പാരീസ്: പൈശാചികത നിറഞ്ഞ ഹാലോവീന്‍ ആഘോഷത്തിന് ബദലായി 2002-ല്‍ പാരീസില്‍ ഉത്ഭവം കൊണ്ട ഹോളിവിന്‍സ് (വിശുദ്ധി വിജയിക്കും) ആഘോഷം അതിവേഗം ലോകത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് പ്രചരിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍, ക്രിസ്തീയമായ രീതിയില്‍ ഈ ആഘോഷം ആഘോഷിക്കുവാനായി നിര്‍ദ്ദേശിക്കപ്പെട്ട ആശയങ്ങള്‍ വീണ്ടും ശ്രദ്ധ നേടുന്നു.’Hollywins’ spread Christian holiness as an alternative to the satanic celebration of Halloween
സകല വിശുദ്ധരുടേയും തിരുനാള്‍ ദിനമായ നവംബര്‍ 1-ന്റെ തലേദിവസം രാത്രിയിലാണ് ഹോളിവിന്‍സ് ആഘോഷിക്കുന്നത്.
കത്തോലിക്ക സമൂഹങ്ങള്‍ ഒരുമിച്ചുള്ള വിശുദ്ധ കുര്‍ബാനയും, ദിവ്യകാരുണ്യ ആരാധനയും, പ്രാര്‍ത്ഥനാ കൂട്ടായ്മകളും, കുട്ടികളേയും യുവജനങ്ങളേയും അവരുടെ കുടുംബങ്ങളേയും രസിപ്പിക്കുന്ന വിനോദ പരിപാടികളും ഈ ആഘോഷത്തിന്റെ ഭാഗമാണ്. കുട്ടികള്‍ തങ്ങളുടെ പ്രിയപ്പെട്ട വിശുദ്ധരുടെ വേഷവിധാനങ്ങള്‍ അണിഞ്ഞുകൊണ്ടാണ് ആഘോഷത്തില്‍ പങ്കെടുക്കുക.
ഇതിനെല്ലാം പുറമേ, വിവിധ ഗെയിമുകളും, പാട്ടുകളും, ഭക്ഷണവും, മധുരപലഹാരങ്ങളുടെ പങ്കുവെക്കലും ഹോളിവിന്‍സ് ആഘോഷത്തിന്റെ പ്രത്യേകതയാണ്. 2009-മുതല്‍ സ്പെയിനിലെ അല്‍ക്കാല ഡെ ഹെനാരസ് രൂപത ഈ ആഘോഷം പൂര്‍ണ്ണ രൂപത്തില്‍ സംഘടിപ്പിച്ച് വരികയാണ്.
തങ്ങള്‍ക്കിഷ്ടപ്പെട്ട വിശുദ്ധരുടെ വേഷവിധാനങ്ങള്‍ ധരിക്കുക എന്നതാണ് ഈ ആഘോഷത്തിനായി നിര്‍ദ്ദേശിക്കപ്പെട്ടിരിക്കുന്ന ആദ്യത്തെ ആശയം. അധികം ചിലവില്ലാതെ വീട്ടിലുള്ള സാധനങ്ങള്‍ ഉപയോഗിച്ചുള്ള വേഷങ്ങളായിരിക്കും അഭികാമ്യം. ഇത്തരം വേഷവിധാനങ്ങളുടെ ഒരു പട്ടിക തന്നെ https://www.showerofrosesblog.com എന്ന സൈറ്റില്‍ ലഭ്യമാണ്.
ആഘോഷത്തിന്റെ പ്രമേയത്തിന് ചേരുന്ന ഭക്ഷണവും, മധുരപലഹാരങ്ങളും പങ്കുവെക്കുക എന്നതാണ് രണ്ടാമത്തെ ആശയം. വീട്ടുകാര്‍ക്കൊപ്പം ഭക്ഷണം പാകം ചെയ്യുന്നതിനുള്ള ഒരവസരമാക്കി ഈ ആഘോഷം മാറ്റാവുന്നതാണ്. തങ്ങളുടെ ഇഷ്ടപ്പെട്ട വിശുദ്ധന്റെ പ്രവര്‍ത്തനങ്ങളെ സൂചിപ്പിക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ തയ്യാറാക്കുന്നതായിരിക്കും ഉചിതം.
