വിജയവാഡ: ദിനംപ്രതി ഞെട്ടിക്കുന്ന വാർത്തകളാണ് പുറത്ത് വരുന്നത്. ഇപ്പോഴിതാ ആന്ധ്രയിലെ എലുരിലെ കന്യാസ്ത്രീ കോണ്‍വെന്റ് ഹോസ്റ്റലില്‍ ജനിച്ച നവജാത ശിശുവിനെ എറിഞ്ഞു കൊലപ്പെടുത്തി എന്ന വാർത്തയാണ് വരുന്നത്. എലുരുവിലെ സെന്റ് ജോസഫ് കോണ്‍വെന്റ് ഹോസ്റ്റലില്‍ ആണ് പതിനെട്ടുകാരിയായ പെണ്‍കുട്ടി പ്രസവിച്ചത്.
കൂര്‍ണൂല്‍ സ്വദേശിയായ പെണ്‍കുട്ടി ഇന്റര്‍മീഡിയറ്റ് വിദ്യാര്‍ഥിയാണ്. ആണ്‍കുഞ്ഞിന്റെ മൃതദേഹം കോണ്‍വന്റ് പരിസരത്ത് കണ്ടെത്തുകയായിരുന്നു.
അതേസമയം കന്യാസ്ത്രീ ആകാനുള്ള പരിശീലനത്തിലായിരുന്ന പെണ്‍കുട്ടിയാണ് പ്രസവിച്ചതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. പ്രസവത്തിന് പിന്നാലെ പെണ്‍കുട്ടി കുഞ്ഞിനെ ജനല്‍വഴി പുറത്തേക്കെറിയുകയായിരുന്നു.
ജനിച്ച് മിനിറ്റുകള്‍ മാത്രം പ്രായമുള്ള ആണ്‍കുട്ടിയുടെ മൃതദേഹം തൊട്ടടുത്ത പുരയിടത്തില്‍ കണ്ടെത്തിയതോടെ പോലീസ് അന്വേഷിക്കുകയായിരുന്നു. മൃതദേഹം കണ്ടതായി തൊട്ടടുത്ത അപാര്‍ട്ട്‌മെന്റിലെ ജോലിക്കാരി വിവരം അറിയിച്ചാണ് പോലീസ് എത്തിയത്. മഠത്തില്‍ താമസിച്ച് പഠിക്കുകയായിരുന്നു പെണ്‍കുട്ടി.
തുടര്‍ന്ന് എലുരു സര്‍ക്കിള്‍ ഇന്‍സ്പെക്ടറുടെ നേതൃത്വത്തിലുള്ള സംഘവും വനിതാ ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയില്‍ കുട്ടിയെ എറിഞ്ഞത് കോണ്‍വെന്റ് കെട്ടിടത്തില്‍ നിന്നാണെന്ന് സ്ഥിരീകരിച്ചു. അവശനിലയിലായ അമ്മയെ എലുരു ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുഞ്ഞിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി അയച്ചു.