തിരുവനന്തപുരം: സാമ്പത്തിക തട്ടിപ്പിന് സഹോദരിമാരായ വനിതാ സീനിയർ സിവിൽ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ കേസ്. വിഴിഞ്ഞം കോസ്‌റ്റല്‍ സ്‌റ്റേഷനിലെ സംഗീത, തൃശൂർ വനിതാ സെല്ലില്‍ ജോലി ചെയ്യുന്ന സുനിത എന്നിവർക്കെതിരെ ആണ് കേസെടുത്തത്.
കാട്ടായിക്കോണം സ്വദേശിനി ആതിര ആണ് പരാതിക്കാരി. പണം മടക്കിച്ചോദിച്ചതിന് കുപ്രസിദ്ധ ഗുണ്ട ആയ ഗുണ്ടുകാട് സാബു വഴി ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ പറയുന്നു.
സൗഹൃദം നടിച്ച് കുടുംബ സുഹൃത്തായി മാറിയ ശേഷം പണം തട്ടിയെന്നാണ് പരാതി. ആതിരയുടെ ഭർത്താവില്‍ നിന്ന് വസ്തു വാങ്ങാനെന്ന് പറഞ്ഞ് പലപ്പോഴായി 19 ലക്ഷം സംഗീത കൈപ്പറ്റിയെന്നാണ് പരാതിയില്‍ പറയുന്നത്. രേഖകളും ചെക്കുകളും നല്‍കിയത് സംഗീതയും സഹോദരീ ഭർത്താവ് ജിപ്സണ്‍രാജുമായിരുന്നു.
പണം തിരികെ ആവശ്യപ്പെട്ടപ്പോള്‍ നല്‍കിയ ചെക്കുകള്‍ ബാങ്കില്‍ കൊടുത്തെങ്കിലും പണം ലഭിക്കാതെ മടങ്ങി. അതിനിടെയാണ് ഗുണ്ടുകാട് സാബു എന്നയാള്‍ ഫോണിലൂടെ ഭീഷണിപ്പെടുത്തിയത്. സംഗീതയ്ക്കു വേണ്ടിയാണ് വിളിക്കുന്നതെന്നും എഗ്രിമെന്‍റുകളടക്കം തിരികെ നല്‍കണമെന്നും അല്ലെങ്കില്‍ ഭവിഷ്യത്ത് അനുഭവിക്കേണ്ടി വരുമെന്നുമായിരുന്നു ഭീഷണി.
അതേസയം പണം തട്ടിയെടുത്തതു സംബന്ധിച്ച് മുഖ്യമന്ത്രിക്കും പൊലീസ് പരാതി പരിഹാര സെല്ലിലും എസ്‌പിക്കും ഉൾപ്പെടെ പരാതി നൽകി. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിലാണ് ഒടുവിൽ കേസെടുക്കാൻ പോലീസ് തയ്യാറായത്.