കണ്ണൂര്‍:എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കണ്ണൂർ മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി പി ദിവ്യക്കെതിരെ കേരളത്തിലുടനീളം വലിയ പ്രതിഷേധം ഉയരുന്നതിനിടെ കണ്ണൂര്‍ ജില്ലാ കളക്ടര്‍ അരുൺ കെ വിജയനിലേക്കും അന്വേഷണം നീങ്ങുന്ന സാഹചര്യമാണ് ഉള്ളത്. Is Kannur district collector also accused in the incident of ADM Naveen Babu’s suicide?
കണ്ണൂരില്‍ നിന്ന് പത്തനംതിട്ടയിലേക്കുള്ള സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട യാത്രയയപ്പ് ചടങ്ങിലാണ് ക്ഷണിക്കാതെ എത്തിയ പി പി ദിവ്യ അധിക്ഷേപ പരാമർശം നടത്തിയത്. ദിവ്യയെ ചടങ്ങിലേക്ക് കളക്ടര്‍ വിളിച്ചുവരുത്തി എന്ന ആരോപണമാണുള്ളത്.
നവീൻ ബാബുവിന്റെ മരണത്തിൽ പ്രതി ചേർക്കപ്പെട്ട പിപി ദിവ്യ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചതില്‍ ജില്ലാ കളക്ടറാണ് തന്നെ പരിപാടിയിലേക്ക് ക്ഷണിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു. പി.പി ദിവ്യയുടെ മുന്‍കൂര്‍ ജാമ്യപേക്ഷയില്‍ എഡിഎം നവീന്‍ ബാബുവിന്റെ കുടുംബം കക്ഷി ചേരും. ഇതിനായുള്ള നിയമ നടപടികള്‍ നാളെ തുടങ്ങുമെന്ന് കുടുംബം അറിയിച്ചു.
യാത്രയയപ്പ് ദിവസം രാവിലെ കണ്ണൂര്‍ കലക്ടര്‍ അരുണ്‍ കെ. വിജയനെ ഒരു പരിപാടിക്കിടെ കണ്ടിരുന്നു. അദ്ദേഹം ആ പരിപാടിക്കിടെയാണ് എഡിഎമ്മിന്റെ യാത്രയയപ്പ് ചടങ്ങുണ്ടെന്ന കാര്യം തന്നോട് പറയുന്നതും ക്ഷണിച്ചതും.
മറ്റ് പരിപാടികളില്‍ തിരക്കിലായതിനാല്‍ കൃത്യസമയത്ത് തനിക്ക് ചടങ്ങിലെത്താനായില്ല. തുടര്‍ന്ന് പരിപാടി കഴിഞ്ഞുവോ എന്ന് കലക്ടറോട് വിളിച്ച് അന്വേഷിക്കുകയും ഇല്ലെന്ന് അദ്ദേഹം പറയുകയും തന്നോട് വരാന്‍ നിര്‍ദേശിക്കുകയും ചെയ്തു. ഇതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ചടങ്ങിലെത്തിയതെന്നും ഇവര്‍ പറയുന്നു.
കളക്ടർക്കെതിരെ നേരത്തെ സിപിഎം പത്തനംതിട്ട നേതൃത്വവും ബിജെപിയും കോൺഗ്രസും രംഗത്തെത്തിയിരുന്നു. ഗൂഢാലോചനയിൽ കളക്ടർക്ക് പങ്കുണ്ടെന്നാണ് ആരോപണം. പത്തനംതിട്ടയിൽ എഡിഎമ്മിൻ്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത അദ്ദേഹം കണ്ണൂരിൽ തിരിച്ചെത്തിയെങ്കിലും ഇന്ന് ഓഫീസിലേക്ക് വന്നില്ല.
കളക്ടർ ഓഫീസിൽ വന്നാലും ബഹിഷ്കരിക്കാനാണ് സിവിൽ സ്റ്റേഷനിലെ ജീവനക്കാരുടെ തീരുമാനം. പ്രതിഷേധം ഉണ്ടാകാനുള്ള സാഹചര്യം കണക്കിലെടുത്ത് കണ്ണൂരിൽ കനത്ത സുരക്ഷയൊരുക്കിയിട്ടുണ്ട്.
