മട്ടന്നൂർ: ദേശാഭിമാനി ലേഖകൻ ശരത്ത് പുതുക്കുടിക്ക് പൊലീസ് മർദനമേറ്റതുമായി ബന്ധപ്പെട്ട് മട്ടന്നൂർ സ്റ്റേഷനിലെ അഞ്ച് പൊലീസുകാരെ സ്ഥലംമാറ്റിയതിൽ പൊലീസുകാർക്കിടയിൽ അതൃപ്തിയും പ്രതിഷേധവും. മട്ടന്നൂരിൽനിന്ന് സ്ഥലംമാറ്റം വേണമെന്നാവശ്യപ്പെട്ട് കണ്ണൂർ സിറ്റി പൊലീസ് കമീഷണർക്ക് അപേക്ഷ നൽകി.deshabhimani reporter beaten up by police
നവമാധ്യമങ്ങൾ പൊലീസുകാരെ ഭീഷണിപ്പെടുത്തുകയും അവഹേളിക്കുകയും ചെയ്യുന്നതായും കത്തിൽ പറയുന്നു. മട്ടന്നൂരിൽ ജോലി ചെയ്യാൻ കടുത്ത മാനസിക സമ്മർദവും ഭീഷണിയും നേരിടുന്നുവെന്ന് ഇതിൽ പറയുന്നു. മൂന്ന് സിവിൽ പൊലീസ് ഉദ്യോഗസ്ഥരാണ് സ്ഥലംമാറ്റത്തിന് അപേക്ഷ നൽകിയിട്ടുള്ളതെന്നാണ് വിവരം.
മട്ടന്നൂർ ഗവ.പോളി ടെക്നിക് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട സംഘർഷത്തിനിടെ ദേശാഭിമാനി ലേഖകൻ ശരത്ത് പുതുക്കുടിക്ക് പൊലീസിന്റെ മർദനമേറ്റിരുന്നു. തുടർന്ന് ശരത്ത് മുഖ്യമന്ത്രിക്ക് ഉൾപ്പടെ പരാതി നൽകി. കഴിഞ്ഞ ദിവസമാണ് മട്ടന്നൂരിലെ അഞ്ച് പൊലീസ് ഉദ്യോഗസ്ഥരെ കണ്ണൂർ സിറ്റിയിലേക്ക് സ്ഥലംമാറ്റിയത്.
എന്നാൽ, ഡ്യൂട്ടിയിലുള്ള പൊലീസുകാരെ പിടിച്ചുതള്ളുകയും അസഭ്യം പറയുകയും ചെയ്തവരെ മേലുദ്യോഗസ്ഥന്റെ നിർദേശപ്രകാരം വാഹനത്തിൽ കയറ്റി സ്റ്റേഷനിൽ കൊണ്ടുവരുക മാത്രമാണുണ്ടായതെന്ന് കത്തിൽ പറയുന്നു. ഇക്കാര്യം ദൃശ്യങ്ങളിൽ വ്യക്തമായിട്ടും പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയുണ്ടായി. സ്ഥലംമാറ്റത്തിന് അപേക്ഷ ലഭിച്ചതായി കണ്ണൂർ സിറ്റി പൊലീസ് കമീഷണർ ഓഫിസ് സ്ഥിരീകരിച്ചിട്ടില്ല.
മർദനമേറ്റത് സംബന്ധിച്ച് ദേശാഭിമാനി ലേഖകൻ എഴുതിയ ഫേസ്ബുക് കുറിപ്പ് വൻ ചർച്ചയായിരുന്നു. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന ദേശാഭിമാനി ലേഖകനാണെന്ന് പലതവണ പറഞ്ഞുനോക്കിയിട്ടും തിരിച്ചറിയല്‍ കാര്‍ഡ് നീട്ടിയിട്ടും മർദനം തുടർന്നെന്ന് കുറിപ്പിൽ പറയുന്നു.
