തെല്‍ അവീവ്: ഇസ്രയേല്‍ – ഫലസ്തീന്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ വര്‍ക്കിങ് പെര്‍മിറ്റ് റദ്ദാക്കിയ തൊണ്ണൂറായിരം ഫലസ്തീന്‍ തൊഴിലാളികളുടെ സ്ഥാനത്തേക്ക് ഇന്ത്യക്കാരെ റിക്രൂട്ട് ചെയ്യാന്‍ ശ്രമിക്കുന്നതായി റിപ്പോര്‍ട്ട്. ഇസ്രയേലിലെ വ്യാപാര, വ്യവസായ അസോസിയേഷനുകള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ഈ തീരുമാനത്തിലെത്തിയതെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്.
ഉടനടി ഒരുലക്ഷം തൊഴിലാളികളെ വിട്ടുനല്‍കണമെന്ന് ഇന്ത്യയോട് ഇസ്രയേല്‍ ഔദ്യോഗികമായി ആവശ്യപ്പെട്ടതായി മാധ്യമപ്രവര്‍ത്തകന്‍ ആദിത്യ രാജ് കൗള്‍ എക്‌സില്‍ കുറിച്ചു. ഇപ്പോള്‍ തങ്ങള്‍ ഇന്ത്യയുമായി ചര്‍ച്ച നടത്തുകയാണെന്നും ഇന്ത്യയുടെ തീരുമാനത്തിനായി കാത്തിരിക്കുകയാണെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. കഴിഞ്ഞ മേയ് മാസത്തില്‍ 42000 തൊഴിലാളികള്‍ക്ക് നിര്‍മാണ, നഴ്‌സിങ് മേഖലയില്‍ ജോലി ചെയ്യുന്നതില്‍ അനുമതി നല്‍കികൊണ്ടുള്ള കരാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവെച്ചിരുന്നു.
50,000 മുതല്‍ 100,000 തൊഴിലാളികളെ നിലവില്‍ ഇസ്രയേലിന് ആവശ്യമുണ്ടെന്നും അതിലൂടെ എല്ലാ മേഖലകളും പ്രവര്‍ത്തനക്ഷമമാക്കാന്‍ സാധിക്കുമെന്നും സാധാരണഗതിയിലേക്കുള്ള തിരിച്ചുവരവിനെ സഹായിക്കുമെന്നും ഇസ്രയേല്‍ ബില്‍ഡേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ഹെയിം ഫെയ്ഗ്ലിന്‍ മാധ്യമങ്ങളോട് പറഞ്ഞു.
കണക്കുകള്‍ പ്രകാരം ഇസ്രഈലിലെ നിര്‍മാണ മേഖലയില്‍ തൊഴിലെടുക്കുന്നതില്‍ 25 ശതമാനവും ഫലസ്തീനികളാണ്. 25 ശതമാനത്തില്‍ 10 ശതമാനം ഗസയില്‍ നിന്നുള്ളവരാണെന്നും ബാക്കിയുള്ളവര്‍ വെസ്റ്റ് ബാങ്കില്‍ നിന്നുമാണെന്നും ഫെയ്ഗ്ലിന്‍ പറഞ്ഞു. ഗസ സംഘര്‍ഷങ്ങളുടെ പ്രഭവകേന്ദ്രമാണെന്നും ആയതിനാല്‍ ഫലസ്തീനികള്‍ക്ക് ഇസ്രഈലില്‍ തൊഴിലെടുക്കാന്‍ അനുവാദമില്ലെന്നും അദ്ദേഹം പറഞ്ഞു.
ഇസ്രയേലില്‍ തൊഴിലെടുക്കുന്ന ഫലസ്തീനികളുടെ വര്‍ക്കിങ് പെര്‍മിറ്റുകള്‍ അസാധുവാക്കിയതായും അവരെയെല്ലാം നാടുകടത്താന്‍ തീരുമാനിച്ചതായും സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചിരുന്നു. അതേസമയം ഇസ്രയേല്‍ ക്രോസിങ്ങിലൂടെ കാല്‍നടയായി രക്ഷപ്പെട്ട തൊഴിലാളികള്‍ തടങ്കലില്‍ നേരിട്ട അക്രമാസക്തമായ പെരുമാറ്റത്തെക്കുറിച്ച് മാധ്യമങ്ങളോട് സംസാരിച്ചിരുന്നു. എന്നാല്‍ ഇസ്രയേലിന്റെ ആവശ്യങ്ങളില്‍ വിദേശകാര്യമന്ത്രി എസ്. ജയശങ്കര്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.