കൊച്ചി: മോശം കാലാവസ്ഥയെ തുടർന്ന് ശബരിമല പരമ്പരാഗത കാനന പാത വഴിയുളള തീർത്ഥാടനം താൽക്കാലികമായി ഹൈക്കോടതി വിലക്കി. കാലാവസ്ഥ മോശമായ സാഹചര്യത്തിൽ ഇനിയൊരുത്തരവ് ഉണ്ടാകും വരെ തീർത്ഥാടനം പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. High Court directive to Sabarimala pilgrims
കളക്ടർമാർ ഇക്കാര്യം ഉറപ്പു വരുത്തണമെന്നാണ് നിർദ്ദേശം. വണ്ടിപെരിയാർ, സത്രം, പുൽമേട്, എരുമേലി വഴിയുള്ള തീർത്ഥാടനമാണ് നിർത്തിയത്.
ശബരിമല ഭക്തർക്ക് സുരക്ഷിത തീർത്ഥാടനമൊരുക്കണമെന്ന് പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലാ കളക്ടർമാർക്ക് കോടതി നിർദേശം നൽകി. നിയന്ത്രണങ്ങൾ ഉണ്ടെങ്കിൽ അക്കാര്യം ഭക്തരെ അറിയിക്കണം. പ്രായമായവർക്കും കുട്ടികൾക്കും പ്രത്യേക ക്യൂ സംബന്ധിച്ച് കോടതി ഉത്തരവ് നേരത്തെ ഉണ്ടല്ലോയെന്നും ദേവസ്വം ബഞ്ച് ചോദിച്ചു.
ശബരിമല ദർശനത്തിനെത്തുന്ന പ്രായമായവർക്കും കുട്ടികൾക്കും പ്രത്യേക ക്യൂ ഏർപ്പെടുത്തുന്ന കാര്യം പൊലീസുമായി കൂടിയാലോചിച്ച് നടപ്പിലാക്കണമെന്ന് മനുഷ്യാവകാശ കമ്മിഷൻ കഴിഞ്ഞ ദിവസം നിർദ്ദേശിച്ചിരുന്നു. ഏത് സാഹചര്യത്തിലാണ് മനുഷ്യാവകാശ കമ്മീഷൻ ഇടപട്ടതെന്ന് കോടതി ആരാഞ്ഞു.