ധാക്ക: ബംഗ്ലാദേശി നടി ഹുമൈറ ഹിമു അന്തരിച്ചു. 37 വയസായിരുന്നു. അബോധാവസ്ഥയിൽ കണ്ടെത്തിയ നടിയെ ഉടൻ തന്നെ ധാക്കയിലെ ഉത്തര ആധുനിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചിരുന്നെങ്കിലും മരിച്ചിരുന്നതായി ഡോക്ടർമാർ അറിയിച്ചു.
ഹുമൈറയുടെ കഴുത്തിൽ ചില പാടുകൾ കണ്ടത് ഡോക്ടർമാരിൽ സംശയമുളവാക്കി. തുടർന്ന് പൊലീസിൽ വിവരമറിയിക്കുകയായിരുന്നു. പൊലീസ് എത്തുംമുമ്പ് ആശുപത്രിയിലുണ്ടായിരുന്ന യുവാവ് സ്ഥലംവിട്ടിരുന്നു. ഇതും സംശയത്തിന് ആക്കം കൂട്ടി.
സംഭവത്തിൽ പൊലീസ് ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ആത്മഹത്യ പ്രേരണകുറ്റം ചുമത്തിയാണ് ഹിമുവിന്റെ സുഹൃത്തായ സിയുവാദ്ദീൻ എന്ന റൂമിയെ അറസ്റ്റ് ചെയ്തത്. അതേസമയം, ആശുപത്രിയിലുണ്ടായിരുന്നത് ഇയാൾ തന്നെയാണോ എന്ന കാര്യം പൊലീസ് വ്യക്തമാക്കിയിട്ടില്ല.
ബംഗ്ലാദേശിലെ പ്രമുഖ സിനിമ-സീരിയൽ നടിയാണ് ഹുമൈറ ഹിമ. ഇവർ ഒരു യുവാവുമായി പ്രണയത്തിലായിരുന്നുവെന്നും അയാളുമായുണ്ടായ തർക്കത്തിനൊടുവിലാണ് ജീവനൊടുക്കിയതെന്നുമാണ് പൊലീസ് പറയുന്നത്.