കല്‍പ്പറ്റ: ഇരുന്നൂറോളം ആളുകളുടെ ജീവനെടുത്ത വയനാട്ടിലെ ചൂരൽമല – മുണ്ടക്കൈ ദുരന്തത്തില്‍ സഹായ സന്നദ്ധത അറിയിച്ച് കപ്പൂച്ചിന്‍ വൈദികനായ ഫാ. ജിജോ കുര്യന്റെ ഫേസ്ബുക്ക് പോസ്റ്റ്. Fr. Jijo Kurian’s Facebook post
2018 ലെ മഹാപ്രളയക്കെടുതിയ്ക്കു പിന്നാലെ അനേകരുടെ ദുരവസ്ഥ മനസിലാക്കി ക്യാബിന്‍ ഹൌസ് എന്ന ആശയത്തില്‍ ഊന്നി നൂറുകണക്കിന് ആളുകള്‍ക്ക് പാര്‍പ്പിടം ഒരുക്കി ശ്രദ്ധ നേടിയ വൈദികനാണ് ഫാ. ജിജോ.
ഇനിയും ജീവൻ മണ്ണിനടിയിലും വെള്ളത്തിലുമാണ് എന്ന വാക്കുകളോടെയാണ് ഫേസ്ബുക്ക് പോസ്റ്റ് ആരംഭിക്കുന്നത്. ഭക്ഷണവും വസ്ത്രവും മരുന്നും ആവശ്യത്തിന് ഉണ്ടെന്ന് പ്രദേശത്തു നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. മടങ്ങിപ്പോകാൻ ഇടമില്ലാതെ പലരും പെരുവഴിയിൽ നിൽക്കുന്നുണ്ടാവും. പുനരധിവാസത്തെക്കുറിച്ച് നമ്മൾ ഇപ്പോൾ തന്നെ ചിന്തിച്ചു തുടങ്ങണമെന്ന് വൈദികന്‍ കുറിച്ചു.
നേരത്തെ പ്രളയ കാലം മുതല്‍ നിശബ്ദമായി അനേകരുടെ കണ്ണീരൊപ്പിയ വൈദികനാണ് ഫാ. ജിജോ. പാര്‍പ്പിടം നഷ്ട്ടമായവര്‍ക്ക്, ഇല്ലാത്തവര്‍ക്ക് അത് ഒരുക്കാന്‍ ഈ വൈദികനൊപ്പം കൈകോർത്തു നിരവധിപ്പേരാണു മുന്നോട്ടു വന്നത്. കേരളത്തിന്റെ വിവിധയിടങ്ങളിലായി ഇതുവരെ മുന്നൂറോളം സ്നേഹവീടുകളാണ് ഒരുക്കിയത്.
അസുഖബാധിതർ, വികലാംഗർ, ജീവിതവഴിയിൽ ആരുമില്ലാതെ ഒറ്റപ്പെട്ടവർ, മറ്റു വരുമാന മാർഗങ്ങളില്ലാത്തവർ, പരസഹായമില്ലാത്ത വൃദ്ധജനങ്ങൾ തുടങ്ങിയവരെയാണു വീടിൻ്റെ ഗുണഭോക്‌താക്കളായി തിരഞ്ഞെടുക്കുന്നതെന്നതും ശ്രദ്ധേയമാണ്.
ചൂരല്‍മലയിലെയും മുണ്ടക്കൈയിലെയും ദുരന്ത മേഖലയില്‍ നിന്നു ഭവനം നഷ്ട്ടപ്പെട്ടവരെ ചേര്‍ത്തുപിടിക്കാന്‍ സന്നദ്ധ അറിയിച്ചുക്കൊണ്ടുള്ള ഫാ. ജിജോയുടെ പോസ്റ്റില്‍ നിരവധി പേരാണ് നന്ദി അറിയിക്കുന്നത്,
ഫാ. ജിജോ കുര്യന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:
ഇനിയും ജീവൻ മണ്ണിനടിയിലും വെള്ളത്തിലുമാണ്. രക്ഷാപ്രവർത്തനവും ദുരിതാശ്വാസ പ്രവർത്തനവും ഏറ്റവും മികവിൽ നടക്കുന്നു. എന്താണ് ചൂരൽമല – മുണ്ടക്കൈ എന്ന വയനാടൻ മലയോരഗ്രാമങ്ങൾക്ക് വേണ്ടി ചെയ്യേണ്ടത് എന്ന് ചോദിച്ചുകൊണ്ട് സുഹൃത്തുക്കൾ പലരും സന്ദേശമയക്കുന്നു.
ഭക്ഷണവും വസ്ത്രവും മരുന്നും ആവശ്യത്തിന് ഉണ്ടെന്ന് പ്രദേശത്തു നിന്ന് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. പ്രിയപ്പെട്ടവർ നഷ്ടപ്പെട്ട മനുഷ്യർക്ക് അവരുടെ ആവശ്യമെന്തെന്ന് ചിന്തിക്കാനുള്ള മാനസീകാവസ്ഥ കാണില്ല.
ആഴ്ചകൾ കടന്നുപോകും, വെള്ളം ഒഴുകി തീർന്നിട്ടുണ്ടാവും, ചെളി അടിഞ്ഞിട്ടുണ്ടാവും, ക്യാമ്പുകൾ അടച്ചു തുടങ്ങിയിട്ടുണ്ടാവും. മടങ്ങിപ്പോകാൻ ഇടമില്ലാതെ പലരും പെരുവഴിയിൽ നിൽക്കുന്നുണ്ടാവും. പുനരധിവാസത്തെക്കുറിച്ച് നമ്മൾ ഇപ്പോൾ തന്നെ ചിന്തിച്ചു തുടങ്ങണം.
വീടുകൾ പണിതുകൊടുക്കാൻ തയ്യാറായി ചില സുഹൃത്തുക്കൾ ഇതിനോടകം വിളിച്ചു. സുരക്ഷിതമായ സ്ഥലമാണ് പ്രശ്നം. വയനാടൻ മനുഷ്യരെ ആ മണ്ണിൽ നിന്ന് വിദൂരത്തിലേയ്ക്ക് പറിച്ചുനടുന്നത് ഉചിതമല്ലല്ലോ.
വന്യമൃഗശല്യം കാര്യമായി ഇല്ലാത്ത, പ്രകൃതിദുരന്ത ഭീഷണിയില്ലാത്ത സ്ഥലം ഈ മനുഷ്യർക്കായി വിട്ടുകൊടുക്കാൻ സന്മനസ്സുള്ള വയനാടൻ സുഹൃത്തുക്കൾ ഉണ്ടെങ്കിൽ ബന്ധപ്പെടണേ. വയനാടിന് വേണ്ടി ഒരു പുനരധിവാസ പദ്ധതി മനസ്സിലുണ്ട്.