കുറിപ്പിന്റെ പൂർണരൂപം:
ഇന്നലെ പോളിടെക്നിക് കോളേജ് തെരഞ്ഞെടുപ്പായിരുന്നു. ദേശാഭിമാനി പത്രത്തിന്റെ ഏരിയാ ലേഖകനെന്ന നിലയില്‍ മട്ടന്നൂര്‍ പോളിടെക്നിക് കോളേജിന് മുന്നില്‍ ആഹ്ലാദപ്രകടനം റിപ്പോര്‍ട്ട് ചെയ്യാനെത്തുന്നത് 3.45ടെയാണ്. 4.45 കഴിഞ്ഞതോടെ എസ്എഫ്ഐ ജയിച്ചതായി ഫലപ്രഖ്യാപനം വരുന്നു.
തുടര്‍ന്ന് വിജയികളെ ആനയിച്ച് എസ്എഫ്ഐയുടെ പ്രകടനം. പ്രകടനത്തിനിടയില്‍ വിദ്യാര്‍ഥി സംഘടനകള്‍ തമ്മില്‍ ചെറിയ തോതില്‍ സംഘര്‍ഷമുടലെടുത്തു. ഇതെല്ലാം ദൂരെനിന്ന് ഞാനും കാണുന്നുണ്ട്. പഴയ എസ്എഫ്ഐ വിപ്ലവം ഉള്ളിലുണ്ടെങ്കിലും മാധ്യമപ്രവര്‍ത്തനകനാണല്ലോ എന്ന ഉറച്ചബോധ്യത്തില്‍ അനങ്ങാതെ നിന്നു.
പൊലീസ് എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്ക് നേരെ ലാത്തീവീശി. പ്രകോപനം സൃഷ്ടിക്കാന്‍ കൂടിനിന്ന പത്തോ പതിനഞ്ചോ കെഎസ്യു-എബിവിപി പ്രവര്‍ത്തകരെ സ്ഥലത്ത് നിന്ന് മാറ്റിയാല്‍ തീര്‍ന്നേക്കാവുന്ന ഒരു പ്രശ്നം പൊലീസ് ലാത്തിച്ചാര്‍ജ് വരെ കൊണ്ടെത്തിച്ചു. എസ്എഫ്ഐ പ്രവര്‍ത്തകരെ തല്ലിച്ചതച്ചു. ശേഷം ഇടിവണ്ടിയില്‍ കയറ്റി ബൂട്ടും ലാത്തിയും ഉപയോഗിച്ച് വീണ്ടും പൊതിരെ തല്ലുന്നു.
ഒരുനിമിഷം പഴയചോറ്റുപട്ടാളത്തെ ഓര്മ വന്നു. പൊലീസ് ഇടിവണ്ടിയുടെ അടുത്തേക്ക് ഞാനും നീങ്ങി. അടച്ചിട്ട ഇടിവണ്ടിയില്‍ എത്തിവലിഞ്ഞ് വിദ്യാര്‍ഥികളെ തല്ലിച്ചതയ്ക്കുന്ന ചിത്രമെടുക്കാന്‍ ശ്രമിച്ചു. തല്ലാന്‍ നേതൃത്വം കൊടുത്ത എഎസ്ഐ ഇടിവണ്ടിയില്‍ നിന്ന് ഇറങ്ങിവന്നു. ഞാനയാളുടെ നെഞ്ചിലെ നെയിംബോര്‍ഡ് നോക്കി. കെ ഷാജി എന്നാണ് പേര്. എന്റെ ഫോണില്‍ ആ പേര് കുറിച്ചുവച്ചു. ഇതയാളും കണ്ടു.
ലാത്തിച്ചാര്‍ജിനിടെ ആരുടെയോ നഖംകൊണ്ട് അയാളുടെ നെറ്റിയില്‍ ചെറുതായി ചോരപൊടിഞ്ഞിട്ടുണ്ട്. കുറച്ചുനിമിഷങ്ങള്‍ക്ക് ശേഷം ഈ ഷാജി എന്ന എഎസ്ഐ കുറച്ച് പൊലീസുകാരെയും കൂട്ടി എന്റെ അടുക്കല്‍ വന്നു. ആരുടെയോ നഖംകൊണ്ട് ചോരപൊടിഞ്ഞ അയാളുടെ നെറ്റി കാട്ടി ഇവനെന്റെ തലയടിച്ച് പൊട്ടിച്ചുവെന്ന് ഒപ്പമുള്ള പൊലീസുകാരോട് പറഞ്ഞു.
