പാലാ: അൾത്താരയിൽ നിന്ന് മണ്ണിൽ അധ്വാനത്തിന്റെ സുവിശേഷ വേല ചെയ്ത് നൂറ്മേനി വിളവിന്റെ വിജയ ഗാഥയുമായി ഫാ. ജോസഫ് വടകര. അജപാലന ശുശ്രൂഷയോടൊപ്പം കാർഷികരംഗത്തും മികവാർന്ന പ്രവർ ത്തനങ്ങൾക്കു നേതൃത്വം നൽകുകയാണ് കൃഷിയച്ചൻ എന്നറിയപ്പെടുന്ന കവീക്കുന്ന് സെന്റ് എഫ്രേംസ് പള്ളി വികാരി ഫാ. ജോസഫ് വടകര.
കാർഷിക കുടുംബത്തിൽ ജനിച്ച അദ്ദേഹം തനിക്ക് ലഭിച്ച കൃഷിയറിവുകളുമായിട്ടാണ് കാർഷികരംഗത്തേക്ക് കടന്നു വന്നത്. പള്ളിയിലെ തിരക്ക് കഴിഞ്ഞാലുടൻ മുണ്ടും മടക്കിക്കുത്തി തൂമ്പയുമായി കൃഷിയിടത്തിലേയ്ക്ക് ഇറങ്ങുന്നതാണ് 75 കാരനായ അച്ചൻ്റെ പതിവ് രീതി. രോഗാവസ്ഥ പലപ്പോഴും അലട്ടാറുണ്ടെങ്കിലും വടകര അച്ചൻ്റെ കൃഷിയോടുള്ള ആഭിമുഖ്യത്തെ ഇതൊന്നും ഒട്ടും ബാധിക്കാറില്ല.
അടുത്ത കാലത്ത് ആശുപത്രി വാസത്തിനിടയിലും അച്ചൻ്റെ മനസ് കൃഷിയിടത്തു തന്നെയായിരുന്നു. കവീക്കുന്നിൽ എത്തിയാൽ പള്ളിമുറ്റവും പള്ളിമേടയും പച്ചക്കറി കൃഷിയാൽ നിറഞ്ഞു നിൽക്കുന്ന കാഴ്ചയാണ് കാണാൻ കഴിയുന്നത്.
കവീക്കുന്ന് പള്ളിയുടെ ഉടമസ്ഥതയിലുള്ള സ്ഥലത്ത് ആയിരത്തോളം മരച്ചീനിയാണ് കൃഷി ചെയ്തിരിക്കുന്നത്. അച്ചൻ്റെയും കൈക്കാരന്മാരുടെയും നേതൃത്വത്തിൽ ഇപ്പോൾ അതിന്റെ വിളവെടുപ്പ് നടത്തുകയാണ്. അമ്പതു കിലോഗ്രാം, പത്തു കിലോഗ്രാം എന്നിങ്ങനെ മരച്ചീനി കൾ കടകളിൽ ഓർഡർ അനുസരിച്ച് എത്തിച്ചുകൊടു ക്കും. രണ്ടര ടണ്ണോളം പച്ചക്കപ്പ ഇതുവരെ വിൽപന നടത്താനായി വടകര അച്ചൻ പറഞ്ഞു. ഇനിയും വിളവെടുക്കാനുണ്ട്.
കഴിഞ്ഞവർഷം നല്ല വിളവും നല്ല വിലയും ലഭിച്ചതാണ് ഈ പ്രാവശ്യവും മരച്ചീനി കൃഷി തുടരാൻ കാരണം. ഒരു ചുവട്ടിൽനിന്ന് 25 കിലോ ഗ്രാം തൂക്കംവരെ ലഭിക്കുന്നുണ്ട്.

ഇതുകൂടാതെ പച്ചക്കറികളും ഇവിടെ കൃഷി ചെയ്‌തു വരുന്നു. 250 ഗ്രോബാഗുകളിലായി വഴുതന, പയർ, പച്ചമുളക്, വെണ്ട തുടങ്ങിയവയും കൃഷി ചെയ്യുന്നുണ്ട്. കൂടാതെ വാഴ, ചെങ്കദളി, റോബസ്റ്റ, നേത്രവാഴ എന്നിവയുടെ കൃഷിയുമുണ്ട്. പൊക്കം കുറഞ്ഞ ആയൂർജാക്ക് ഇന ത്തിൽപെട്ട 140 പ്ലാവുകൾ പള്ളിപ്പറമ്പിലും പാരീഷ് ഹാളിനു സമീപവുമായി കൃഷി ചെയ്‌തിട്ടുണ്ട്.
