പാലോട് (തിരുവനന്തപുരം) ∙ യുവതിയെ ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് യുവതിയുടെ പിതാവ്. തന്റെ മകളെ അഭിജിത് കൊന്നതാണെന്ന് പിതാവ് ശശിധരൻ കാണി പറഞ്ഞു. ഭർതൃ മാതാവ് മകളെ അംഗീകരിച്ചിരുന്നില്ല. മകളെ വീട്ടുകാർ പീഡിപ്പിച്ചുവെന്നും പിതാവ് പറയുന്നു. തന്റെ സഹോദരി ആത്‍മഹത്യ ചെയ്യില്ലെന്ന് സഹോദരൻ ഷിനുവും പ്രതികരിച്ചു. സംഭവത്തിൽ ഭർത്താവ് അഭിജിതിനെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.indhuja Death: Family Alleges Mystery
പാലോട് ഇടിഞ്ഞാര്‍ കോളച്ചല്‍ കൊന്നമൂട് ഇന്ദുജാഭവനില്‍ ഇന്ദുജ(25)യെയാണ് ഭര്‍ത്താവ് ഇളവട്ടം സ്വദേശി അഭിജിത്തിൻ്റെ വീട്ടിലെ കിടപ്പുമുറിയിലെ ജനാലയില്‍ തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.
അഭിജിത്ത് ഇന്ദുജയെ കൂട്ടിക്കൊണ്ടു പോയതിനു ശേഷം മകളെ കാണാൻ അനുവദിച്ചില്ലെന്നു കുടുംബം പറയുന്നു. ആദിവാസി വിഭാഗത്തില്‍പ്പെട്ട ഇന്ദുജയുമായി അഭിജിത്ത് രണ്ടുവര്‍ഷമായി പ്രണയത്തിലായിരുന്നു. ഇന്ദുജയെ മൂന്നുമാസം മുന്‍പ് അഭിജിത്ത് വീട്ടില്‍നിന്നു വിളിച്ചിറക്കി അമ്പലത്തില്‍ കൊണ്ടുപോയി വിവാഹം കഴിക്കുകയായിരുന്നു. അഭിജിത്തിനു പെണ്‍കുട്ടിയുടെ വീട്ടുകാരുമായി കാര്യമായ ബന്ധമില്ലായിരുന്നു. എന്നാല്‍ ഇന്ദുജ അമ്മയോടും സഹോദരനോടും ഫോണില്‍ സംസാരിക്കുമായിരുന്നു. പാലോട് പൊലീസിൽ പരാതിപ്പെട്ടതിനു ശേഷം ഒരു ദിവസം മകളെ കൂട്ടിക്കൊണ്ടു പോയതായും അതിനു ശേഷം മകൾ പീഡനം നേരിട്ടതായും മരണത്തിൽ ദുരൂഹതയുണ്ടെന്നും പരാതിയിൽ പറയുന്നു.
(ആത്മഹത്യ ഒരു പ്രശ്നത്തിനും പരിഹാരമല്ല. പ്രതിസന്ധികൾ അത്തരം തോന്നൽ ഉണ്ടാക്കിയാൽ കൗൺസലിംഗ് പിന്തുണക്കായി ഈ നമ്പറുകളിൽ വിളിക്കാം 1056, 0471- 2552056)