ലണ്ടൻ: ഹീത്രൂ എയർപോർട്ടിലെയും തെക്ക്-പടിഞ്ഞാറൻ ലണ്ടനിലെ ക്യൂ ഗാർഡനിലെയും മെറ്റ് ഓഫീസ് കണക്ക് അനുസരിച്ച് ഇന്നലെ താപനില 32 ഡിഗ്രി സെൽഷ്യസിലെത്തിയിരുന്നു. ഈ നഗരങ്ങളിൽ രേഖപ്പെടുത്തിയ ഏറ്റവും ഉയർന്ന താപനില ജൂലൈ 19 ന് 31.9 ഡിഗ്രി സെൽഷ്യസാണ്.ലണ്ടൻ, തെക്കൻ ഇംഗ്ലണ്ട്, തെക്കുകിഴക്കൻ വെയിൽസ് എന്നിവ ഈ ആഴ്ച ഹീറ്റ് വേവ് പ്രഖ്യാപനത്തിനുള്ള ഔദ്യോഗിക മാനദണ്ഡങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. എങ്കിലും ചൂട് അധികനാൾ നിലനിൽക്കില്ലെന്നാണ് കാലാവസ്ഥാ നിരീക്ഷകരുടെ അഭിപ്രായം. ഈ വാരാന്ത്യത്തിൽ രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും മഴയും ഇടിമിന്നലും പ്രതീക്ഷിക്കാം.
ഇതുമായി ബന്ധപ്പെട്ട് യെല്ലോ അലർട്ടും പുറപ്പെടുവിച്ചിട്ടുണ്ട്.ഇന്നലെയും ഇന്നും, ഇംഗ്ലണ്ടിൻ്റെ നോർത്ത് ഈസ്റ്റും നോർത്ത് വെസ്റ്റും ഒഴികെയുള്ള ഇംഗ്ലണ്ടിൻ്റെ ഭൂരിഭാഗവും യെല്ലോ ഹീറ്റ് ഹെല്‍ത്ത് അലര്‍ട്ട് നിലവിലുണ്ട്. നാല് തലങ്ങളിലായി ഉള്ള അലര്‍ട്ടുകളില്‍ മൂന്നാമത്തെയാണിത്. ഇതിന് മുകളില്‍ ആംബര്‍, റെഡ് അലര്‍ട്ടുകള്‍ ആണ് ഇനി ഉള്ളത്.
അതായത്, ഭൂരിഭാഗം ആളുകളെയും ഹീറ്റ് സ്ട്രോക്ക് ബാധിക്കില്ലെങ്കിലും, പ്രായമായവരെയും മറ്റ് ആരോഗ്യപ്രശ്നങ്ങളുള്ളവരെയും ഹീറ്റ് സ്ട്രോക്ക് ബാധിക്കാം. കൂടാതെ, യുകെ ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്, പ്രായമായവരിലും ആരോഗ്യപരമായ അവസ്ഥകളുള്ളവരിലും മരണനിരക്ക് ഉയരുകയും ചെയ്തേക്കാമെന്ന്.
“ഗ്രാമീണ പ്രദേശങ്ങളിൽ ആരോഗ്യ സേവനങ്ങൾക്കുള്ള ആവശ്യം വർദ്ധിച്ചേക്കാം, ആശുപത്രികളിലും കെയർ ഹോമുകളിലും വർദ്ധിച്ചുവരുന്ന താപനില കാരണം ചില ക്ലിനിക്കൽ റിസ്ക് വിലയിരുത്തലുകൾ സാധ്യമാകില്ല,” എന്ന് മുന്നറിയിപ്പ് പറയുന്നു. ബിബിസി കാലാവസ്ഥ അനുസരിച്ച്, ജൂലൈയിൽ ഈ സമയത്ത് രാജ്യത്തിൻ്റെ മിക്ക ഭാഗങ്ങളിലും ശരാശരിയേക്കാൾ നാല് മുതൽ അഞ്ച് ഡിഗ്രി വരെ ചൂട് കൂടുതലായിരിക്കും.
വെയിൽസിലെ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിനം കൂടിയായിരുന്നു ഇന്നലെ. ന്യൂപോർട്ടിന് സമീപമുള്ള അസ്‌കില്‍ ഇന്നലെ 29 ഡിഗ്രി സെൽഷ്യസാണ് രേഖപ്പെടുത്തിയത്. അതേസമയം, സ്കോട്ട്ലൻഡിലും വടക്കൻ അയർലൻഡിലും കാര്യമായ ചൂടുണ്ടായില്ല. ഇന്നലെ സ്കോട്ട്ലൻഡിൽ 23.2 ഡിഗ്രി സെൽഷ്യസും വടക്കൻ അയർലൻഡിൽ 23 ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില.