കണ്ണൂർ: എഡിഎം നവീൻ ബാബു ആത്മഹത്യ ചെയ്യാനിടയാക്കിയ സംഭവത്തില്‍ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തപ്പെട്ട കണ്ണൂർ ജില്ലാപഞ്ചായത്ത് പ്രസിഡന്റ് പിപി ദിവ്യയുടെ മുൻകൂർ ജാമ്യാപേക്ഷയില്‍ തലശേരി പ്രിൻസിപ്പല്‍ സെഷൻസ് കോടതിയില്‍ വാദം തുടങ്ങി.Hearing on PP Divya’s anticipatory bail plea started in Thalassery Principal Sessions Court
അഭിഭാഷകനായ കെ വിശ്വൻ മുഖേനെയാണ് ദിവ്യ മുൻകൂർ ജാമ്യഹർജി നല്‍കിയത്. അഴിമതിക്കെതിരെ ശക്തമായ നിലപാടുള്ള ആളാണ് താനെന്നും നവീനെതിരെ രണ്ട് പരാതികള്‍ ലഭിച്ചെന്നും ദിവ്യ കോടതിയില്‍ പറഞ്ഞു.
ഭൂമി പ്രശ്നത്തില്‍ ഗംഗാധരനും പരാതി നല്‍കി. പരാതി ലഭിച്ചാല്‍ മിണ്ടാതിരിക്കണോ? തന്റെ പരിധിയിലല്ലാത്ത കാര്യങ്ങളില്‍ എഡിഎം നവീൻ ബാബു ഇടപെട്ടെന്നും ദിവ്യ കോടതിയില്‍ പറഞ്ഞു. നവീൻബാബുവിനെതിരെ ഗംഗാധരൻ നല്‍കിയ പരാതി കോടതിയില്‍ പ്രതിഭാഗം വായിക്കുകയും ചെയ്തു.
ഉദ്യോഗസ്ഥർ അഴിമതിക്കാർ ആകരുതെന്നത് സമൂഹത്തിന്റെ ആവശ്യമാണ്. ജനങ്ങള്‍ ആഗ്രഹിക്കുന്ന ഇടപെടലാണ് നടത്തിയതെന്നായിരുന്നു ദിവ്യയുടെ വാദം.
നവീന്റെ യാത്രയയപ്പ് യോഗത്തിലേക്ക് കളക്ടർ അനൗപചാരികമായി ക്ഷണിച്ചിട്ടാണ് വന്നത്. വരുമെന്ന് ഫോണില്‍ കളക്ടറെ അറിയിക്കുകയും ചെയ്തു. സംസാരിക്കാൻ ക്ഷണിച്ചത് ഡെപ്യൂട്ടി കളക്ടറാണ് എന്നും വാദത്തിനിടെ ദിവ്യയുടെ അഭിഭാഷകൻ കോടതിയില്‍ പറഞ്ഞു.
യാത്രയയപ്പുചടങ്ങിനിടെയുള്ള ദിവ്യയുടെ വിവാദ പ്രസംഗം കോടതിയില്‍ വാദിക്കുകയും ചെയ്തു. താൻ പറഞ്ഞത് ആത്മഹത്യാ പ്രേരണ അല്ലെന്നും കൂടുതല്‍ നന്നാകണമെന്ന് ഉപേദേശിക്കുകയായിരുന്നു എന്നുമായിരുന്നു ദിവ്യയുടെ വാദം.
അതേസമയം, പിപി ദിവ്യയുടെ ഒളിവു ജീവിതം ഒരാഴ്ച പിന്നിട്ടു. ആത്മഹത്യ പ്രേരണകുറ്റത്തിന് ദിവ്യ ഒന്നാം പ്രതിയാണ്.എന്നിട്ടും ദിവ്യയെ ഒരാഴ്ച അറസ്റ്റില്‍ നിന്ന് സംരക്ഷിക്കാൻ പാർട്ടിക്ക് സാധിച്ചു. അന്വേഷണം നടക്കുന്നുണ്ടെന്നും ഇരിണാവിലെ വീട്ടില്‍ ദിവ്യയില്ലെന്നുമാണ് പൊലീസ് പറയുന്നത്. മൂന്ന് തവണ അവിടെയെത്തിയെങ്കിലും ദിവ്യയെ കണ്ടെത്താൻ കഴിഞ്ഞില്ല.ദിവ്യ എവിടെയാണെന്ന് അറിയില്ലെന്നാണ് ഭർത്താവ് അജിത്തും പറയുന്നത്.
കണ്ണൂരിലെ മലയോര കേന്ദ്രമായ പാലക്കയം റിസോർട്ടില്‍ ദിവ്യ ഒളിവില്‍ കഴിയുന്നുണ്ടെന്ന് വാർത്തകള്‍ വന്നിരുന്നു. അന്വേഷണം നടത്തിയെന്നും തെളിവ് ലഭിച്ചില്ലെന്നും പൊലീസ് പറയുന്നു.