കോട്ടയം: ചങ്ങനാശേരി അതിരൂപതാംഗവും ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്ക റെക്ടറും രാഷ്ട്രദീപിക ലിമിറ്റഡ് മുന്‍ ഡയറക്ടറുമായിരുന്ന ഫാ. ഗ്രിഗറി ഓണംകുളം(63) അന്തരിച്ചു. പെട്ടന്നുണ്ടായ അസുഖത്തെത്തുടര്‍ന്ന് ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ ഇന്നലെ വൈകുന്നേരമാണ് അന്ത്യം സംഭവിച്ചത്.fr grigary onamkulam passed away
സംസ്കാരം നാളെ (ശനി)ഉച്ചയ്ക്ക് 1.15ന് അതിരമ്പുഴയിലുള്ള സഹോദരന് ഓണംകുളം ഷാജി ഫ്രാന്‍സിസിന്റെ വസതിയിലെ ശുശ്രൂഷകള്‍ക്കുശേഷം 2.15ന് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളിയില്‍. ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പെരുന്തോട്ടം, നിയുക്ത ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍ എന്നിവരുടെ മുഖ്യകാര്‍മികത്വത്തില്‍ വിശുദ്ധകുര്‍ബാനയെത്തുടര്‍ന്ന് സംസ്കാരം ശുശ്രൂഷകൾ നടക്കും.
ഇന്ന് 1.30 മുതല്‍ രണ്ടുവരെ ചെത്തിപ്പുഴ സെന്റ് തോമസ് ആശുപത്രി മോര്‍ച്ചറിയിലും അദ്ദേഹം വികാരിയായി സേവനം ചെയ്തുവന്ന ചമ്പക്കുളം സെന്റ് മേരീസ് ബസിലിക്കയില്‍ ഉച്ചകഴിഞ്ഞ് മൂന്നുമുതല്‍ നാലുവരെയും മൃതദേഹം പൊതുദര്‍ശനത്തിനു വയ്ക്കും.
ചങ്ങനാശേരി അതിരൂപത ജീവകാരുണ്യനിധി ട്രസ്റ്റ് സെക്രട്ടറിയാണ് ഫാ. ഗ്രിഗറി ഓണംകുളം. ചങ്ങനാശേരി സോഷ്യല്‍ സര്‍വീസ് സൊസൈറ്റി ഡയറക്ടർ, അതിരൂപത ഡിസിഎംഎസ് ഡയറക്ടര്‍ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
1961 ജൂലൈ ആറിന് അതിരമ്പുഴ ഓണംകുളം പരേതനായ ലൂക്ക ഫ്രാന്‍സിസ് -ചിന്നമ്മ ദമ്പതികളുടെ മകനായി ജനനം. കുറിച്ചി, നാഗ്പുർ സെമിനാരികളില്‍ പഠനം. 1987 ഏപ്രില്‍ 29ന് ആര്‍ച്ച്ബിഷപ് മാര്‍ ജോസഫ് പവ്വത്തിലില്‍നിന്നു പൗരോഹിത്യം സ്വീകരിച്ചു. ചങ്ങനാശേരി മെത്രാപ്പോലീത്തന്‍പള്ളി അസിസ്റ്റന്റ് വികാരി, പറാൽ, മാടപ്പള്ളി, തുരുത്തി പള്ളികളില്‍ വികാരിയായും സേവനമനുഷ്ഠിച്ചിട്ടുണ്ട്.