തൃശ്ശൂർ: മന്ത്രവാദത്തിലൂടെ ശത്രുദോഷം മാറ്റാമെന്ന് വിശ്വസിപ്പിച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ പ്രതി അറസ്റ്റിൽ. ചേർപ്പ് കോടന്നൂർ സ്വദേശി ചിറയത്ത് വീട്ടില്‍ റാഫി(51)യാണ് അറസ്റ്റിലായത്.fake sorcerer raphy arrested irinjalakuda.
ഇരിങ്ങാലക്കുട സ്വദേശിയായ പ്രവാസിയുടെ പരാതിയിലാണ് ഇയാളെ പിടികൂടിയത്. ഇയാള്‍ പ്രവാസിയില്‍നിന്നുമാത്രം മൂന്നര ലക്ഷത്തോളം രൂപയാണ് തട്ടിയെടുത്തത്. രോഗബാധിതരെ കണ്ടെത്തി അടുപ്പം സ്ഥാപിച്ചാണ് ഇയാള്‍ തട്ടിപ്പു നടത്തിയിരുന്നത്.
രോഗത്തിന് കാരണം വീടിന്റെയും വസ്തുവിന്റെയും ദോഷങ്ങളാണ് എന്ന് പറഞ്ഞുവിശ്വസിപ്പിക്കുകയാണ് റാഫിയുടെ രീതി. ഇതിന് വിശ്വാസ്യത വരാൻ വേണ്ടി പുരയിടത്തില്‍ നിന്നും ഏലസുകള്‍, നാഗരൂപങ്ങള്‍, വിഗ്രഹങ്ങള്‍ തുടങ്ങിയവ കുഴിച്ചെടുക്കും. ഇതോടെ വീട്ടുകാർക്ക് വിശ്വാസം വരികയും ഇയാള്‍ ചോദിക്കുന്ന പണം നല്‍കി മന്ത്രവാദം നടത്തുകയും ചെയ്യും.
അതേസമയം ഉടമകളറിയാതെ ഇയാൾ അവരുടെ വീട്ടുപറമ്ബില്‍ ഏലസുകള്‍, നാഗരൂപങ്ങള്‍, വിഗ്രഹങ്ങള്‍ എന്നിവ കുഴിച്ചിട്ടശേഷം പിന്നീട് ഇയാള്‍ തന്നെ ‘ദിവ്യദൃഷ്ടി’യിലെന്നു പറഞ്ഞ് കണ്ടെത്തും. കൂടാതെ ഇതെല്ലാം കുഴിച്ചിട്ടതാണെന്നും ബിസിനസ് തകരുമെന്നും മാരക അസുഖങ്ങള്‍ക്ക് കാരണമാകുമെന്നും പറഞ്ഞ് വീട്ടുകാരെ വിശ്വസിപ്പിക്കും.
എന്നാല്‍ ഇവര്‍ പോയശേഷം ഇവിടത്തെ സിസിടി.വി. ക്യാമറകള്‍ പരിശോധിച്ചപ്പോള്‍ റാഫിയുടെ സഹായി പോക്കറ്റില്‍നിന്ന് ഏലസുകള്‍ എടുത്ത് കുഴിയിലിട്ടു മൂടുന്നതു കണ്ടതോടെ കള്ളി വെളിച്ചത്തായി. പ്രവാസിയുടെ പിതാവിന്റെ പരാതിയില്‍ കേസെടുത്ത പൊലീസ് വ്യാജ സിദ്ധനെ തന്ത്രത്തില്‍ പിടികൂടുകയായിരുന്നു.
പൊലീസിന്റെ ചോദ്യം ചെയ്യലില്‍ തന്റെ സിദ്ധികളെല്ലാം റാഫി തുറന്നു പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയില്‍ ഹാജരാക്കി. തൃശൂര്‍ റൂറല്‍ എസ്.പി. നവനീത് ശര്‍മ്മയുടെ നിര്‍ദ്ദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി.
കെ.ജി. സുരേഷിന്റെ നേതൃത്വത്തില്‍ ഇന്‍സ്‌പെക്ടര്‍ അനീഷ് കരീം ആണ് പ്രതിയെ പിടികൂടിയത്.