മേപ്പാടി: യു.കെയില്‍ നിന്ന് ദുരന്തം വിതച്ച ചൂരല്‍മലയില്‍ പ്രിയപ്പെട്ടവരുടെ ചേതനയറ്റ ശരീരമെങ്കിലും കാണാമെന്ന മോഹവുമായി പറന്നിറങ്ങിയ ഹർഷ മടങ്ങുന്നു.
എട്ടുദിവസം നീണ്ട തെരച്ചിലിലും അച്ഛനെയും അമ്മയെയും കണ്ടെത്താനായില്ല. ഇനി നാട്ടില്‍ അനുജത്തി സ്‌നേഹ മാത്രംമാന് ഉള്ളത്. ബംഗളൂരുവില്‍ നിന്ന് യു.കെയിലേക്ക് ഹർഷ വിമാനം കയറും.
മുണ്ടക്കൈയിലെ തോട്ടം തൊഴിലാളികളുടെ കുടുംബത്തില്‍ നിന്നും നഴ്‌സിംഗ് പാസായാണ് ഹര്‍ഷ യുകെയിലെത്തിച്ചത്. തോട്ടം തൊഴിലാളിയായ അച്ഛൻ ബാലചന്ദ്രൻ,അമ്മ അജിത,അച്ഛന്റെ സഹോദരങ്ങള്‍,അവരുടെ കുടുംബവുമടക്കം ഒമ്ബതുപേരെയാണ് ഹർഷയ്ക്ക് ദുരന്തത്തില്‍ നഷ്ടമായത്.
ലണ്ടനിലെ റോയല്‍ ഷ്രൂസ്‌ബെറി ആശുപത്രിയില്‍ നഴ്‌സായ ഹർഷയ്ക്ക് അനുവദിച്ചത് പത്തു ദിവസത്തെ അവധിയാണ്. അഞ്ചുമാസം മുമ്ബാണ് ഹർഷ യു.കെയിലേക്ക് പോയത്. കോഴിക്കോട് പഠിക്കുന്നതിനാല്‍ അനുജത്തി അപകടത്തില്‍പ്പെട്ടില്ല.
നിലവില്‍ ബാലചന്ദ്രന്റെ മൂത്ത സഹോദരൻ ഭാസ്‌കരൻ,ഇളയസഹോദരൻ വിജയൻ,ഭാസ്‌കരന്റെ മകള്‍ സൗഗന്ധിക,വിജയന്റെ മകൻ നിഖില്‍ കൃഷ്ണ എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്. ഇനിയുമുണ്ട് കുഞ്ഞുങ്ങളടക്കം അഞ്ചുപേർ.