പത്തനംതിട്ട: പത്തനംതിട്ടയിൽ വാഹനാപകടത്തിൽ 4 മരണം. പുനലൂർ–മൂവാറ്റുപുഴ പാതയിൽ ശബരിമല തീർഥാടകരുടെ ബസും കാറും കൂട്ടിയിടിച്ചാണ് അപകടം. മല്ലശേരി സ്വദേശികളായ മത്തായി ഈപ്പൻ, അനു, നിഖിൽ, ബിജു പി.ജോർജ് എന്നിവരാണ് മരിച്ചത്. അനുവും നിഖിലും ദമ്പതികളാണ്. അനുവിന്റെ അച്ഛനാണ് ബിജു. നിഖിലിന്റെ പിതാവാണ് മത്തായി ഈപ്പൻ. നാലുപേരാണ് കാറിൽ ഉണ്ടായിരുന്നത്. പുലർച്ചെ 3.30ഓടെയാണ് അപകടം.Four of family returned from trivandrum airport Killed as Car Collides with Sabarimala Pilgrim Bus
മലേഷ്യയിലുണ്ടായിരുന്ന മകള്‍ അനുവിനെ തിരുവനന്തപുരം എയർപോർട്ടിൽ നിന്ന് വിളിച്ചുകൊണ്ട് വരികയായിരുന്നു ഇവര്‍.
ഒരു കുടുംബത്തിലെ 4 പേര്‍ക്കാണ് ദാരുണാന്ത്യം സംഭവിച്ചിരിക്കുന്നത്. ഇവരില്‍ അനു ഒഴികെ ബാക്കിയുള്ളവര്‍ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അനുവിനെ നാട്ടുകാര്‍ കോന്നി താലൂക്ക് ആശുപത്രിയിലെത്തിച്ചിരുന്നു. ആശുപത്രിയില്‍ വെച്ചാണ് അനുവിന്‍റെ മരണം സ്ഥിരീകരിച്ചത്.
ആന്ധ്രാ സ്വദേശികളായ തീർത്ഥാടകരുടെ ബസുമായി കാർ കൂട്ടിയിടിക്കുകയായിരുന്നു. അപകടത്തിൽ മാരുതി സ്വിഫ്റ്റ് കാർ പൂർണ്ണമായും തകർന്നു. കാർ വെട്ടിപ്പൊളിച്ചാണ് കാർ യാത്രക്കാരെ പുറത്തെടുത്തത്. പുനലൂർ മൂവാറ്റുപുഴ സംസ്ഥാന പാതയിലാണ് അപകടം.
നാട്ടുകാർ എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. അപകടകാരണത്തെക്കുറിച്ച് പൊലീസ് അന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. പത്തനംതിട്ട എസ്പി സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തിക്കൊണ്ടിരിക്കുകയാണ്. മരിച്ച മൂന്ന് പേരുടെ മൃതദേഹം കോന്നി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇവിടെ സ്ഥിരം അപകടമേഖലയാണെന്ന് നാട്ടുകാര്‍ സാക്ഷ്യപ്പെടുത്തുന്നു. വാഹനത്തിന്‍റെ അമിത സ്പീഡും ഉറങ്ങിപ്പോകാനുള്ള സാധ്യതയുമായിരിക്കാം അപകടകാരണമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം.