കൊച്ചി: രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളുടെ(ഇ.വി) വില്പന പൊടിപൊടിക്കുന്നു. ഇരുചക്ര, മുച്ചക്ര വാഹനങ്ങളുടെ ഇലക്ട്രിക് വേഷനുകൾക്കും ആവശ്യക്കാർ ഏറെയാണ്.
2023ൽ ആദ്യ പത്ത് മാസം രാജ്യമൊട്ടാകെ 12.3 ലക്ഷം ഇലക്ട്രിക് വാഹനങ്ങളുടെ വില്പനയാണുണ്ടായത് . ഒക്ടോബറിൽ മാത്രം 1.39 ലക്ഷം വൈദ്യുതി വാഹനങ്ങളാണ് വിറ്റഴിച്ചത്. ഇന്ത്യയിലെ മൊത്തം ഇ. വി വില്പന 2023ൽ 15 ലക്ഷത്തിലെത്തുമെന്നാണ് ഏകദേശകണക്ക്. തുടർച്ചയായ പതിമൂന്നാം മാസമാണ് വില്പന ഒരു ലക്ഷത്തിന് മുകളിലെത്തുന്നത്. ടു വീലറുകളുടെ കാര്യത്തിൽ ഇന്ത്യയിലൊട്ടാകെ 74,664 ഇലക്ട്രിക് വാഹനം ആണ് ഒക്ടോബറിൽ വിറ്റഴിച്ചത്, 56,889 മുച്ചക്ര വാഹനങ്ങളും , പാസഞ്ചർ കാറുകളുടെ വില്പന 7,261 യൂണിറ്റിലും എത്തി. ഓല ഇലക്ട്രിക്കിന്റെ മേധാവിത്വത്തിലാണ് ഇലക്ട്രിക്ക് ഇരുചക്ര വാഹനങ്ങളുടെ വിപണി തുടരുന്നത്. മൊത്തം വിപണിയുടെ 33 ശതമാനം വിഹിതം ഓലയ്ക്കാണ്.
ഇലക്ട്രിക് വാഹനങ്ങളുടെ സബ്സിഡി ജൂണിൽ വെട്ടിക്കുറച്ചപ്പോൾ വില്പനയിൽ നേരിയ മാന്ദ്യം വന്നെങ്കിലും ഉത്സവകാല കച്ചവടം സജീവമായതോടെ ഒക്ടോബറിൽ വിപണി മികച്ച രീതിയിൽ എത്തി.
ടി. വി. എസ് മോട്ടോറിന് 22 ശതമാനം വിപണി വിഹിതമാണുള്ളത്. ബജാജ് ഓട്ടോ മൂന്നാം സ്ഥാനത്തുണ്ട്. പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്സ് 5,465 ഇലക്ട്രിക് കാറുകളാണ് ഒക്ടോബറിൽവില്പന നടത്തിയത്. 28 ശതമാനം വർദ്ധനയാണുണ്ടായത് മുൻവർഷത്തേക്കാൾ.