മലയാളി ഓർത്തിരിക്കുന്ന നിരവധി കോമഡി രംഗങ്ങളിൽ പലതിലും കലാഭവൻ ഹനീഫിന്റെ സാന്നിധ്യമുണ്ട്.

തുറുപ്പുഗുലാൻ, ഫയർമാൻ, പുള്ളിക്കാരൻ സ്റ്റാറാ, പുഴു തുടങ്ങി നിരവധി ചിത്രങ്ങളിൽ മമ്മൂട്ടിയ്ക്ക് ഒപ്പം അഭിനയിച്ചിട്ടുണ്ട് ഹനീഫ്. “മമ്മൂക്കയ്ക്ക് എന്നെ അറിയാം. അത് എന്റെ വലുപ്പം കൊണ്ടല്ല. സിനിമയില്‍ മാത്രമല്ല, സീരിയലില്‍ വരെ വരുന്ന ആര്‍ട്ടിസ്റ്റുകളെ ശ്രദ്ധിക്കുകയും അവരെക്കുറിച്ച് അഭിപ്രായം പറയുകയും ചെയ്യുന്ന ആളാണ് മമ്മൂക്ക.

എന്റെ ഉമ്മയുടെ നാടും ചെമ്പാണ്. വീട്ടു പേരൊക്കെ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന് അറിയാം,” മമ്മൂട്ടിയെ കുറിച്ച് ഒരിക്കൽ ഒരു അഭിമുഖത്തിൽ ഹനീഫ് പറഞ്ഞതിങ്ങനെയാണ്. ‘‘എനിക്ക് എന്തെങ്കിലും സംഭവിച്ചാൽ നീ മമ്മുക്കയെയും ദിലീപിനെയും വിളിച്ചു പറയണം’’. ആരോഗ്യാവസ്ഥ മോശമായപ്പോൾ തന്നെ കലാഭവൻ ഹനീഫ് മകൻ ഷാരൂഖിനെ പറഞ്ഞേൽപ്പിച്ചിരുന്നു.

ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് പ്രിയ നടന്റെ വിയോഗം. കലാഭവൻ ട്രൂപ്പിലെ പ്രധാന മിമിക്രി താരമായിരുന്നു ഹനീഫ്.