കോട്ടയം: കേരളം നിക്ഷേപ സൗഹൃദ സംസ്ഥാനമെന്ന് പിണറായി സര്‍ക്കാര്‍ ആവര്‍ത്തിക്കുമ്പോഴും കോടികള്‍ നിക്ഷേപിച്ചിട്ടും ആത്മഹത്യ ചെയ്യേണ്ടി വന്ന നിക്ഷേപകരുടെ നാടാണ് കേരളമെന്നത് സർക്കാർ മനപ്പൂർവ്വം മറക്കുന്നു. അഴിമതി കാട്ടിയും ജനങ്ങളുടെ നികുതിപ്പണം മുടക്കി ധൂർത്തു കാട്ടിയും മുന്നോട്ടു നീങ്ങുന്ന സർക്കാരിന് ഒരു വലിയ താക്കീതായിരുന്നു ഇന്ന് കോട്ടയത്ത് 25 കോടിയുടെ നിക്ഷേപം ഇറക്കിയ പ്രവാസി നിക്ഷേപകന്റെ പ്രതിഷേധം.
കേരളീയം ഉദ്ഘാടന വേദിയിലും മുഖ്യമന്ത്രി പ്രവാസികളെ കേരളത്തിൽ നിക്ഷേപം ഇറക്കാൻ അടക്കം ക്ഷണിച്ചിരുന്നു. എന്നാൽ കോട്ടയത്ത് 25 കോടിയുടെ നിക്ഷേപം ഇറക്കിയ പ്രവാസി നിക്ഷേപകൻ ഷാജി മോന്‍ പെരുവഴിയിൽക്കിടന്ന് പ്രതിഷേധിക്കേണ്ട അവസ്ഥ വന്നത് വലിയ വിവാദത്തിനാണ് വഴിവച്ചത്.
കൈക്കൂലി ചോദിച്ച ഉദ്യോഗസ്ഥനെ വിജിലൻസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചതിന്റെ പേരിലാണ് ഈ പ്രവാസി വ്യവസായി ഉദ്യോഗസ്ഥരുടെ നോട്ടപ്പുള്ളിയായി ദുരിതം അനുഭവിക്കേണ്ടി വന്നത്. നിസാര കാരണങ്ങൾ പറഞ്ഞ് ജീവനക്കാർ കെട്ടിട നമ്പർ നിഷേധിക്കുന്ന സമീപനമായിരുന്നു മാഞ്ഞൂർ പഞ്ചായത്ത് ഉദ്യോഗസ്ഥർ സ്വീകരിച്ചത്. സ്വന്തം നാട്ടിൽ 25 കോടി രൂപയുടെ നിക്ഷേപം നടത്തിയിട്ടും വഴി മുടക്കി നിൽക്കുന്ന ഉദ്യോഗസ്ഥ നയത്തിനെതിരെയാണ് പഞ്ചായത്തിന് മുന്നിൽ അദ്ദേഹം സമരം ചെയ്തത്. വ്യവസായ മന്ത്രിയുടെ ഓഫീസിനെ പോലും തെറ്റിദ്ധരിപ്പിച്ചാണ് പഞ്ചായത്തിലെ ഉദ്യോഗസ്ഥർ തന്നെ ബുദ്ധിമുട്ടിക്കുന്നതെന്നും ഷാജിമോൻ ചൂണ്ടിക്കാട്ടി.
അതേസമയം മാഞ്ഞൂരിൽ പ്രവാസി സംരംഭകന്റെ വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പർ നൽകാഞ്ഞത് മതിയായ രേഖകൾ ഹാജരാക്കത്തതുകൊണ്ടെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറയുന്നത്. അഞ്ചു രേഖകൾ കൂടി ഹാജരാക്കിയാൽ കെട്ടിട നമ്പർ നൽകാമെന്നും സംരംഭകനായ ഷാജിമോനോട് പഞ്ചായത്തിന് വിദ്വേഷമില്ലെന്നും പ്രസിഡന്റ് കോമളവല്ലി വിശദീകരിച്ചു. ഫയർ, പൊലുഷൻ അടക്കം അഞ്ചു സർട്ടിഫിക്കറ്റുകൾ ഹാജരാക്കിയാൽ അടുത്ത നിമിഷം ഷാജിമോന്റെ വ്യവസായ സ്ഥാപനത്തിന് കെട്ടിട നമ്പർ കൊടുക്കുമെന്നാണ് മാഞ്ഞൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ ഉറപ്പ്.
അതേസമയം തന്റെ ദുരവസ്ഥ വാർത്തയാക്കിയതിന് ശേഷമാണ് ഈ അഞ്ച് കാര്യങ്ങളിലേക്ക് പ്രസിഡന്റ് ചുരുക്കിയതെന്ന് ഷാജിമോന്റെ മറുപടി. ഇപ്പറഞ്ഞ സർട്ടിഫിക്കറ്റുകളെല്ലാം പലപ്പോഴായി എത്തിച്ചിട്ടും അനേകം അനേകം സാങ്കേതികതകൾ നിരത്തി എന്തിന് തനിക്ക് നോട്ടീസ് നൽകിയ എന്ന മറുചോദ്യവും ഷാജി ഉയർത്തുന്നു. ഇനി പഞ്ചായത്തുമായി ചർച്ചയ്ക്കില്ലെന്നും കോടതിയോ മന്ത്രിമാരോ ഇടപെടാതെ പോരാട്ടം അവസാനിപ്പിക്കില്ലെന്നുമായിരുന്നു ഷാജിമോന്റെ പക്ഷം.
