കോഴിക്കോട്: കാലിക്കറ്റ് സര്‍വകലാശാലയില്‍ ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ് ഖാന‍് എതിരെയുള്ള എസ്എഫ്ഐ പ്രതിഷേധം കനക്കുകയാണ്. പ്രതിഷേധങ്ങള്‍ വകവയ്ക്കാതെ വെല്ലുവിളിയുമായാണ് ഗവര്‍ണ്ണര്‍ പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരിക്കുന്നതും. Governor angry at SFI protest
നവകേരള സദസ്സ് ഉപേക്ഷിച്ച് ഇന്ന് മാധ്യമങ്ങള്‍ ഒന്നടങ്കം കാലിക്കറ്റ് സര്‍വകലാശാലയില്‍ ആണെന്നത് ആരുടെ ആസൂത്രണമാണെന്ന ചോദ്യവും ഉയര്‍ന്നു കഴിഞ്ഞു.
കാരണം നവകേരള സദസ്സിനെതിരെയുള്ള പ്രതിഷേധവും മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ ഉള്‍പ്പെടെ പ്രതിഷേധിച്ച കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദ്ദിച്ചതും വലിയ വിവാദമായതിന് പിന്നാലെയാണ് ഗവര്‍ണ്ണര്‍ക്കെതിരെ പ്രതിഷേധം കടുപ്പിച്ച് മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധ അങ്ങോട്ടെയ്ക്ക് തിരിഞ്ഞത്. അതോ ശ്രദ്ധ തിരിച്ചതോ?
ഇതിന് പിന്നില്‍ ഗവർണറും മുഖ്യമന്ത്രിയും തമ്മിലുള്ള നാടകമാണെന്ന ആരോപണമാണ് പ്രതിപക്ഷം ഉയര്‍ത്തുന്നത്.
കാരണം യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധിക്കുമ്പോള്‍ പോലീസ് കാണിക്കുന്ന കാടത്തരം ഇവിടെ എസ്എഫ്ഐക്കാരുടെ അടുത്ത് കാണിക്കുന്നില്ല എന്നതും നേതാക്കളെ അനുനയിപ്പിച്ച് വിടുന്ന പോലീസിനെയുമാണ് കഴിഞ്ഞ ദിവസവും കാണാന്‍ കഴിഞ്ഞത്. ഇന്നും സര്‍വ്വകലാശാല കാമ്പസില്‍ പ്രതിഷേധം ആവേശപൂര്‍വ്വം തുടരുകയാണ്.
ഗവർണറെ ക്യാമ്പസിൽ പ്രവേശിക്കാൻ അനുവദിക്കില്ലെന്ന് എസ്എഫ്ഐ വ്യക്തമാക്കിയതകോടെ വെല്ലുവിളിയെന്നോണം ഗവർണർ ക്യാമ്പസിലെത്തി ഗസ്റ്റ് ഹൗസിൽ താമസം ആരംഭിക്കുകയായിരുന്നു.
ഇന്ന്‍ എസ്എഫ്ഐ പ്രതിഷേധത്തിനിടെയാണ് ഗവര്‍ണര്‍ സെമിനാര്‍ വേദിയിലെത്തിയത്. പരീക്ഷാ ഭവന് സമീപത്ത് എസ്എഫ്ഐ പ്രതിഷേധം തുടരുന്നതിനിടെയാണ് ഇതിന് സമീപത്തായുള്ള ഓഡിറ്റോറിയത്തില്‍ ഗവര്‍ണര്‍ എത്തിയത്.
കാലിക്കറ്റ് സര്‍വകലാശാല സനാതന ധര്‍മ്മ പീഢവും ഭാരതീയ വിചാര കേന്ദ്രവുമാണ് സെമിനാര്‍ നടത്തുന്നത്. സെമിനാറില്‍നിന്ന് കാലിക്കറ്റ് വൈസ് ചാന്‍സിലര്‍ വിട്ടുനിന്നു. ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് വിട്ടുനില്‍ക്കുന്നതെന്നാണ് വിസി എം.കെ ജയരാജ് വിശദീകരിച്ചത്. പരിപാടിയില്‍ അധ്യക്ഷനാകേണ്ടിയിരുന്നത് വിസിയായിരുന്നു.
ഗസ്റ്റ് ഹൗസില്‍നിന്ന് പുറപ്പെടുമ്പോള്‍ എസ്എഫ്ഐ പ്രതിഷേധത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകരോടും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ രോഷം പ്രകടിപ്പിച്ചു.
എസ്എഫ്ഐ പ്രവർത്തകരെ ഗുണ്ടകൾ എന്നും ക്രിമിനലുകളെന്നും വീണ്ടും വിളിച്ച് ഗവർണർ ആഞ്ഞടിച്ചു. ‘ഞാന്‍ കോഴിക്കോട് നഗരത്തിലുണ്ട്, 200ഓളം ക്രിമിനലുകൾ ഉണ്ടല്ലോ എന്താണ് ഒരാള്‍ പോലും വരാത്തത്.
