യാഗ്രഹം സംഘടിപ്പിച്ചത്.

എന്തെല്ലാം ന്യായം പറഞ്ഞാണെങ്കിലും മനുഷ്യരെ കൂട്ടക്കുരുതി ചെയ്യുന്ന ഇസ്രായേൽ ഭരണകൂടത്തേയും ഹമാസിനേയും പിന്തുണക്കുന്നില്ലെന്ന് ആക്ഷൻ കൗൺസിൽ ചെയർമാൻ രാജീവ് ജോസഫ് വ്യക്തമാക്കി. ഇസ്രായേൽ ഭരണകൂടവും ഹമാസും മനുഷ്യരാശിയോട് ചെയ്യുന്ന കൊടും ക്രൂരത കയ്യുംകെട്ടി നോക്കിനിൽക്കുകയാണ് അധികാരക്കൊതിയൻമ്മാരായ ലോക നേതാക്കളും മതഭ്രാന്തൻമാരുമെന്ന് രാജീവ് ജോസഫ് കൂട്ടപ്പെടുത്തി.

യുദ്ധം വ്യാപകമായാൽ ഇസ്രായേലിലെയും പാലസ്തീനിലെയും നിരപരാധികളായ ജനലക്ഷങ്ങൾ വധിക്കപ്പെടുമെന്ന് മനസ്സിലാക്കുവാൻ യുദ്ധ അനുകൂലികൾക്ക് സാധിക്കാത്തത്, അവരുടെ തീവ്രമത ചിന്താഗതികളും മരവിച്ച മനഃസ്സാക്ഷിയും മാത്രമാണ്. ഇവരുടെയൊക്കെ ദൈവവിശ്വാസവും പ്രാർത്ഥനയും കപടവും അപഹാസ്യവുമാണെന്ന് രാജീവ് ജോസഫ് പറഞ്ഞു.

യുദ്ധത്തിനെതിരെ സത്യാഗ്രഹം നടത്തിയതുകൊണ്ട് യുദ്ധം അവസാനിക്കുമെന്ന് കരുതുന്ന വിഡ്ഢികളല്ല ‘ഇന്റർനാഷണൽ ആക്ഷൻ കൗൺസിൽ ഫോർ ഡെമോക്രാറ്റിക് വേൾഡ് ഗവണ്മെന്റ്’ എന്ന സംഘടനയുടെ പ്രവർത്തകരെന്നും, മനുഷ്യകുലത്തെ കൊന്നൊടുക്കുന്ന യുദ്ധക്കൊതിയൻമ്മാർക്കെതിരെ നട്ടെല്ല് നിവർത്തി ആർജ്ജവത്തോടെ സംസാരിക്കുവാനുള്ള ധാർമ്മിക ഉത്തരവാദിത്വം നിറവേറ്റുക മാത്രമാണ് ആക്ഷൻ കൗൺസിൽ പ്രവർത്തകർ ചെയ്യുന്നതെന്നും രാജീവ് ജോസഫ് പറഞ്ഞു.

മനുഷ്യാവകാശ പ്രവർത്തകരെന്ന നിലയിൽ മതേതര കാഴ്ചപ്പാടുകളോടെയാണ് ഈ ഉപവാസ സമരം അനുഷ്ഠിക്കുന്നത്. ഇസ്രായേൽ – പാലസ്തീൻ വിഷയത്തിൽ സമാധാനപരമായി ഇന്ത്യയിൽ നടത്തുന്ന സമരങ്ങളും പ്രതിഷേധ സ്വരങ്ങളും അടിച്ചമർത്തുവാൻ കേന്ദ്രസർക്കാർ ശ്രമിക്കരുതെന്നും, യുദ്ധക്കളത്തിൽ കൊലചെയ്യപ്പെടുന്ന നിഷ്കളങ്കരായ ആയിരക്കണക്കിന് പിഞ്ചുകുഞ്ഞുങ്ങളുടേയും സ്ത്രീകളുടേയും കൂട്ടക്കരച്ചിൽ കേൾക്കാതെ, ഏതെങ്കിലും ഒരു രാജ്യത്തിൻറെ മാത്രം പക്ഷത്തുചേർന്ന് പതിനായിരങ്ങളുടെ പ്രാണനെടുക്കുന്ന കാലന്മ്മാരുടെ കൂട്ടത്തിൽ കൂടുവാൻ, മഹാത്മാ ഗാന്ധിയുടെ നാടായ ഇന്ത്യ തയ്യാറാകരുതെന്നും കേന്ദ്ര സർക്കാരിനോട് ആക്ഷൻ കൗൺസിൽ പ്രവർത്തകർ അഭ്യർത്ഥിച്ചു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments