Saturday, April 26, 2025
spot_imgspot_img
HomeNewsInternationalഗാസയില്‍ തങ്ങളുടെ സന്നദ്ധപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു, മാനുഷിക സഹായങ്ങള്‍ എത്തിക്കുവാന്‍ കഴിയുന്നില്ല,ദൗത്യം ദുഷ്കരം: വെളിപ്പെടുത്തലുമായി ക്രൈസ്തവ സന്നദ്ധ...

ഗാസയില്‍ തങ്ങളുടെ സന്നദ്ധപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു, മാനുഷിക സഹായങ്ങള്‍ എത്തിക്കുവാന്‍ കഴിയുന്നില്ല,ദൗത്യം ദുഷ്കരം: വെളിപ്പെടുത്തലുമായി ക്രൈസ്തവ സന്നദ്ധ സംഘടന

ഗാസ: ഇസ്രായേല്‍ – ഹമാസ് യുദ്ധത്തേത്തുടര്‍ന്ന്‍ ആളപായങ്ങളും, നാശനഷ്ടങ്ങളും വര്‍ദ്ധിക്കുമ്പോള്‍ തങ്ങളുടെ പ്രാദേശിക പങ്കാളികളുടെ മാനുഷികസഹായ പ്രവര്‍ത്തനങ്ങളെയും യുദ്ധം കാര്യമായി ബാധിച്ചിരിക്കുകയാണെന്ന് ക്രൈസ്തവ സന്നദ്ധ സംഘടനയായ ‘ക്രിസ്റ്റ്യന്‍ എയിഡ്’.

1950-കളുടെ തുടക്കത്തില്‍ തന്നെ ക്രിസ്റ്റ്യന്‍ എയിഡ് തങ്ങളുടെ പ്രാദേശിക പങ്കാളികള്‍ക്കൊപ്പം മധ്യപൂര്‍വ്വേഷ്യയില്‍ പ്രവര്‍ത്തിച്ചുവരികയാണ്. നിലവില്‍ തങ്ങളുടെ ആറോളം പ്രാദേശിക പങ്കാളികള്‍ക്കൊപ്പമാണ് സംഘടന ഗാസയില്‍ സാധാരണക്കാര്‍ക്കിടയില്‍ സന്നദ്ധ സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്നത്. തങ്ങളുടെ പ്രാദേശിക പങ്കാളിയുടെ രണ്ടു സന്നദ്ധ പ്രവര്‍ത്തകര്‍ വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടുവെന്നും, മറ്റൊരു സന്നദ്ധ പ്രവര്‍ത്തകന്‍ ഗുരുതരാവസ്ഥയിലാണെന്നും സംഘടന അറിയിച്ചു.

തങ്ങളുടെ രണ്ടു സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ ഒരാളുടെ കാല്‍ മുറിച്ച് മാറ്റിയെന്നും ക്രിസ്റ്റ്യന്‍ എയിഡിന്റെ മറ്റൊരു പങ്കാളി അറിയിച്ചിട്ടുണ്ട്. പ്രവര്‍ത്തകര്‍ക്ക് തങ്ങളുടെ കുടുംബാംഗങ്ങളെ നഷ്ടപ്പെടുകയും, നിരവധിപേര്‍ ഭവനരഹിതരാവുകയും ചെയ്തിട്ടുണ്ട്. സംഘടനയുടെ ഓഫീസുകള്‍ക്കും ഉപകരണങ്ങള്‍ക്കും സ്ഫോടനങ്ങളില്‍ കേടുപാടുകള്‍ സംഭവിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തങ്ങള്‍ക്ക് മാനുഷിക സഹായങ്ങള്‍ എത്തിക്കുവാന്‍ കഴിയുന്നില്ലെന്ന് സംഘടന അറിയിച്ചു.

“അക്രമം സാധാരണക്കാരേയും, സന്നദ്ധ സഹായ പ്രവര്‍ത്തകരെയും ഒരുപോലെ ബാധിച്ചിരിക്കുകയാണ്, ആരും സുരക്ഷിതരല്ലെങ്കില്‍ പോലും ഗാസയില്‍ ഞങ്ങളുടെ പങ്കാളികള്‍ അപകടകരമായ സാഹചര്യങ്ങള്‍ പോലും വകവെക്കാതെ അസാധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ട്” – ക്രിസ്റ്റ്യന്‍ എയിഡിന്റെ മിഡില്‍ ഈസ്റ്റ് പോളിസി ആന്‍ഡ് അഡ്വോക്കസി തലവനായ വില്ല്യം ബെല്‍ പറയുന്നു.

ഇപ്പോഴും പ്രവര്‍ത്തിക്കുന്ന പ്രാദേശിക ബാങ്കിംഗ് സിസ്റ്റത്തിന്റെ സഹായത്തോടെ വിശുദ്ധ പോര്‍ഫിരിയൂസ് ദേവാലയത്തില്‍ അഭയം തേടിയിരിക്കുന്ന ക്രൈസ്തവര്‍ ഉള്‍പ്പെടെ ഭവനരഹിതരായ ജനങ്ങള്‍ക്ക് സഞ്ചരിക്കുന്ന വൈദ്യസഹായവും, മനശാസ്ത്രപരമായ സഹായങ്ങളും സംഘടന നല്‍കിവരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഒക്ടോബര്‍ 31ന് മാനുഷികസഹായങ്ങളുമായി 56 ട്രക്കുകള്‍ ഗാസയില്‍ പ്രവേശിച്ചതായി ഐക്യരാഷ്ട്ര സഭ അറിയിച്ചു. ഗാസയിലെ ഏക കത്തോലിക്ക ദേവാലയമായ ഹോളി ഫാമിലി ദേവാലയത്തില്‍ അഞ്ഞൂറോളം പേരാണ് അഭയം തേടിയിരിക്കുന്നത്. ഇവിടുത്തെ സ്ഥിഗതികള്‍ അനുദിനം അന്വേഷിക്കുന്നുണ്ടെന്ന് ഫ്രാന്‍സിസ് പാപ്പ ഇക്കഴിഞ്ഞ ദിവസം പറഞ്ഞിരിന്നു.

RELATED ARTICLES
- Advertisment -spot_img

Most Popular

Recent Comments