ഒന്നര വർഷം മുമ്പ് മാത്രം നട്ട ഇവയിൽ പലതും കായ്‌ഫലം നൽകിത്തുടങ്ങിയിട്ടുണ്ട്. കൈക്കാരന്മാരായ സണ്ണി ജോസഫ് വരിക്കമാക്കൽ, ബാബു മുകാല, ജോസ് മുകാല, ദൈവാലയ ശുശ്രൂഷി അമൽ വട്ടമറ്റം എന്നിവരും കൃഷിപ്പണികളിൽ അച്ചനോടൊപ്പം തോളോടുതോൾ ചേർന്നു പ്രവർത്തിക്കുന്നു.
സാമൂഹ്യ-സാംസ്കാരിക-ആത്മീയ -കാർഷിക മേഖലകളിലെ സേവനത്തെമാനിച്ച് സാംസ്ക്കാരിക സംഘടനയായ കിഴതടിയൂർ ഭാവന ഫാ. ജോസഫിന് ആദരവ് നൽകിയിട്ടുണ്ട്. മുമ്പ് കല്യാൺ രൂപതയിൽ സാബന്തവാടിയിൽ എസ്റ്റേറ്റിന്റെ ചുമതലക്കാരനായിരുന്നു വടകര അച്ചൻ. നിരവധി മലയാളി കുടംബങ്ങളെ അവിടെ അദ്ദേഹം കൃഷിയിലേക്ക് ആകർഷിച്ചു.
അവിടെയും കൃഷിയിൽ കർമനിരതനായിരുന്നു ഇദ്ദേഹം. ഇടുക്കി രൂപതയിൽപ്പെട്ട ഹൈറേഞ്ച്-മുരിക്കൻതൊട്ടി ഇടവകയിൽ ഏലം കൃഷിയുണ്ടായിരുന്നു. അവിടെ അഞ്ചുവർഷം സേവനം ചെയ്തു. ഇടുക്കി രൂപതയിൽ ഇരുമ്പുപാലം ഇടവകയിൽ മൂന്നുവർഷം സേവ നമനുഷ്ഠിച്ചു. പിന്നീട് പാലാ രൂപതയിലെ ഉദയഗിരിപള്ളി വികാരിയായിരുന്നു. അവിടെ നിന്നും കവീക്കുന്നിൽ എത്തിയിട്ട് രണ്ടര വർഷത്തോളമായി.
വിഷരഹിതമായ പച്ചക്കറികളാണ് അച്ചൻ്റെ നേതൃത്വത്തിൽ കൃഷി ചെയ്തുവരുന്നത്. ജൈവവളം മാത്രമേ ഉപയോഗിക്കുകയുള്ളൂവെന്നും ഫാ ജോസഫ് വടകര പറയുന്നു. വിളവെടുപ്പു സമയത്ത് കവീക്കുന്ന് പള്ളിയിൽ എത്തിയാൽ പച്ചക്കറി, കപ്പ തുടങ്ങിയയുടെ കിറ്റ് അച്ചൻ തയ്യാറാക്കി വച്ചിരിക്കും.
ആവശ്യക്കാർ ഏറെ ആയതിനാൽ ഒരു സാധനവും മിച്ചം വരാറില്ലെന്ന് കൃഷി അച്ചൻ സാക്ഷ്യപ്പെടുത്തുന്നു. ഇനിയും കൂടുതൽ പച്ചക്കറികൾ കവീക്കുന്നിലെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് വടകര അച്ചൻ.പാലാ രൂപതയിലെ തന്നെ ഫാ. മൈക്കിൾ ഔസേപ്പ്പറമ്പിൽ വിവിധ പള്ളികളിൽ വികാരിയായിരുന്നപ്പോൾ പള്ളിവളപ്പിൽ കൃഷിചെയ്തും നാടൻ കന്നുകാലികളെ വളർത്തിയും ഇടവക ജനത്തിനും നാടിനും വലിയ മാതൃക സൃഷ്ടിച്ചിരുന്നു.
അതേ പാതയിൽ വടകരയച്ചനും സമൂഹത്തിന് മാതൃകയാവുന്ന നിരവധി കാർഷിക പ്രവർത്തനങ്ങളാണ് നടത്തുന്നത്.