ഉദാഹരണമായി പാര്‍ക്ക് ജീവനക്കാരുടേയും വനപാലകരുടെയും മധ്യസ്ഥനായ വിശുദ്ധ ജുവാന്‍ ഗ്വാല്‍ബെര്‍ട്ടോക്ക് വേണ്ടി ചോക്കലേറ്റ് കപ്പ് കേക്കുകള്‍ ചെറിയ മരങ്ങളുടെ ആകൃതിയില്‍ ഉണ്ടാക്കാവുന്നതാണ്. വളര്‍ത്തുമൃഗങ്ങളുടെ മധ്യസ്ഥനായ ഈജിപ്തിലെ വിശുദ്ധ ആന്റണിയുടെ സ്മരണാർത്ഥം മൃഗങ്ങളുടെ ആകൃതിയിലുള്ള കേക്ക് നിർമ്മിക്കുന്നതും ഉചിതമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ഭക്ഷണം കഴിക്കുന്നതോടൊപ്പം ഈ വിശുദ്ധന്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ പങ്കുവെക്കുന്നതും വളരെ നല്ല കാര്യമായി സഭാനേതൃത്വം ചൂണ്ടിക്കാട്ടി.
വിശുദ്ധരെക്കുറിച്ചുള്ള നാടകങ്ങളും, സ്കിറ്റുകളും അവതരിപ്പിക്കുക എന്നതാണ് മൂന്നാമത്തെ ആശയം. മധുര പലഹാരങ്ങള്‍ക്ക് പുറമേ, വീപ്പകളിലോ, കപ്പുകളിലോ മിഠായികള്‍ നിറച്ച് പേപ്പര്‍ കൊണ്ട് പൊതിഞ്ഞ് വിശുദ്ധര്‍ പറഞ്ഞിട്ടുള്ള പ്രശസ്തമായ വാക്യങ്ങള്‍ അതില്‍ എഴുതി ചേര്‍ക്കാം. വിശുദ്ധന്റെ ചിത്രം പതിപ്പിച്ച കാന്‍ഡികളും ലോലിപോപ്പുകളും വെക്കാവുന്നതാണ്.
മത്തങ്ങ ഉണ്ടെങ്കില്‍ അതില്‍ നക്ഷത്രമോ, കുരിശോ വരച്ചിട്ട് വിശുദ്ധരുടെ വചനങ്ങള്‍ എഴുതിയ മിഠായികള്‍ നിറക്കുന്നതും നല്ലതാണ്. വിശുദ്ധരുടെ കഥകള്‍ പറയുകയും, വിശുദ്ധരുടെ ജീവിതം കേന്ദ്രമാക്കിയുള്ള സിനിമകളുടെ പ്രദർശനവും നാടകങ്ങള്‍ അവതരിപ്പിക്കുകയും, അതില്‍ നിന്നുള്ള ചോദ്യങ്ങള്‍ ചോദിക്കുകയും ഉത്തരം പറയുന്നവര്‍ക്ക് സമ്മാനങ്ങള്‍ നല്‍കുകയും ചെയ്യുന്നത് ഈ ആഘോഷത്തെ അര്‍ത്ഥവത്താക്കുമെന്ന് കാത്തലിക് ന്യൂസ് ഏജൻസിയുടെ റിപ്പോർട്ടിൽ പറയുന്നു.
