വയനാട്: ഉപതെരഞ്ഞെടുപ്പ് ആവേശം കൊടുമ്പിരികൊണ്ടിരിക്കെ വയനാട്ടില്‍ അത്യധികം ആഹ്ലാദത്തിലാണ് കേരളത്തിലെ കോണ്‍ഗ്രസ്. 2019 ൽ രാഹുൽ ഗാന്ധി നേടിയ ഭൂരിപക്ഷം മറികടക്കുമെന്ന ഉറച്ച വിശ്വാസത്തോടെയാണ് പ്രിയങ്കാ ഗാന്ധിയെ വയനാട്ടിലേക്ക് സ്വാഗതം ചെയ്തിരിക്കുന്നത്. Election in Wayanad excitement
പ്രിയങ്ക വയനാട്ടില്‍ സ്ഥാനാര്‍ഥിയാകുന്നതോടെ ചരിത്രപരമായ വിജയം ഉറപ്പാക്കിയിരിക്കുകയാണ് പാർട്ടി. പ്രിയങ്കയുടെ ഇന്നത്തെ റോഡ് ഷോയും അതിനുള്ള സൂചനകള്‍ നല്‍കിക്കഴിഞ്ഞു.
2019ലെ പൊതുതിരഞ്ഞെടുപ്പിൽ 4.6 ലക്ഷം വോട്ടിൻ്റെ ലീഡോടെയാണ് രാഹുൽ ഗാന്ധി വയനാട്ടിൽ വിജയിച്ചത്. എന്നാൽ, 2024ലെ തിരഞ്ഞെടുപ്പിൽ അദ്ദേഹത്തിൻ്റെ മാർജിൻ 3.64 ലക്ഷം വോട്ടായി കുറഞ്ഞു. പ്രിയങ്കാ ഗാന്ധിയുടെ സ്ഥാനാർത്ഥിത്വത്തോടെ ശക്തി വീണ്ടെടുക്കാനാണ് കോൺഗ്രസ് ഇപ്പോൾ ശ്രമിക്കുന്നത്.5 ലക്ഷത്തിന്റെ റെക്കോഡ് ഭൂരിപക്ഷത്തിലാണ് പ്രതീക്ഷ.
നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പലപ്പോഴും ഇടതും വലതും മാറിമാറി മണ്ഡലങ്ങളെ പ്രതിനിധീകരിച്ചപ്പോഴും ലോക്‌സഭയിലേക്ക് വയനാട് ഇതുവരെ കോണ്‍ഗ്രസിനെ കൈവിട്ടിട്ടില്ല.
വയനാടന്‍ മണ്ണുമായി തഴക്കമുള്ള നേതാവാണ് സത്യന്‍ മൊകേരിയാണ് എല്‍ഡിഎഫ് സ്ഥാനാര്‍ഥിയെങ്കിലും രാഹുല്‍ ഗാന്ധി നേടിയ മൂന്നും നാലും ലക്ഷത്തിന്റെ ഭൂരിപക്ഷം പ്രിയങ്കയില്‍ അതിലേറെ പ്രതീക്ഷ നല്‍കുകയാണ് കോണ്‍ഗ്രസ്സിന്.
കഴിഞ്ഞ രണ്ട് തവണ മണ്ഡലത്തില്‍ രാഹുല്‍ ഗാന്ധി മത്സരിച്ചപ്പോഴും പ്രചാരണത്തിനായി പ്രിയങ്കയും എത്തിയിരുന്നു. എട്ടര വര്‍ഷത്തിന് ശേഷമാണ് സോണിയ ഗാന്ധി തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തുന്നത്.
കന്നിയങ്കത്തിനായി ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചിരികുകയാണ് പ്രിയങ്ക ഗാന്ധി. മൂന്ന് സെറ്റ് പത്രികയാണ് പ്രിയങ്ക സമർപ്പിച്ചത്. സോണിയാ ഗാന്ധിയും മല്ലികാര്‍ജുന്‍ ഖര്‍ഗെയും രാഹുല്‍ ഗാന്ധിയും പ്രിയങ്കയുടെ ഭര്‍ത്താവ് റോബര്‍ട്ട് വദ്രയും മകന്‍ റൈഹാനും പ്രിയങ്കയ്‌ക്കൊപ്പമുണ്ടായിരുന്നു.
കൂറ്റന്‍ റോഡ് ഷോയ്ക്കും പൊതുപരിപാടിക്കും ശേഷമാണ് പ്രിയങ്ക നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. വയനാട് കുടുംബത്തിന്റെ ഭാഗമാകാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമായി കാണുന്നു. വയനാടിന്റെ ഭാഗമാകുന്നത് വലിയ അംഗീകാരമാണ്. വയനാടുമായുള്ള ബന്ധം ഞാന്‍ കൂടുതല്‍ ദൃഢമാക്കും’, പ്രിയങ്ക പറഞ്ഞു.
നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ശേഷം രാഹുല്‍ ഗാന്ധിക്കൊപ്പമാണ് പ്രിയങ്ക പുത്തുമലയിലെത്തിയത്. ചൂരല്‍മല, മുണ്ടക്കൈ ദുരന്തത്തില്‍ ജീവന്‍ പൊലിഞ്ഞവര്‍ക്ക് ആദരമര്‍പ്പിച്ച് പുത്തുമലയിലെ ശ്മശാന ഭൂമിയിലെത്തി. കൂട്ടസംസ്‌കാരം നടന്ന സ്ഥലത്ത് പ്രാര്‍ത്ഥനയും പുഷ്പാര്‍ച്ചനയും നടത്തിയശേഷമാണ് മടങ്ങിയത്.
വലിയ ആവേശത്തോടെയാണ് ന്യൂ ബസ് സ്റ്റാന്റില്‍ നിന്ന് ആരംഭിച്ച പ്രിയങ്കയുടെ റോഡ് ഷോയില്‍ പ്രവര്‍ത്തകര്‍ പങ്കെടുത്തത്. പതിനായിരങ്ങളാണ് റോഡ് ഷോയുടെ ഭാഗമായത്. കനത്ത ചൂടും വെയിലും വക വെക്കാതെയാണ് റോഡ് ഷോ കടന്നുപോകുന്ന വഴികളില്‍ ആളുകള്‍ തടിച്ചുകൂടിയത്.പത്ത് ദിവസം പ്രചാരണത്തിന്റെ ഭാഗമായി പ്രിയങ്ക വയനാട്ടിലുണ്ടാകും.
കർഷകസമര നേതാവ് എന്ന നിലയിൽ വയനാടിന് സുപരിചിതനാണ് സത്യൻ മൊകേരി. മൂന്ന് തവണ എംഎൽഎ ആയിരുന്ന സത്യൻ മൊകേരി നിലവിൽ സിപിഐ ദേശീയ കൗൺസിൽ അംഗമാണ്.
ശോഭാ സുരേന്ദ്രന്‍ മുതല്‍ നടി ഖുശ്ബുവരെയുള്ള പേരുകള്‍ ബി.ജെ.പിയുടെ സ്ഥാനാര്‍ത്തി പട്ടികയില്‍ ഉയര്‍ന്നുവന്നുവെങ്കിലും ഒടുവില്‍ നറുക്ക് വീണത് കോഴിക്കോട് കോര്‍പറേഷന്‍ കൗണ്‍സിലര്‍ നവ്യഹരിദാസിനാണ്.
സോഫ്റ്റ്വെയര്‍ എഞ്ചിനീയറായ നവ്യ ഹരിദാസ് കഴിഞ്ഞ രണ്ടു തവണയായി കോഴിക്കോട് കോര്‍പ്പറേഷനിലെ കാരപ്പറമ്പ് വാര്‍ഡില്‍ നിന്നുള്ള കൗണ്‍സിലറാണ്. നിലവില്‍ കൗണ്‍സിലില്‍ ബിജെപിയുടെ പാര്‍ട്ടി നേതാവും മഹിളാ മോര്‍ച്ച സംസ്ഥാന ജനറല്‍ സെക്രട്ടറിയുമാണ്. ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍ മത്സരിച്ചിരുന്നു. സീറ്റുപിടിക്കുക എന്നതിനേക്കാള്‍ വോട്ടുവിഹിതം ഉയര്‍ത്തുക എന്ന ലക്ഷ്യത്തിലാണ് കുറച്ചുകാലമായി ബി.ജെ.പി.
അതേസമയം വയനാട്ടിലെ ഉരുൾപൊട്ടലിന് ശേഷം പ്രധാനമന്ത്രി മോദി പ്രദേശം സന്ദർശിച്ചെങ്കിലും വയനാടിന്‍റെ ദുരിതബാധിതര്‍ക്കുള്ള ഫണ്ട് അനുവദിക്കുന്നതില്‍ തീരുമാനമാനമാകാത്തത് ബിജെപിയില്‍ ഉള്ള വിശ്വാസ്യത കൂടി നഷ്ടപ്പെടുത്തിയെന്നാണ് വിലയിരുത്തല്‍.
വയനാട്, മലപ്പുറം, കോഴിക്കോട് എന്നീ മൂന്ന് ജില്ലകളിലായി ഏഴ് നിയമസഭാ മണ്ഡലങ്ങളിലായി വയനാട് മണ്ഡലം വ്യാപിച്ചുകിടക്കുന്നു. നിലവിൽ ഇതിൽ നാലെണ്ണം കോൺഗ്രസ് നേതൃത്വത്തിലുള്ള യുഡിഎഫിൻ്റെ കൈവശവും രണ്ടെണ്ണം സിപിഐ എം നിയന്ത്രണത്തിലുമാണ്. ഏഴാം സീറ്റ് മുമ്പ് ഇടത് പിന്തുണയുള്ള സ്വതന്ത്ര എംഎൽഎ പിവി അൻവറായിരുന്നു, അദ്ദേഹം ഭരണകക്ഷിയായ ഇടതുപക്ഷവുമായി പിരിഞ്ഞ് സ്വന്തം രാഷ്ട്രീയ പാർട്ടി രൂപീകരിച്ചു.