തിരുവനന്തപുരം: മരുന്നുകളെ തന്നെ അതിജീവിക്കുന്ന അപകടകാരികളായ ബാക്ടീരിയകളുടെ സാന്നിധ്യം കേരളത്തിലെ ഇറച്ചിക്കോഴികളിൽ കണ്ടെത്തി ഐസിഎംആർ. കോഴികളുടെ വിസര്‍ജ്യങ്ങള്‍ ശേഖരിച്ച് ജീനോമിക് ഡിഎന്‍എയെ വേര്‍തിരിച്ച് നടത്തിയ പഠനത്തിലാണ് ഞെട്ടിക്കുന്ന കണ്ടെത്തലുകള്‍.
ഇന്ത്യയില്‍ ആന്റിബയോട്ടിക് ചികിത്സയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഇ-കോളി, ക്ലോസ്ട്രിഡിയം പെര്‍ഫ്രിംഗന്‍സ്, ക്ലെബ്സിയെല്ല ന്യുമോണിയ സ്റ്റാഫൈലോകോക്കസ് ഓറിയസ്, എന്ററോകോക്കസ് ഫെക്കാലിസ്, സ്യൂഡോമോണസ് എരുഗിനോസ, ബാക്ടീരിയോഡ്സ് ഫ്രാഗിള്‍സ് തുടങ്ങിയ രോഗാണുക്കളും പഠനത്തില്‍ കണ്ടെത്തി.
ഈ പഠനം പ്രസിദ്ധീകരിച്ചത് ഐസിഎംആർ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ന്യൂട്രീഷ്യനിലെ (ഹൈദരാബാദ്) ഡ്രഗ്സ് സേഫ്റ്റി ഡിവിഷൻ ഒരു അന്താരാഷ്ട്ര ജേണലിലാണ് . കോഴികളുടെ വിസർജ്യങ്ങൾ ശേഖരിച്ച് ജീനോമിക് ഡിഎൻഎയെ വേർതിരിച്ചാണ് പഠനം നടത്തിയത്.
ശ്വാസകോശ സംബന്ധമായ അണുബാധകൾ (ന്യുമോണിയ, ബ്രോങ്കൈറ്റിസ്), മൂത്രനാളിയിലെ അണുബാധകൾ, ദഹനനാളത്തിലെ അണുബാധകൾ, ഇൻട്രാ-അബ്ഡോമിനൽ അണുബാധകൾ തുടങ്ങിയവയ്ക്കെല്ലാം ഇത് കാരണമായേക്കാം. പാകം ചെയ്താലും ചില ബാക്ടീരിയകൾ നിലനിൽക്കും.
വ്യാവസായികാടിസ്ഥാനത്തിൽ പ്രൗൾട്രി ഫാമുകൾ ആരംഭിച്ചതോടെ കോഴിവളർത്തലിന് വ്യാപകമായി ആൻറിബയോട്ടിക്കുകൾ ഉപയോഗിക്കുന്ന സ്ഥിതിയാണ് ഇന്നുള്ളത്.
ആൻറിബയോട്ടിക് പ്രതിരോധം എന്നറിയപ്പെടുന്ന ഈ ഗുരുതര സാഹചര്യത്തെ തടയുന്നതിന് ആരോഗ്യവകുപ്പിൻറെ നേതൃത്വത്തിൽ തീവ്രയജ്ഞം നടക്കുന്നുണ്ട്.