അവരെന്റെ നേര്‍ക്ക് പാഞ്ഞടുത്തു. ഞാന്‍ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ വന്ന ദേശാഭിമാനി ലേഖകനാണെന്ന് പലതവണ അവരോട് പറഞ്ഞുനോക്കി. എന്റെ തിരിച്ചറിയല്‍ കാര്‍ഡ് അവര്‍ക്ക് നേരെ നീട്ടി. വീണ്ടും വീണ്ടും പറഞ്ഞുനോക്കി. നീ ദേശാഭിമാനീല് ആയാല്‍ ഞങ്ങക്കെന്താടാ എന്നായീ പിന്നീടുള്ള ചോദ്യം. പരിധിവിട്ടപ്പോള്‍ ഞാനും എന്തൊക്കെയോ തിരിച്ചുപറഞ്ഞു.
കോണ്‍സ്റ്റബിള്‍മാരായ സന്ദീപ്, ജിനീഷ്, അശ്വിന്, വിപിന്‍ എന്നിവരുടെ നേതൃത്വത്തില്‍ പൊലീസ് പൂട്ടിട്ട് ഭീകരവാദിയെ പോലെ എന്നെ നടുറോഡിലൂടെ വലിച്ചിഴച്ച് ഇടിവണ്ടിയിലേക്ക് കൊണ്ടുപോയി. പിന്നീട് അവിടെ നിന്നായി മര്ധനം. കോണ്‍സ്റ്റബില്‍ സന്ദീപ് കേട്ടാലറക്കുന്ന ഭാഷയില്‍ മുഖ്യമന്ത്രിയെയും പാര്‍ടി നേതാക്കളെയും അസഭ്യം പറയുന്നു. ഞാനിതിലും വലിയ കളികളിച്ചിട്ടാണ് ഇവിടെയെത്തിയെതെന്ന് വെല്ലുവിളിക്കുന്നു.
എന്നെ സസ്പെന്‍ഡ് ചെയ്താല്‍ എനിക്ക് പുല്ലാണെന്ന് പറയുന്നു. അന്‍പത്തി രണ്ട് തികഞ്ഞ ഒരു എഎസ്ഐയും ഇടിവണ്ടിയിലുണ്ട്. അങ്ങേരുടെ നെഞ്ചില്‍ നെയിംബോര്‍ഡില്ല. എനിക്കിനി അത്രയേ സെര്‍വീസുള്ളൂ നിങ്ങളേക്കൊണ്ട് ആവുന്നത് ചെയ്യൂ എന്ന് സൗമ്യമായി അയാളും പറയുന്നു.
പൊലീസ് സ്റ്റേഷനിലെത്തുന്നതുവരെ ഇത് നീണ്ടു. സ്റ്റേഷന് മുന്നില്‍ പാര്‍ടി സഖാക്കള്‍ ഇടിവണ്ടിതടഞ്ഞു. ഞങ്ങളെ പുറത്തിറക്കി. മട്ടന്നൂര്‍ ഗവ. ആശുപത്രിയിലെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം കണ്ണൂര്‍ എകെജി സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദനമേറ്റ സിപിഐ എം മട്ടന്നൂര്‍ ലോക്കല്‍ കമ്മിറ്റി ഓഫീസ് സെക്രട്ടറി റെജിലും ഒപ്പമുണ്ട്.
പാര്‍ടിയാണ് ഞങ്ങള്‍ക്കൊപ്പമുള്ളത്.. അതിലോളം പ്രതീക്ഷ മറ്റൊന്നിലുമില്ല.മട്ടന്നൂര്‍ പൊലീസിലെ ചോറ്റുപട്ടാളത്തെ നിയമപരമായി നേരിടും. മുട്ടുമടക്കില്ല