ഷാജിമോനെ പൊലീസ് ഉദ്യോഗസ്ഥർ ബലമായി പഞ്ചായത്ത് ഓഫീസിന്റെ പുറത്താക്കി. ഇതേത്തുടർന്ന് പഞ്ചായത്ത് ഓഫീസിൽ മുന്നിലെ റോഡ് ഗതാഗതം തടസ്സപ്പെടുത്തി ഷാജിമോൻ പ്രതിഷേധം നടത്തി. നടുറോഡിൽ പ്രതിഷേധിച്ച ഷാജിമോനെ പൊലീസ് നീക്കം ചെയ്യുകയും ചെയ്തു.
പിന്നീട് മോന്‍സ് ജോസഫ് എം.എല്‍.എയുടെ നേതൃത്വത്തില്‍ നടത്തിയ ചര്‍ച്ചയില്‍ പ്രശ്ന പരിഹാരമായതിനെതുടര്‍ന്നാണ് സമരം അവസാനിപ്പിക്കുകയാണെന്ന് ഷാജി മോന്‍ പ്രഖ്യാപിച്ചത്. ചര്‍ച്ചയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കിയാല്‍ കെട്ടി നമ്പര്‍ അനുവദിക്കുമെന്ന ധാരണയായി. ഇതോടൊപ്പം ഇതിനായി കോട്ടയം പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍, ജില്ല പഞ്ചായത്ത് എക്സിക്യൂട്ടീവ് എന്‍ജീനിയര്‍, കോട്ടയം ജില്ല ടൗണ്‍ പ്ലാനര്‍ എന്നിവരടങ്ങിയ സമിതിയും രൂപവത്കരിച്ചു.
ചര്‍ച്ചയിലെ മിനുട്സിന്‍റെ പകര്‍പ്പും ഷാജി മോന് കൈമാറുമെന്നും ഇക്കാര്യത്തിലെടുത്ത തീരുമാനത്തില്‍ മാറ്റമുണ്ടായാല്‍ സമിതി ഇടപെടുമെന്നും മോന്‍സ് ജോസഫ് എം.എല്‍.എ പറഞ്ഞു. ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാന്‍ ജാഗ്രത ആവശ്യമാണ്. പ്രശ്നങ്ങള്‍ പരിഹരിച്ചുവെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
നിർമ്മാണ അനുമതി നൽകാൻ കൈക്കൂലിയായി 20,000 രൂപയും വിദേശമദ്യവും ആവശ്യപ്പെട്ട മാഞ്ഞൂർ പഞ്ചായത്തിലെ അസിസ്റ്റന്റ് എൻജിനീയറെ ഇക്കഴിഞ്ഞ ജനുവരിയിലാണ് ഷാജിമോൻ വിജിലൻസിനെ കൊണ്ട് അറസ്റ്റ് ചെയ്യിച്ചത്.
മാഞ്ഞൂർ ടൗണിലാണ് 25 കോടിരൂപ മുടക്കി ഷാജിമോൻ സ്‌പോർട്ടിങ് വില്ലേജ് സ്ഥാപിച്ചിട്ടുള്ളത്. രണ്ടു മന്ത്രിമാർ നേരിട്ടും വ്യവസായ മന്ത്രി ഓൺലൈൻ വഴിയും പങ്കെടുത്താണ് 90 പേർക്ക് തൊഴിൽ നൽകുന്ന സംരംഭം ഉദ്ഘാടനം ചെയ്തത്. എന്നാൽ ഇതിനു ശേഷവും നിസാര കാരണങ്ങൾ പറഞ്ഞ് പഞ്ചായത്തിലെ ഉദ്യോഗസ്ഥർ കെട്ടിട നമ്പർ നിഷേധിക്കുകയായിരുന്നു.
ഇത് കോട്ടയം ജില്ലയിലെ ഒറ്റപ്പെട്ട സംഭവമായി കാണാനാവില്ല.വാഴൂർ പഞ്ചായത്ത് ഓഫീസിൽ സമാന അനുഭവങ്ങളൊടെ ഒരു സംരംഭകൻ കഴിഞ്ഞ മൂന്ന് വർഷമായി കയറിയിറങ്ങുകയാണ്. ബേക്കറിയും നാടൻ പലഹാരങ്ങളും മൂല്യവർധിത ഉല്പന്നങ്ങളും സ്വയം നിർമ്മിക്കാനായി പണിത കെട്ടിടത്തിന് നമ്പർ നല്കാതെ പഞ്ചായത്ത് അധികൃതർ വട്ടം ചുറ്റിക്കുന്ന വാർത്തകളാണ് പുറത്ത് വന്നിട്ടുണ്ട്.
മന്ത്രിമാരായ വിഎൻ വാസവും റോഷി അഗസ്റ്റിനും നടത്തിയ അദാലത്തിലും കെട്ടിടത്തിന് നമ്പർ നല്കാൻ നിർദ്ദേശിച്ചുവെങ്കിലും പഞ്ചായത്ത് കടുംപിടുത്തം തുടരുകയാണ്. ഈ സംരംഭകനും വൃദ്ധരായ തന്റെ മാതാപിതാക്കളെ കൂട്ടി പഞ്ചായത്തിന് മുമ്പിൽ സമരം ചെയ്യാനൊരുങ്ങുകയാണെന്നാണ് റിപ്പോർട്ടുകൾ.