സ്ത്രീധന നിരോധന നിയമ പ്രകാരം സ്ത്രീധനം വാങ്ങുന്നവരും കൊടുക്കുന്നവരും കുറ്റക്കാരാണ്. എന്നാൽ, ഇന്നും ഒളിഞ്ഞും തെളിഞ്ഞും സ്ത്രീധനം വാങ്ങുകയും കൊടുക്കുകയും ചെയ്യുന്ന അനേകം പേരുണ്ട്. സ്ത്രീധനത്തിന്റെ പേരിൽ ആത്മഹത്യ ചെയ്യേണ്ടി വരുന്ന സ്ത്രീകളുള്ള നാടായി മാറിയുകയാണ് നമ്മുടെ നാട്.
എത്ര വിദ്യാഭ്യാസം നേടിയിട്ടും കാര്യമില്ല, ചിന്തകളിൽ ഇപ്പോഴും പഴഞ്ചനായിരിക്കുന്ന ആളുകളുടെ എണ്ണത്തിൽ ഒരു കുറവും വന്നിട്ടില്ല എന്നതാണ് സത്യം.. അത് തെളിയിക്കുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഹൈദരാബാദ് സ്വദേശിയായ എയിംസിൽ ജോലിചെയ്യുന്ന ഒരു ഡോക്ടര്‍ അമ്പത് കോടിയോളം രൂപ സ്ത്രീധനമായി ആവശ്യപ്പെട്ടുവെന്നാണ് പോസ്റ്റിലുള്ളത്. യുവതിയുടെ സുഹൃത്ത് സാമൂഹികമാധ്യമമായ എക്‌സില്‍ പോസ്റ്റിട്ടതോടെയാണ് ഇക്കാര്യം പുറത്തറിയുന്നത്.
തന്റെ സുഹൃത്തിനോട് എയിംസിലെ ഒന്നാം റാങ്കുകാരനായ ഒരു യൂറോളജിസ്റ്റ് 50 കോടി രൂപ സ്ത്രീധനം ആവശ്യപ്പെട്ടു എന്നാണ് യുവതി എക്‌സില്‍ പങ്കുവെച്ച പോസ്റ്റിൽ പറയുന്നത്. കൂട്ടുകാരിയും ഡോക്ടറാണ്. അനസ്തീഷ്യയില്‍ എം.ഡിക്ക് പഠിക്കുന്ന യുവതിയോടാണ് സ്ത്രീധനം ചോദിച്ചിരിക്കുന്നത്. തന്റെ സ്വന്തം കാലില്‍ നില്‍ക്കാന്‍ പ്രാപ്തിയില്ലെങ്കിൽ പിന്നെയീ വിദ്യാഭ്യാസവും റാങ്കും മെറിറ്റുമൊക്കെ കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും പോസ്റ്റിട്ട യുവതി ചോദിക്കുന്നുണ്ട്.
അതേസമയം വളരെ പെട്ടെന്നാണ് യുവതിയുടെ പോസ്റ്റ് ചർച്ചയായി മാറിയത്. നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്.