ഞാന്‍ രണ്ട് മണിക്കൂറോളം കോഴിക്കോട് നഗരത്തിലൂടെ നടന്നല്ലോ, ഒരൊറ്റയാള്‍ പ്രതിഷേധവുമായി വന്നോ?’ ഗവർണർ ചോദിച്ചു. പൊലീസ് സംരക്ഷണത്തോടെ മുഖ്യമന്ത്രിയാണ് അവരെ പറഞ്ഞ് വിടുന്നത്.
അവര്‍ വിദ്യാര്‍ത്ഥികളല്ല ഗുണ്ടകളാണ്. എസ്എഫ്‌ഐക്കാര്‍ മാത്രമാണോ വിദ്യാര്‍ത്ഥികള്‍ മറ്റാരും വിദ്യാര്‍ത്ഥികളല്ലെ. അവര്‍ ക്രിമിനലുകളാണ് ഗുണ്ടകളാണ് കൊലപാതകികളാണ് ഗവർണർ ആവർത്തിച്ചു.
പ്രതിഷേധത്തില്‍ അസ്വസ്ഥനായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, രണ്ടു മണിക്കൂര്‍ താന്‍ മിഠായി തെരുവില്‍ നടന്നിട്ടും ഒരു പ്രതിഷേധവും കണ്ടില്ലെന്നും ഇവിടെ പ്രതിഷേധിക്കുന്ന എസ്എഫ്ഐ ക്രിമിനല്‍ സംഘമാണെന്നും ആരോപിച്ചു. പ്രതിഷേധത്തെക്കുറിച്ചുള്ള ചോദ്യങ്ങളോട് ക്ഷോഭിച്ചുകൊണ്ടാണ് സംസാരിച്ചത്.
തുടര്‍ന്ന് ഗെറ്റ് ലോസ്റ്റ് എന്ന് പറഞ്ഞുകൊണ്ട് സെമിനാര്‍ നടക്കുന്ന ഓഡിറ്റോറിയത്തിലേക്ക് പോവുകയായിുരന്നു. നൂറുകണക്കിന് എസ്എഫ്ഐ പ്രവര്‍ത്തകരാണ് കറുത്ത വസ്ത്രവും കറുത്ത ബലൂണും ഗവര്‍ണര്‍ക്കെതിരായ മുദ്രാവാക്യങ്ങളുമായി പരീക്ഷാ ഭവന് സമീപം കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്.
ഇതിനിടയില്‍ ഒരു വിഭാഗം പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടന്ന് ഗസ്റ്റ് ഹൗസിന് സമീപമെത്തി പ്രതിഷേധിച്ചിരുന്നു. ഈ സംഭവത്തിനുശേഷമാണ് ഗവര്‍ണര്‍ സെമിനാറില്‍ പങ്കെടുക്കാനായി പോയത്.
അതേസമയം ഗവര്‍ണര്‍ കോഴിക്കോട്ടെ മിഠായി തെരുവില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയതില്‍ രൂക്ഷ വിമര്‍ശനവുമായി സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി രംഗത്ത് എത്തി.
ബോധപൂർവം കുഴപ്പങ്ങൾ സൃഷ്ടിച്ച് കേരളത്തിൽ ക്രമസമാധാന തകർച്ച ഉണ്ടെന്ന് വരുത്തി തീർക്കാനുള്ള നീക്കമാണിതെന്ന് സിപിഎം കോഴിക്കോട് ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ ആരോപിച്ചു.
സംഘപരിവാർ സംഘടനകളുമായി ആലോചിച്ചാണ് മുൻപരിപാടികളിൽ ഇല്ലാത്ത മിഠായി തെരുവ് സന്ദർശനം നടത്തിയത്. പ്രകോപനം ഉണ്ടാക്കുകയാണ് ഈ യാത്രയുടെ ലക്ഷ്യം.ഗവർണർ തുടർച്ചയായി പ്രകോപനം ഉണ്ടാക്കുന്നു. കോഴിക്കോട് നഗരത്തിൽ ഗവർണർ കാണിച്ചത് കോപ്രായമാണ്.
ആർ എസ് എസ് കേന്ദ്രങ്ങളുമായി ചേർന്ന് ഗൂഢാലോചന നടത്തുകയാണെന്നും സിപിഎം ജില്ലാ കമ്മിറ്റി ആരോപിച്ചു.
356 വകുപ്പ് പ്രകാരം സർക്കാറിനെ പിരിച്ച് വിടാനുള്ള സാഹചര്യം ഉണ്ട് എന്ന റിപ്പോർട്ട് നൽകുവാനുള്ള നീക്കത്തിനുള്ള ഗൂഡാലോചനയാണ് ആരിഫ് മുഹമ്മ ദ് ഖാനും ആർ എസ് എസ് ഉം നടത്തുന്നതെന്നും സിപിഎം ജില്ലാ കമ്മിറ്റി വാര്‍ത്താക്കുറിപ്പില്‍ പറഞ്ഞു.