അതിനിടെ എഡിഎമ്മിൻ്റെ മരണത്തിലേക്ക് നയിച്ച സംഭവത്തിൽ ഗുരുതര ആരോപണം നേരിടുന്ന കണ്ണൂർ കളക്ടർ അരുൺ കെ വിജയൻ സ്ഥലംമാറ്റത്തിനായി ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു.
എന്നാൽ തത്കാലം കണ്ണൂരിൽ തുടരാൻ ആവശ്യപ്പെട്ട് അപേക്ഷ മടക്കി. എഡിഎമ്മിൻ്റെ മരണത്തിൽ രോഷാകുലരായ കണ്ണൂർ കളക്ട്രേറ്റിലെ ജീവനക്കാർ തനിക്കെതിരെ തിരിയുമെന്ന് മുൻകൂട്ടി കണ്ടാണ് കളക്ടർ അരുൺ കെ വിജയൻ്റെ നീക്കം.
അതേസമയം ജീവനൊടുക്കിയ എഡിഎം നവീൻ ബാബുവിന്റെ കുടുംബത്തിന് അനുശോചനം അറിയിച്ച് കളക്ടർ കത്ത് അയച്ചിരുന്നു. പത്തനംതിട്ട സബ് കളക്ടർ നേരിട്ടെത്തിയാണ് കത്ത് നവീൻ ബാബുവിന്റെ കുടുംബത്തിന് കൈമാറിയത്. കാര്യക്ഷമതയോടെയും സഹാനുഭൂതിയോടുകൂടിയും തന്റെ ഉത്തരവാദിത്തം നിർവഹിച്ചയാളാണ് നവീൻ ബാബുവെന്നും നികത്താനാകാത്ത നഷ്ടമാണുണ്ടായതെന്നും കത്തിൽ കളക്ടർ അനുസ്മരിക്കുന്നു.
8 മാസമായി എന്റെ തോളോട് തോൾ ചേർന്ന് പ്രവർത്തിച്ചയാളായിരുന്നു നവീൻ ബാബു. സംഭവിക്കാൻ പാടില്ലാത്ത, നികത്താൻ കഴിയാത്ത നഷ്ടമാണ് ഉണ്ടായത്. നിങ്ങളെ കാണുമ്പോൾ എന്ത് പറയണമെന്നോ എങ്ങനെ ആശ്വസിപ്പിക്കണമെന്നോ അറിയില്ല.
കാര്യക്ഷമതയോടെയും സഹാനുഭൂതിയോടുകൂടിയും തന്റെ ഉത്തരവാദിത്തം നിർവഹിച്ചയാളാണ് നവീൻ. ഏത് കാര്യവും വിശ്വസിച്ച് ഏൽപ്പിക്കാവുന്ന പ്രിയ സഹപ്രവർത്തകർ. എന്റെ ചുറ്റും ഇപ്പോൾ ഇരുട്ട് മാത്രമാണ്’. വിഷമഘട്ടത്തെ അതിജീവിക്കാൻ എല്ലാവർക്കും കരുത്തുണ്ടാകട്ടേയെന്നും കത്തിലുണ്ട്.
എന്നാല്‍ കണ്ണൂർ കളക്റ്ററുടെ അനുശോചന വാക്കുകൾ ആവശ്യമില്ലെന്ന് നവീൻ ബാബുവിന്റെ കുടുംബം പ്രതികരിച്ചു. സബ് കളക്ടറുടെ കൈവശം കവറിൽ കൊടുത്തുവിട്ട കത്തിൽ പറയുന്ന കാര്യങ്ങൾ അംഗീകരിക്കാനാകില്ലെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ പറഞ്ഞതായി ജോയിൻ്റ് കൗൺസിൽ പത്തനംതിട്ട ജില്ലാ സെക്രട്ടറി ജി അഖിൽ പറഞ്ഞു.
നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കത്തിൽ അതൃപ്തയാണ്. കത്തിൽ വിഷയങ്ങളൊന്നും സൂചിപ്പിച്ചിട്ടില്ല. കളക്ടറുടെ വ്യക്തിപരമായ അനുഭവങ്ങൾ സൂചിപ്പിച്ചു എന്നല്ലാതെ മറ്റൊന്നുമില്ല. കത്തിനെ ഗൗരവമായി കാണുന്നില്ല. ഓൺലൈൻ ചാനലിനെ വിളിച്ച് ഇത്തരത്തിൽ പരിപാടി നടത്തിയതിൽ കളക്ടർ ഇടപെട്ടില്ല. ഇടപെടാമായിരുന്നിട്ടും ഇടപെട്ടില്ലെന്നും കത്തിനെ ഗൗരവമായി കാണുന്നില്ലെന്നും ഭാര്യ അറിയിച്ചതായും ജി അഖിൽ പറഞ്ഞു.
ജില്ലാ കളക്ടറുടെ കൂടി സഹായത്തോടെയാണ് പിപി ദിവ്യ യാത്രയയപ്പ് യോഗത്തിലെത്തി പ്രശ്നം സൃഷ്ടിച്ചതെന്ന ആരോപണം പ്രതിപക്ഷത്തെയും ഭരണപക്ഷത്തെയും നേതാക്കൾ ആരോപിക്കുന്നത്. നവീൻ ബാബുവിനെ ആത്മഹത്യയിലേക്ക് നയിച്ചതിൽ ജില്ലാ കളക്ടര്‍ക്കും പങ്കാളിത്തമുണ്ടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു.
അദ്ദേഹത്തിന്റെ അധ്യക്ഷതയില്‍ നടത്തിയ യോഗത്തിലേക്ക് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വന്നപ്പോള്‍ ഇത് ഒരു ഡൊമസ്റ്റിക് പരിപാടിയാണെന്നു പറയാനുള്ള ഉത്തരവാദിത്തം കളക്ടര്‍ക്കുണ്ടായിരുന്നു. എ. ഡി. എമ്മിന് എതിരെ ദിവ്യ മോശമായി സംസാരിച്ചപ്പോൾ അവരെ വിലക്കണമായിരുന്നു.
രാവിലെ നിശ്ചയിച്ച യാത്ര അയപ്പ് യോഗം വൈകിട്ടത്തേക്ക് കളക്ടര്‍ മാറ്റിയത് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന് വേണ്ടിയായിരുന്നോയെന്ന് വ്യക്തമാക്കണമെന്നും സതീശൻ പറഞ്ഞു.
അതേസമയം എ ഡി എമ്മിനെ അധിക്ഷേപിക്കാൻ പി പി ദിവ്യയ്ക്ക് നാടകീയമായ സാഹചര്യം ഒരുക്കിയതില്‍ ജില്ലാ കളക്ടര്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കണമെന്ന് കെ പി സി സി പ്രസിഡണ്ട് കെ സുധാകരൻ പറഞ്ഞു. ക്ഷണിക്കാത്ത യോഗത്തിലേക്ക് പി പി ദിവ്യ കടന്നു വന്നത് ആസൂത്രിതമായ ഇടപെടലിന്റെ ഭാഗമാണെന്ന് ആക്ഷേപമുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
പി പി ദിവ്യ എ ഡി എമ്മിനെ അധിക്ഷേപിക്കുമ്പോള്‍ ജില്ലാ കളക്ടര്‍ ഇടപെടാതെ ഇരുന്നതും ദുരൂഹമാണ്. സിപിഐഎം പത്തനംതിട്ട ജില്ലാ സെക്രട്ടറി കെപി ഉദയഭാനുവും സമാനമായ ആരോപണം ഉന്നയിച്ചിരുന്നു.
“സംഭവത്തിൽ ഗൂഢാലോചന നടന്നിട്ടുണ്ട്. അതിൽ നല്ലൊരു പങ്കും കണ്ണൂർ കളക്ടർ അരുൺ കെ വിജയനാണുള്ളത്. രാവിലെ നടത്താൻ തീരുമാനിച്ച പരിപാടി മാറ്റിയതും അതിന്റെ ഭാഗമാണ്, അദ്ദേഹത്തിനെതിരെയും അന്വേഷണം വേണം,” ഉദയഭാനു ഇന്ന് രാവിലെ പ്രസ്താവിച്ചു.
