ബെംഗളൂരു: കര്‍ണാടക ഖനി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറെ വീട്ടില്‍ കുത്തേറ്റ് മരിച്ച നിലയില്‍ കണ്ടെത്തി. പ്രതിമ (37) ആണ് ശനിയാഴ്ച രാത്രി സുബ്രഹ്മണ്യപുരയിലെ വീട്ടില്‍ കുത്തേറ്റ് മരിച്ചത്.
സംഭവം നടക്കുമ്പോള്‍ ജിയോളജിസ്റ്റായ പ്രതിമ വീട്ടില്‍ തനിച്ചായിരുന്നു. അക്രമികള്‍ മുന്‍ പരിചയമുള്ളവരാണെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
കര്‍ണാടകയിലെ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടറായിരുന്നു പ്രതിമ. ശനിയാഴ്ച രാത്രി എട്ട് മണിയോടെ പ്രതിമയെ ഡ്രൈവര്‍ വീട്ടിലെത്തിച്ചിരുന്നു. പിന്നീട് പ്രതിമയുടെ സഹോദരന്‍ പലതവണ യുവതിയെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും പ്രതികരണമുണ്ടായില്ല. ഇതോടെ സഹോദരിയെ തിരക്കി രാവിലെ വീട്ടിലെത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.
കൊലപാതകത്തിന് പോലീസ് കേസെടുത്തു. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കുന്നുണ്ട്. വീട്ടില്‍ പ്രതിമ തനിച്ചാണെന്ന് അറിയുന്ന പരിചയക്കാര്‍ ആരെങ്കിലുമാവും കൊലപാതകത്തിന് പിന്നില്‍ എന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.