എലിസബത്ത് മാത്യു മലയാളി പ്രേക്ഷകർക്ക് ഏറെ സുപരിചിത ആണ്. ട്യൂററ്റ് സിൻഡ്രോം(ടിക്സ് അഥവാ ഞെട്ടൽ) എന്ന രോഗാവസ്ഥയെ സംഗീതത്തിലൂടെ അതിജീവിക്കുന്ന എലിസബത്ത് മറ്റുള്ളവർക്ക് വലിയൊരു മാതൃകയാണ്. പേടിയോ ടെൻഷനോക്കെ വരുമ്പോഴാണ് ടിക്സ് വരുന്നതെന്നും അല്ലാത്ത സമയത്ത് അധികം പ്രശ്നങ്ങളൊന്നും ഉണ്ടാകാറില്ലെന്നും എലിസബത്ത് പറയുന്നു.elizabeth said that it is not possible to get rid of the disease completely
തന്റെ നിത്യജീവിതത്തെ മുഴുവനായി ബാധിച്ച ടിക്സ് പാട്ടിനെയും കീഴ്പ്പെടുത്തിയെന്നും എന്നാൽ അതിനെ താൻ അതിജീവിച്ചെന്നും എലിസബത്ത് പറയുന്നു.
അടുത്തിടെ സ്വകാര്യ യൂട്യൂബ് ചാനലിനു നൽകിയ അഭിമുഖത്തിലാണ് എലിസബത്ത് മാത്യു ആരോഗ്യവിവരങ്ങൾ പങ്കുവച്ചത്.
‘ഒരിക്കലും എന്റ ഈ അവസ്ഥ ഭേദമാകില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്. പ്രായം ചെല്ലുന്തോറും കുറഞ്ഞുവരുമെന്നു പറഞ്ഞിരുന്നെങ്കിലും എന്റെ അവസ്ഥ നേരെ മറിച്ചാണ് ഉണ്ടായത് .
എനിക്കിത് കൂടിക്കൂടിയാണ് വരുന്നത്. ഈ അവസ്ഥയ്ക്ക് പ്രത്യേകിച്ചു മരുന്നുകളൊന്നുമില്ല. പേടിയോ ടെൻഷനോ തോന്നുമ്പോൾ ടിക്സ് കൂടും. അങ്ങനെയുള്ളപ്പോൾ ചെറിയ മരുന്നുകളൊക്കെ കഴിക്കും. അപ്പോൾ ആശ്വാസം ലഭിക്കും.
നിത്യജീവിതത്തിലെ ഓരോ പ്രവൃത്തിയെയും ഇത് ബാധിച്ചിട്ടുണ്ട്. പക്ഷേ എങ്ങനെയൊക്കെയോ ഞാനത് മാനേജ് ചെയ്ത് മുന്നോട്ടു പോകുകയാണ്. ഉറക്കത്തെ മാത്രം ഇതുവരെ ഇത് ബാധിച്ചിട്ടില്ല എന്നതാണ് വലിയ ആശ്വാസം. എന്നാൽ ടിക്സ് എന്റെ ശബ്ദത്തെയും ബാധിക്കുമോയെന്ന് ഒരിക്കൽ ഭയപ്പെട്ടിരുന്നു. ആ ഭയം എന്നെ കീഴടക്കുകയും ചെയ്തു.
പക്ഷേ ഇപ്പോൾ ഞാൻ ആ ഭയത്തെ കീഴടക്കിക്കഴിഞ്ഞു. എന്റെ പാട്ടിനെ ബാധിച്ചെങ്കിലും അതിനെയെല്ലാം ഞാൻ മറികടന്നു മുന്നോട്ട് പോവുകയാണ്. ഈ ടിക്സ് വന്നത് ഒരു വിധത്തിൽ എനിക്ക് ഗുണകരമായി ഭവിച്ചു എന്നാണ് ഞാൻ ചിന്തിക്കുന്നത്. എന്റെ പാട്ട് അത്ര മികച്ചതൊന്നുമല്ല. പക്ഷേ ടിക്സ് വന്നപ്പോഴും ഞാൻ പാടി. അങ്ങനെ എനിക്കു പല വേദികൾ കിട്ടി. അതിൽ ഒരുപാട് സന്തോഷം’, എലിസബത്ത് പറഞ്ഞു.