പെട്രോൾ പമ്പിനായി ഭൂമി പാട്ടത്തിന് നൽകിയ വൈദികനും വെളിപ്പെടുത്തലുമായി രംഗത്തെത്തി. എഡിഎം നവീൻ ബാബു സത്യസന്ധനായ ഉദ്യോഗസ്ഥനാണെന്നാണ് അപേക്ഷകനായ പ്രശാന്തൻ തന്നോട് പറഞ്ഞെതെന്ന് നെടുവാലൂർ പള്ളി വികാരി ഫാദർ പോൾ പറഞ്ഞു.
‘എല്ലാക്കാര്യങ്ങളും വളരെ കൃത്യമായി ചെയ്യുന്ന ആളാണെന്നാണ് എഡിഎമ്മിനെ കുറിച്ച് എന്നോട് പറഞ്ഞത്. കൃത്യമായി കാര്യങ്ങള്‍ ചെയ്യുന്നത് വേറൊരു വഴിയിലൂടെയോ വേറെ രീതിയിലോ അദ്ദേഹത്തെ സമീപിക്കാന്‍ കഴിയില്ല എന്നാണ് പറഞ്ഞത്.
എഡിഎം ഇവിടെ വന്നപ്പോള്‍ എനിക്ക് കാണാന്‍ സാധിച്ചില്ല. പ്രശാന്തനാണ് പറഞ്ഞത് ഭൂമി ഒരുക്കിയിടണം എന്ന്. സാധാരണ ഗതിയില്‍ ആരെങ്കിലും വന്നാല്‍ എന്നെ വിളിക്കുന്നതാണ്. പക്ഷേ വിളിച്ചില്ല. ഒരു പ്രാവശ്യം പോലും ഞാനദ്ദേഹത്തെ കണ്ടിട്ടില്ല വൈദികന്‍ പറഞ്ഞു.
അതെസമയം ജില്ലാ കളക്ടർ അരുൺ കെ വിജയൻ ഓഫീസിൽ നിന്ന് മാറി നിൽക്കുകയാണെന്ന് റിപ്പോർട്ടുകൾ . ജീവനക്കാർക്ക് ജില്ലാ കളക്ടറുടെ നീക്കങ്ങളിൽ പ്രതിഷേധമുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. അരുൺ കെ വിജയൻ കണ്ണൂരിൽ തന്നെയുണ്ടെങ്കിലും ഓഫീസിലെത്തിയിട്ടില്ല.
നവീൻ ബാബുവിന് ആദരാഞ്ജലി നേർന്നുള്ള ജില്ലാ കളക്ടറുടെ ഫേസ്ബുക്ക് പോസ്റ്റിലെ കമന്റ് ബോക്സ് പൂട്ടി വെച്ചിരിക്കുകയാണ്. ശക്തമായ ജനവികാരം കളക്ടറുടെ മറ്റ് പോസ്റ്റുകളിൽ കാണാം.
ഉദ്യോഗസ്ഥരുടേത് മാത്രമായ ഒരു പരിപാടിയിൽ ദിവ്യക്ക് കയറിച്ചെന്ന് സംസാരിക്കാൻ കളക്ടർ അവസരം നൽകിയെന്നാണ് സഹപ്രവർത്തകർ വിശ്വസിക്കുന്നത്. ഓഫീസിലെത്തിയാൽ കളക്ടറെ തടയാൻ ജീവനക്കാർ എടുത്തിട്ടുണ്ട്. കളക്ടറെ അനൗദ്യോഗികമായി ബഹിഷ്കരിക്കാനും ഉദ്യോഗസ്ഥർ തീരുമാനമെടുത്തിട്ടുണ്ട്. സ്ഥിതിഗതികൾ ഇങ്ങനെ തുടരുകയാണെങ്കിൽ കളക്ടറെ മാറ്റേണ്ടി വരുമെന്ന സ്ഥിതിയാണുള്ളത്.