വയനാട്: ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതർ താമസിക്കുന്ന ഫ്ലാറ്റിൽ ഭക്ഷ്യവിഷബാധയെന്ന് പരാതി. മൂന്ന് കുട്ടികൾക്കാണ് ശാരീരിക അസ്വസ്ഥത നേരിട്ടത്. ഇവരിൽ ഒരാളെ വൈത്തിരിയിലെ ആശുപത്രിയിലേക്ക് മാറ്റി.Food poisoning in flats where landslide victims live
ദുരന്തബാധിതർക്ക് സർക്കാർ നൽകിയ ഭക്ഷ്യ കിറ്റിലെ സോയാബീൻ പാകം ചെയ്ത് കഴിച്ചതിന് പിന്നാലെയാണ് ഭക്ഷ്യവിഷബാധയേറ്റത് എന്നാണ് പരാതി. ഏഴു വയസ്സുള്ള ഒരു കുട്ടിയാണ് ആശുപത്രിയിൽ ചികിത്സയിലുള്ളത്.
വിവരമറിഞ്ഞ് മന്ത്രി പി.പ്രസാദ് താലൂക്ക് ആശുപത്രിയിലെത്തി. മന്ത്രിയെ കണ്ട് കുട്ടിയുടെ അമ്മ വിതുമ്പി കരഞ്ഞു. കുഞ്ഞിൻ്റെ ഭക്ഷ്യവിഷബാധയിൽ രാഷ്ട്രീയം കളിക്കുന്നുവെന്ന് ചിലർ പറയുന്നുവെന്ന് കുട്ടിയുടെ അമ്മ മന്ത്രിയോട് പറഞ്ഞു. ഭീഷണിയുണ്ടെങ്കിൽ അറിയിക്കണമെന്നും ഒപ്പമുണ്ടെന്നും മന്ത്രി കുട്ടിയുടെ അമ്മയോട് പറഞ്ഞു.
ഭക്ഷണസാമഗ്രികളുടെ ഗുണനിലവാരം പരിശോധിക്കുവാൻ നിർദ്ദേശം നൽകിയതായി മന്ത്രി പി പ്രസാദ് പ്രതികരിച്ചു. കളക്ടർക്കാണ് നിർദ്ദേശം നൽകിയത്. ഗുണനിലവാര പരിശോധന നടത്താൻ എല്ലാ സംവിധാനങ്ങളും നിലവിലുണ്ട്. കിറ്റിനകത്തെ ഭക്ഷണ സാമഗ്രികളുടെ പ്രശ്നമാണെങ്കിൽ ഗൗരവതരമാണ്. ആരുടെ വീഴ്ചയാണെന്നതിൽ പരിശോധന വേണമെന്നും മന്ത്രി പറഞ്ഞു.