കുടുംബാംഗങ്ങള്‍ തങ്ങളുടെ പ്രിയപ്പെട്ട വിശുദ്ധന്റെ ചിത്രം വരക്കുകയോ ഉണ്ടാക്കുകയോ ചെയ്യുന്നതും, എന്തുകൊണ്ടാണ് താന്‍ ആ വിശുദ്ധനേയോ വിശുദ്ധയേയോ ഇഷ്ടപ്പെടുന്നതെന്ന് മറ്റുള്ളവര്‍ക്ക് വിവരിച്ചു കൊടുക്കുകയും ചെയ്യുന്നതും ദിവസത്തെ മനോഹരമാക്കും. വീട്ടിലെ പ്രാര്‍ത്ഥനാമുറി അലങ്കരിക്കുകയും ഒരുമിച്ച് പ്രാര്‍ത്ഥിക്കുകയും ചെയ്യുക എന്നതാണ് നാലാമത്തെ ആശയം.
വീട്ടില്‍ പ്രാര്‍ത്ഥനക്കുള്ള അള്‍ത്താര ഇല്ലെങ്കില്‍ ഒരെണ്ണം തയ്യാറാക്കുക എന്നതാണ് ഏറ്റവും ആദ്യം ചെയ്യേണ്ടത്. വിശുദ്ധരുടെ രൂപങ്ങളും, പൂക്കളും അള്‍ത്താരയില്‍ വെക്കുന്നതും നല്ലതായിരിക്കും. ഇത് വീട്ടിലെ പ്രാര്‍ത്ഥനക്കുള്ള സ്ഥലമാണെന്നത് എപ്പോഴും ഓര്‍മ്മയില്‍ ഉണ്ടാവണം. അതിനു ശേഷം മുഴുവന്‍ കുടുംബവും ഒരുമിച്ചിരുന്നു ജപമാല ചൊല്ലണം.
പ്രിയപ്പെട്ട വിശുദ്ധനു സമര്‍പ്പിച്ചു കൊണ്ട് ഒരു പ്രാര്‍ത്ഥനയും ചൊല്ലാം. കുടുംബാംഗങ്ങള്‍ ഓരോരുത്തരം ജപമാലയുടെ ഓരോ രഹസ്യം ചൊല്ലുന്നതും, അവസാനം എല്ലാവരും ഒരുമിച്ച് ഒരു മരിയന്‍ ഗീതം പാടുന്നത് ഉത്തമമാണെന്നും റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു.
‘ഹാലോവീന്‍’ എന്ന പദവും ‘ഹോളിവിന്‍സ്’ എന്ന പദവും തമ്മിലുള്ള ഉച്ചാരണത്തിലെ സമാനത ആകസ്മികമല്ലെന്നാണ് അല്‍ക്കാല ഡെ ഹെനാരെസ് രൂപത പറയുന്നത്. വിശുദ്ധരുടെ തിരുനാളിനെ ഹാലോവീന്‍ ആഘോഷത്തിന്റെ പ്രാകൃത സ്വാധീനത്തില്‍ നിന്നും മോചിപ്പിച്ച് ശക്തിപ്പെടുത്തുകയാണ് ഹോളിവിന്‍സ് ആഘോഷത്തിന്റെ ലക്ഷ്യം.
നിലവില്‍ ഹാലോവീന്‍ ആഘോഷത്തിന് ക്രിസ്തീയതയുമായി യാതൊരു ബന്ധവുമില്ലെന്നും, സുവിശേഷത്തില്‍ നിന്നും പൂര്‍ണ്ണമായും അകന്ന നിലയിലാണ് ഈ ആഘോഷം ഇന്ന്‍ ആഘോഷിക്കപ്പെടുന്നതെന്നും രൂപത പറയുന്നു. കൂടുതല്‍ രൂപതകള്‍ ഇപ്പോള്‍ ഹോളിവിന്‍സ് ആഘോഷത്തിലേക്ക് മാറിയിട്ടുണ്ടെന്നും അല്‍ക്കാല ഡെ ഹെനാരെസ് രൂപത ചൂണ്ടികാട്ടി.