കാസര്‍കോട്: നീലേശ്വരം അഞ്ഞൂറ്റമ്പലം വീരർകാവ് കളിയാട്ട മഹോത്സവത്തിനിടെ പടക്കങ്ങള്‍ സൂക്ഷിച്ച സ്ഥലത്തുണ്ടായ പൊട്ടിത്തെറിയിൽ 154 പേര്‍ക്ക് പരിക്ക്. അപകടത്തിൽ പരിക്കേറ്റ് 97 പേരാണ് ചികിത്സയിലുള്ളത്. അപകടത്തിൽ പരിക്കേറ്റവരിൽ എട്ടുപേരുടെ നില ഗുരുതരമാണെന്ന് ജില്ല കളക്ടര്‍ ഇമ്പശേഖര്‍ പറഞ്ഞു. പരിക്കേറ്റവരിൽ സന്ദീപ് എന്നയാളുടെ നില അതീവഗുരുതരമാണ്.Firecracker room caught fire at Kasargod Neeleswaram Veerarkav temple
പരുക്കേറ്റവരെ കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി, നീലേശ്വരം താലൂക്ക് ആശുപത്രി, ജില്ലയിലെയും മംഗളൂരുവിലെയും സ്വകാര്യ ആശുപത്രികള്‍, പരിയാരം മെഡിക്കല്‍ കോളജ് എന്നിവിടങ്ങളില്‍ എത്തിച്ചു. ചിലരുടെ നില ഗുരുതരമെന്നാണു സൂചന.
ഇന്നലെ രാത്രി 12.20ന് ആയിരുന്നു അപകടം. ജില്ലയിലെ ആംബുലൻസുകളോട് ജില്ലാ ആശുപത്രിയിലും സംഭവസ്ഥലത്തുമായി എത്തിച്ചേരാൻ ജില്ലാ ഭരണകൂടം ആവശ്യപ്പെട്ടു. കലക്ടറും ജില്ലാ പൊലീസ് മേധാവിയും സംഭവസ്ഥലത്തെത്തി.
അതേസമയം വാളംകുഴി ചാമുണ്ഡി തെയ്യത്തിന്റെ കുളിച്ച് തോറ്റം ചടങ്ങിനിടെയാണ് അപകടം ഉണ്ടായത്. ചൈനീസ് പടക്കങ്ങളാണ് രാത്രി പൊട്ടിച്ചത്. ഇന്ന് പൊട്ടിക്കാനുള്ള നാടൻ പടക്കങ്ങളിലേക്ക് തീപ്പൊരി വീണാണ് സ്ഫോടനമുണ്ടായത്.
വെടിക്കെട്ടിന് അനുമതി ഉണ്ടായിരുന്നില്ലെന്ന് കലക്ടർ കെ.ഇമ്പശേഖരൻ പറഞ്ഞു. പടക്കം സൂക്ഷിച്ചതിന് അടുത്തു തന്നെയാണ് വെടിക്കെട്ട് നടത്തിയത്. മാനദണ്ഡങ്ങൾ പാലിച്ചില്ല. കസ്റ്റഡിയിലെടുത്തവർക്കെതിരെ ശക്തമായ നടപടിയെടുക്കുമെന്നും കലക്ടർ പറഞ്ഞു. പടക്കം സൂക്ഷിച്ച സ്ഥലത്ത് തീപ്പൊരി വീണാണ് സ്ഫോടനം ഉണ്ടായതെന്ന് ജില്ലാ പൊലീസ് മേധാവി ഡി.ശിൽപ്പ പറഞ്ഞു.
സംഭവത്തിൽ ക്ഷേത്ര പ്രസിഡന്റിനെയും സെക്രട്ടറിയെയും കസ്റ്റഡിയിലെടുത്തു. ചിതറിയോടുന്നതിനിടെ ആണ് പലർക്കും പരുക്കേറ്റത്. വടക്കൻ മലബാറിലെ ആദ്യ തെയ്യം ഈ ക്ഷേത്രത്തിലാണ്. ഒരു കിലോമീറ്റർ അകലെ സ്ഫോടന ശബ്ദം കേട്ടതായി നാട്ടുകാർ പറഞ്ഞു.