വയനാട്: ഉരുള്‍പൊട്ടലില്‍ കുടുംബാംഗങ്ങളെയും അടുത്തിടെയുണ്ടായ വാഹനാപകടത്തില്‍ പ്രതിശ്രുത വരനെയും നഷ്ടപ്പെട്ട ശ്രുതിക്കായി വീടൊരുങ്ങുന്നു.house construction for sruthi
ചാലക്കുടി സ്വദേശികളാണ് ശ്രുതിക്ക് വയനാട് പൊന്നടയില്‍ വീട് നിർമിച്ച് നല്‍കുന്നത്. പതിനൊന്നര സെന്റ് ഭൂമിയില്‍ 1500 ചതുരശ്ര അടി വിസ്തീർണത്തിലാണ് വീടൊരുങ്ങുന്നത്.
ടി സിദ്ദിഖ് എം.എൽ.എ വീടിന് തറക്കല്ലിട്ടു. തറക്കല്ലിടുന്നത് ആംബുലൻസിലിരുന്നാണ് ശ്രുതി കണ്ടത്. നിർമാണത്തിന് 35 ലക്ഷം രൂപയോളം ചെലവ് വരും.
തൃശൂർ, ചാലക്കുടി സ്വദേശികളായ ഡെനിഷ് ഡേവിസ്, ഇനോക്ക് ജോസഫ് ആൻ്റണി എന്നിവരാണ് വീടിന് ധനസഹായം നല്‍കുന്നത്. വീട് നിർമാണത്തിനുള്ള ചെലവ് പൂർണമായും തങ്ങൾതന്നെ വഹിക്കുമെന്ന് ഡെനിഷും ഇനോക്കും പറഞ്ഞു.
ജീവിതത്തില്‍ വലിയ ദുരന്തങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന ശ്രുതിയ്ക്കായി നിരവധി സഹായങ്ങളാണ് എത്തിച്ചേരുന്നത്. വീട് നിർമിക്കാനായി വ്യവസായി ബോബി ചെമ്മണ്ണൂർ പത്ത് ലക്ഷം രൂപ എംഎല്‍എ ടി സിദ്ദിഖിന് കൈമാറിയിരുന്നു. ശ്രുതിക്ക് ജോലി ലഭ്യമാക്കുന്നതിനായി സർക്കാർ തലത്തില്‍ ആവശ്യം ഉന്നയിക്കുന്നുണ്ടെന്ന് സിദ്ദിഖ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
അതേസമയം, ശ്രുതിക്ക് ആറ് മാസത്തെ സാമ്ബത്തിക സഹായം വാഗ്ദ്ധാനം ചെയ്ത് യൂത്ത് കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു. മാസം 15,000 രൂപ വീതം നല്‍കുമെന്നാണ് അന്ന് അറിയിച്ചത്. ശ്രുതിയുടെ ചികിത്സയ്ക്കായി വ്യാപാരി വ്യവസായി ഏകോപന സമിതി മുന്ന് ലക്ഷം രൂപയും വാഗ്ദ്ധാനം ചെയ്തിരുന്നു.
ശ്രുതിയുടെ ചൂരല്‍മലയിലെ പുതിയ വീടിന്റെ ഗൃഹപ്രവേശനം പൂർത്തിയായി കല്യാണ ഒരുക്കത്തിലേക്ക് കടക്കുമ്ബോഴാണ് ഉരുള്‍പൊട്ടലുണ്ടായത്. ദുരന്തത്തില്‍ ശ്രുതിക്ക് അച്ഛനെയും അമ്മയെയും സഹോദരിയെയും നഷ്ടപ്പെട്ടിരുന്നു. പുതിയ വീടും നഷ്ടപ്പെട്ടു. ഒടുവില്‍ താങ്ങും തണലുമായി എത്തിയ പ്രതിശ്രുതവരൻ ജെൻസണിനെയും വാഹനാപകടത്തില്‍ ശ്രുതിക്ക് നഷ്ടമാകുകയായിരുന്നു.