ആലപ്പുഴ: ജി സുധാകരനോടുള്ള അവഗണനയ്ക്ക് പിന്നാലെ ആലപ്പുഴ സിപിഐഎമ്മില്‍ അതൃപ്തി പുകയുന്നു. നേതൃത്വത്തിനെതിരെ രൂക്ഷ വിമര്‍ശനവുമായി അമ്പലപ്പുഴ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഷീബ രാകേഷാണ് രംഗത്തെത്തിയത്.Dissatisfaction with Alappuzha CPIM over neglect of G Sudhakaran
സംശുദ്ധ രാഷ്ട്രീയത്തിന്റെ വെളിച്ചമാണ് ജി സുധാകരനെന്നും അഭിമാനത്തോടെ ഉറക്കെ വിളിച്ച് പറയാവുന്ന പേരാണതെന്നും ഷീബ പറഞ്ഞു. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലായിരുന്നു ഇവരുടെ പരാമര്‍ശം. സഖാവിനെ കുറിച്ച് നാടുനീളെ കുറ്റം പറയുന്നവര്‍ വായിക്കാനാണ് കുറിപ്പെന്നും ഷീബ പറയുന്നു.
‘സംശുദ്ധ രാഷ്ട്രീയത്തിന്റെ വെളിച്ചമെന്ന് അഭിമാനത്തോടെ ഉച്ചത്തില്‍ വിളിച്ചു പറയാവുന്ന പേരുകളില്‍ ഒന്നാമത് സഖാവ് ജി സുധാകരന്‍ തന്നെയാണ്. ആ പേരും പറഞ്ഞ് എത്ര ഉപദ്രവിച്ചാലും മൂലയ്ക്ക് ഇരുത്തിയാലും വെട്ടി കൂട്ടിയാലും അതുറക്കെ പറയാന്‍ പേടിയില്ല. സഖാവിനെക്കുറിച്ച് നാട് നീളെ നടന്ന് കുറ്റം പറഞ്ഞ് നേരിട്ട് കാണുമ്പോള്‍ മുട്ടു വിറയ്ക്കുന്നവര്‍ വായിക്കാന്‍’ എന്നാണ് ഷീബാ രാകേഷ് ഫേസ്ബുക്കില്‍ കുറിച്ചത്.
നേരത്തെ സിപിഐഎം അമ്പലപ്പുഴ ഏരിയാസമ്മേളനത്തിലേക്ക് ജി സുധാകരനെ ക്ഷണിച്ചിരുന്നില്ല. ഉദ്ഘാടന സമ്മേളനത്തില്‍ നിന്നും പൊതുസമ്മേളനത്തില്‍ നിന്നും ജി സുധാകരനെ ഒഴിവാക്കുകയായിരുന്നു. സുധാകരന്റെ വീടിനടുത്തായിരുന്നു പൊതുസമ്മേളന വേദി. ഇതിന് പിന്നാലെ ജി സുധാകരനെ ക്ഷണിക്കാത്തതില്‍ വിശദീകരണവുമായി ജില്ലാ സെക്രട്ടറി ആര്‍ നാസര്‍ രംഗത്ത് വരികയായിരുന്നു.
സുധാകരനെ ബുദ്ധിമുട്ടിക്കാതിരിക്കാനാണ് ക്ഷണിക്കാതിരുന്നതെന്നായിരുന്നു ആര്‍ നാസര്‍ വ്യക്തമാക്കിയത്. പാര്‍ട്ടി പരിപാടികളില്‍ അദ്ദേഹം പങ്കെടുക്കാറുണ്ട്. നിലവില്‍ പാര്‍ട്ടി അംഗം മാത്രമാണ് ജി സുധാകരനെന്നും ജില്ലാ സെക്രട്ടറി കൂട്ടിച്ചേര്‍ത്തിരുന്നു. ഇതിന് പിന്നാലെ സുധാകരനെ പാര്‍ട്ടിയിലേക്ക് ക്ഷണിച്ച് ബിജെപിയും കോണ്‍ഗ്രസും രംഗത്തെത്തിയിരുന്നു.
ഇതോടെ അതൃപ്തിയറിയിച്ച് സംസ്ഥാന നേതൃത്വവും രംഗത്തെത്തി. സാധാരണ അംഗം എന്ന പ്രയോഗം പാടില്ലെന്നും അര്‍ഹിക്കുന്ന ആദരവ് നല്‍കണമെന്നും ജില്ലാ സെക്രട്ടറിയ്ക്ക് സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. മുതിര്‍ന്ന നേതാക്കളെ സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ നേരിട്ട് വിളിച്ച് സംസാരിച്ചിരുന്നു. മുതിര്‍ന്ന നേതാക്കളെ പരിഗണിക്കുന്നതില്‍ പുതിയ മാനദണ്ഡം ചര്‍ച്ചയാക്കാനും സംസ്ഥാന നേതൃത്വം തീരുമാനിച്ചിരുന്നു.