മലയാളികളുടെ ജനപ്രിയ നായകനാണ് ദിലീപ്. നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരെ ചിരിപ്പിച്ചും സങ്കടപ്പെടുത്തിയും ദിലീപ് പ്രേക്ഷകരുടെ മനസിലേയ്ക്ക് ചേക്കേറുകയായിരുന്നു. ഇടയ്ക്ക് വെച്ച് വിവാദങ്ങളില്‍പെട്ടു എങ്കിലും താരത്തിന് ഇപ്പോഴും കൈ നിറയെ ആരാധകരാണ്. കാവ്യയെയും ദിലീപിനെയും സംബന്ധിച്ച എന്ത് വാർത്തകളും ആരാധകർക്ക് ആഘോഷമാണ്. മലയാള സിനിമയിലെ മികച്ച താരജോഡികളായിരുന്നു ഇരുവരും.
ദിലീപിന്റെ കരിയറിലെ 147-ാം ചിത്രമായ ബാന്ദ്ര നവംബർ 10ന് തിയേറ്ററുകളിലെത്തും. അരുൺ ഗോപി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തമന്നയാണ് നായിക. ഇപ്പോഴിതാ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദിലീപ് പങ്കുവച്ച രസകരമായ ചില കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
സിനിമയിൽ തമന്നയോടൊപ്പം നൃത്തം ചെയ്യുന്നു എന്ന് കേട്ടപ്പോൾ മകൾ മീനാക്ഷി തന്നെ നിരുത്സാഹപ്പെടുത്തിയെന്ന് പറയുകയാണ് ദിലീപ്.
ദിലീപിന്റെ വാക്കുകൾ:
‘ബാന്ദ്ര എന്ന ഈ സിനിമയുടെ കഥ കേട്ടപ്പോൾ ഞാൻ പറഞ്ഞു, ഇതിലെ നായിക ആയി തമന്ന തന്നെ വേണമെന്ന്. ശരിക്കും പറഞ്ഞാൽ തമന്ന ഇല്ലെങ്കിൽ ഈ സിനിമ ചെയ്യേണ്ട എന്നുള്ള അവസ്ഥയിൽ ആയിരുന്നു. അരുൺ പോയി തമന്നയെ കണ്ട കാര്യം പറഞ്ഞപ്പോൾ അരുൺ നുണ പറയുകയാണെന്നാണ് ഞാൻ കരുതിയത്. എന്നാൽ അവൻ ഉടനെ ഫോട്ടോ അയച്ചു തന്നു. അപ്പോഴും എനിക്ക് വിശ്വസിക്കാൻ തോന്നിയില്ല. തമന്നാജി സിനിമയുടെ പൂജയ്ക്കു വന്നപ്പോഴാണ് ഞാൻ വിശ്വസിച്ചത്. അത് ഡ്രീം കം ട്രൂ എന്നൊരു ഫീൽ ആയിരുന്നു.
കുറെ ലൊക്കേഷനുകളിൽക്കൂടി സഞ്ചരിച്ച് ഈ സിനിമ ഞങ്ങൾ പൂർത്തീകരിച്ചു. ഏറ്റവും ഒടുവിൽ ഞങ്ങൾ ഷൂട്ട് ചെയ്തത് റൗ റൗ റൗ എന്ന പാട്ടാണ്. ആ പാട്ട് ഷൂട്ട് ചെയ്യാൻ പോകുന്ന സമയത്ത് ഞാൻ രാവിലെ എന്റെ മോൾ മീനുക്കുട്ടിയെ വിളിച്ചിട്ട് പറഞ്ഞു, ‘‘മോളെ അച്ഛൻ ഷൂട്ടിങ്ങിനു പോവുകയാണ് ട്ടോ’’ എന്ന്. ഇന്ന് ഏത് രംഗമാണ് എടുക്കുന്നതെന്ന് അവൾ ചോദിച്ചു. ഗാനരംഗമാണെന്നും തമന്നയ്ക്കൊപ്പമുള്ള ഡാൻസ് ഉണ്ടെന്നും പറഞ്ഞപ്പോൾ അവൾ എന്നോടു പറഞ്ഞത് ‘‘അച്ഛൻ ആ പരിസരത്തൊന്നും പോകണ്ട കേട്ടോ. ദൂരെ മാറിയൊക്കെ നിന്ന് ഇങ്ങനെ എത്തിനോക്കുന്നത് വല്ലതും ചെയ്തോ, അല്ലെങ്കിൽ ലിറിക്സ് ഒക്കെ പറഞ്ഞു നടക്കുക. അല്ലാതെ തമന്നാജിയുടെ അടുത്തോന്നും പോകരുത് ട്ടോ, ഡാൻസ് ചെയ്ത് എന്നെ നാണം കെടുത്തല്ലേ. ഞാൻ ഇവിടെ ജീവിച്ചോട്ടെ അച്ഛാ’’ എന്നാണ്.
ഏഴു വർഷത്തിനു ശേഷമാണ് ഒരു സിനിമയിൽ നായികയോടൊപ്പം ഞാൻ ഡാൻസ് ചെയ്യുന്നത്. ആദ്യ ദിവസം മുതൽ വളരെക്കാലമായി പരിചയമുള്ളതുപോലെയുള്ള ബന്ധമായിരുന്നു ഞാനും തമന്നയും തമ്മിൽ. ആ കെമിസ്ട്രി സ്ക്രീനിലും വർക്കൗട്ട് ആയിട്ടുണ്ട്. ഞാൻ ഇതുവരെ ചെയ്തിട്ടുള്ളതിൽ നിന്ന് ഏറെ വ്യത്യസ്തമായ ഒരു കഥാപാത്രത്തെയാണ് അരുൺ ബാന്ദ്രയിൽ സ്കെച് ചെയ്തിരിക്കുന്നത്’, ദിലീപ് പറഞ്ഞു.
എന്നാൽ മീനാക്ഷിയുടെ വാക്ക് കേട്ട് ഞാൻ ആകെ തകർന്നു പോയി . ഉടനെ തമന്നാജിയുടെ അടുത്ത് ചെന്ന് ഇക്കാര്യം പറഞ്ഞു. “അന്തമാതിരി സൊല്ലാതിങ്ക സാർ, എനക്ക് ഡാൻസ് ഒന്നും തെരിയാത്” എന്നായിരുന്നു തമന്നയുടെ മറുപടി. ആ വാക്കുകൾ എനിക്ക് വലിയ ഊർജമാണു തന്നത്. ദൈവമേ ഡാൻസ് പഠിക്കാതെ ഇങ്ങനെ ഡാൻസ് ചെയ്യുന്ന ഒരാള്‍ ഡാൻസ് പഠിച്ചിരുന്നെങ്കിലോ? എന്ന് മാറി നിന്ന് ഞാൻ ആലോചിച്ചു.