ന്യൂഡല്‍ഹി: പാലക്കാട്ടെ സർക്കാർ സ്കൂളിലെ ക്രിസ്മസ് ആഘോഷം തടഞ്ഞ വി.എച്ച്.പി പ്രവർത്തകരുടെ നടപടിക്കെതിരെ കേന്ദ്രസഹമന്ത്രി ജോർജ് കുര്യൻ.George Kurien against the VHP workers who stopped the Christmas celebration
സംഭവത്തില്‍ സംസ്ഥാന സർക്കാർ ശക്തമായ നടപടിയെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സ്കൂളില്‍ കോണ്‍ഗ്രസും ഡി.വൈ.എഫ്.ഐയും കരോള്‍ നടത്തിയത് സ്വാഗതം ചെയ്യുന്നുവെന്നും ജോർജ് കുര്യൻ പറഞ്ഞു.
ഒരിക്കലും ആവർത്തിക്കാൻ പാടില്ലാത്ത സംഭവമാണ് നടന്നത്. അതിനെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് കേരള സർക്കാറിനോട് അഭ്യർഥിക്കുന്നു. ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നടപടികളെ പിന്തുണക്കുകയും ചെയ്യുന്നു. സർക്കാർ സ്കൂളില്‍ ക്രിസ്മസ് ആഘോഷമാകാം എന്ന കേരള സർക്കാറിന്റെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. നബിദിനവും ശ്രീകൃഷ്ണ ജയന്തിയും സർക്കാർ സ്കൂളുകളില്‍ ആഘോഷിക്കാനുള്ള സാഹചര്യമുണ്ടെങ്കില്‍ അതിനു അനുമതി നല്‍കണം. എല്ലാമതങ്ങളുടെയും ആഘോഷരീതി മനസിലാക്കാൻ കുട്ടികള്‍ക്ക് ഇതിലൂടെ സാധിക്കുമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
സംഭവം പൊലീസ് അന്വേഷിക്കട്ടെ എന്നാണ് ബി.ജെ.പി നേതാവ് വി. മുരളീധരൻ പ്രതികരിച്ചത്. ബി.ജെ.പി പ്രവർത്തകർ അങ്ങനെ ചെയ്യുമെന്ന് കരുതുന്നില്ലെന്നും പ്രധാനമന്ത്രി ഇന്നും ക്രിസ്മസ് വിരുന്നില്‍ പങ്കെടുക്കുന്നുണ്ടെന്നും മുരളീധരൻ പറഞ്ഞു.
പാലക്കാട് നല്ലേപ്പുള്ളി ഗവ. യു.പി സ്കൂളിലെ ക്രിസ്മസ് ആഘോഷമാണ് വി.എച്ച്.പി പ്രവർത്തകർ തടസ്സപ്പെടുത്തിയത്. സംഭവത്തില്‍ വി.എച്ച്.പി ജില്ലാ സെക്രട്ടറി കെ. അനില്‍കുമാർ, ജില്ലാ സംയോജക് വി. സുശാസനൻ, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ. വേലായുധൻ എന്നിവരാണ് അറസ്റ്റിലായത്.
പരീക്ഷ കഴിഞ്ഞ് സ്കൂള്‍ മുറ്റത്ത് സാന്തക്ലോസിന്റെ തൊപ്പിയണിഞ്ഞ് ക്രിസ്മസ് ആഘോഷിക്കുന്നതിനിടെ അപ്രതീക്ഷിതമായാണ് മൂവ൪ സംഘം കടന്നു വന്നത്. ആദ്യം അധ്യാപകരോടും വിദ്യാർഥികളോടും പാട്ട് നിർത്താൻ ആവശ്യപ്പെട്ടു. ശേഷം അധ്യാപക൪ക്കടുത്തേക്കെത്തിയ സംഘം സാന്താ തൊപ്പിയണിഞ്ഞതിനെയും വസ്ത്ര ധാരണത്തെപറ്റിയും ചോദ്യം ചെയ്തു.
വിദ്യാർഥികള്‍ക്ക് മുന്നില്‍ വെച്ച് അധ്യാപകരെ അസഭ്യം പറഞ്ഞു. പരിപാടി നിർത്തി വെക്കണമെന്ന് ആവശ്യപ്പെട്ട ശേഷം മൂന്നുപേരും മടങ്ങിപ്പോയി. പ്രധാനാധ്യാപിക ജയന്തിയുടെ പരാതിയിലാണ് ചിറ്റൂ൪ പൊലീസ് മൂന്നു പേരെയും അറസ്റ്റ് ചെയ്തത്. മത സ്പ൪ധ വള൪ത്താനുള്ള ഉദ്ദേശത്തോടെ സ്കൂളിലേക്ക് അതിക്രമിച്ചു കയറി കുട്ടികളെ ഭീതിയിലാക്കി, അധ്യാപകരെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
ശ്രീകൃഷ്ണ ജയന്ത്രി എന്തുകൊണ്ട് ഇങ്ങനെ ആഘോഷിക്കുന്നില്ല എന്ന ചോദ്യമുയ൪ത്തിയെന്നും അസഭ്യവ൪ഷം നടത്തിയെന്നും എഫ്.ഐ.ആറില്‍ പറയുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.