ഗവർണറും മുഖ്യമന്ത്രിയും ഒക്കചങ്ങാതിമാരാണെന്നും ഇപ്പോൾ എസ്എഫ്ഐയും ഗവര്‍ണറും തമ്മിൽ നടക്കുന്നത് വെറും നാടകമാണെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഗവർണറുടെ സ്റ്റാഫിൽ മുഖ്യമന്ത്രി നിയമിച്ച സംഘപരിവാറുകാരനാണ് നാടകം ആസൂത്രണം ചെയ്യുന്നത്.
സംസ്ഥാന സർക്കാർ പ്രതിസന്ധിയിൽ ആകുമ്പോഴെല്ലാം ഈ നാടകം കാണാറുണ്ട്.സംസ്ഥാനത്ത് കോവിഡ് വ്യാപിക്കുകയാണ്.
എന്നാൽ സര്‍ക്കാര്‍ അതേക്കുറിച്ച് മിണ്ടുന്നില്ല. ഇതിനകം നാല് മരണങ്ങൾ ഉണ്ടായി. എന്നിട്ടും സര്‍ക്കാര്‍ ഒന്നും ചെയ്യുന്നില്ല. സംസ്ഥാന സര്‍ക്കാരിന്റെ നിലപാട് ശരിയല്ല.
നവകേരളാ സദസ് തീരാൻ കാത്തിരിക്കുകയാണ് സർക്കാർ. അടിയന്തരമായി നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
എസ്എഫ്ഐയുടെ കരിങ്കൊടി പ്രതിഷേധം സമാധാനപരവും കെഎസ്‌യുവിന്റേത് ആത്‍മഹത്യാ സ്ക്വാഡുമാണെന്ന് മുഖ്യമന്ത്രി പറയുന്നു. മുഖ്യമന്ത്രിയുടെ ഗൺമാൻ ഉപയോഗിക്കാൻ പാടില്ലാത്ത ആയുധമാണ് ഉപയോഗിച്ചത്.
എസ്എഫ്ഐക്കാര്‍ക്ക് പോലീസ് ഒരു ഫീഡിങ് ബോട്ടിൽ കൂടി കൊടുത്താൽ നല്ലത്. എസ്എഫ്ഐയും ഗവര്‍ണറും തമ്മിലുള്ള പോര് പ്രഹസനമാണെന്നും അത് ആളുകൾ കാണുന്നുണ്ടെന്നും വിഡി സതീശൻ പറഞ്ഞു.
ഗൺമാന്റെ അതിക്രമം നാട്ടിലെ മുഴുവൻ മാധ്യമങ്ങളും കാണിച്ചിട്ടും മുഖ്യമന്ത്രി കണ്ടില്ലെങ്കിൽ പിന്നെ എന്തിനാണ് ആ കസേരയിൽ പിണറായി വിജയൻ ഇരിക്കുന്നതെന്ന് വിഡി സതീശൻ ചോദിച്ചു. മുഖ്യമന്ത്രി എന്തിനാണ് ഇങ്ങനെ കള്ളം പറയുന്നത്?
മുഖ്യമന്ത്രിയുടെ വാഹനത്തിന് പിന്നിൽ വന്ന വാഹനത്തിൽ നിന്ന് ഇറങ്ങി വന്ന ആളാണ് പ്രതിഷേധക്കാരെ അടിച്ചത്. ഗവര്‍ണര്‍ക്കെതിരെ യുഡിഎഫും പ്രതിഷേധിക്കുന്നുണ്ട്. ഗവര്‍ണറുടെ നടപടികളെ ഏറ്റവും കൂടുതൽ വിമര്‍ശിച്ചത് പ്രതിപക്ഷമാണ്. അന്ന് സര്‍ക്കാരും ഗവര്‍ണറും ഒക്കച്ചങ്ങാതിമാരായിരുന്നുവെന്നും അദ്ദേഹം വിമര്‍ശിച്ചു.
കോഴിക്കോട് സര്‍വകലാശാലയിൽ ഗവർണർ നാടകം നടത്തുകയാണ്. എസ്എഫ്ഐ വേറെ നാടകം നടത്തുന്നു. സംസ്ഥാന സർക്കാർ പ്രതിസന്ധിയിൽ ആയത് കൊണ്ടാണ് നാടകം.
സർക്കാർ പ്രതിസന്ധിയിലാകുമ്പോഴെല്ലാം ഈ നാടകം അരങ്ങേറാറുണ്ട്. ഗവർണർ നോമിനേറ്റ് ചെയ്ത ലിസ്റ്റിൽ ഒരു കോൺഗ്രസുകാരുമില്ല. യുഡിഎഫിലെ ആരും ഗവര്‍ണര്‍ക്ക് പേര് കൊടുത്തില്ലെന്നും വിഡി സതീശൻ വ്യക്തമാക്കി.